YouVersion
Pictograma căutare

ഉല്പ. 13

13
അബ്രാമും ലോത്തും പിരിയുന്നു
1ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽ നിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു. 2കന്നുകാലിയിലും, വെള്ളിയിലും, പൊന്നിലും അബ്രാം ബഹുസമ്പന്നനായിരുന്നു. 3അവൻ തന്‍റെ യാത്രയിൽ തെക്കുനിന്ന് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദ്യമായി ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. 4അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
5അബ്രാമിനോടുകൂടെവന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും#13:5 കുടുംബാംഗങ്ങള്‍-കൂടാരങ്ങള്‍ ഉണ്ടായിരുന്നു. 6അവർ ഒന്നിച്ചുപാർക്കുവാൻ തക്കവണ്ണം ദേശത്തിന് അവരെ താങ്ങുവാൻ കഴിയുമായിരുന്നില്ല; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചുപാർക്കുവാൻ കഴിഞ്ഞില്ല. 7അബ്രാമിൻ്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്‍റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ ശണ്ഠയുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാർത്തിരുന്നു.
8അതുകൊണ്ട് അബ്രാം ലോത്തിനോട്: “എനിക്കും നിനക്കും എന്‍റെ ഇടയന്മാർക്കും നിന്‍റെ ഇടയന്മാർക്കും തമ്മിൽ ശണ്ഠ ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9ദേശം മുഴുവൻ നിന്‍റെ മുമ്പിൽ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടു പോകുന്നുവെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
10അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും (യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിനു മുമ്പ്) യഹോവയുടെ തോട്ടംപോലെയും സോവർ വരെ മിസ്രയീം ദേശംപോലെയും എല്ലായിടത്തും നീരോട്ടമുള്ളതെന്നു കണ്ടു. 11ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു. 12അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. 13സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
അബ്രാം ഹെബ്രോനിലേക്ക് പോകുന്നു
14ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “ഇപ്പോൾ തല ഉയർത്തി, നീ ആയിരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്‍റെ സന്തതിക്കും എന്നെന്നേക്കുമായി തരും. 16ഞാൻ നിന്‍റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്‍റെ സന്തതിയെയും എണ്ണുവാൻ കഴിയും. 17എഴുന്നേറ്റ്, ദേശത്ത് നെടുകെയും കുറുകെയും നടക്കുക; ഞാൻ അത് നിനക്കു തരും.”
18അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

Evidențiere

Partajează

Copiază

None

Dorești să ai evidențierile salvate pe toate dispozitivele? Înscrie-te sau conectează-te