YouVersion
Pictograma căutare

അപ്പൊ. പ്രവൃത്തികൾ 24

24
1അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൗലൊസിന്റെ നേരേ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു. 2അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചുപറഞ്ഞതെന്തെന്നാൽ:
3രാജശ്രീ ഫേലിക്സേ, നീ മുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്ക് ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു. 4എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്ന് അപേക്ഷിക്കുന്നു. 5ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിനു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു. 6അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു. 7എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടെ വന്ന് അവനെ ഞങ്ങളുടെ കൈയിൽനിന്നു പിടിച്ചു കൊണ്ടുപോയി. 8അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു.] നീ തന്നെ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും. 9അത് അങ്ങനെതന്നെ എന്ന് യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
10സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞത്: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറികകൊണ്ട് എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു. 11ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്ക് അറിയാവുന്നതാകുന്നു. 12ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോ വച്ച് ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നതായി അവർ എന്നെ കണ്ടിട്ടില്ല. 13ഇന്ന് എന്റെ നേരേ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്കു കഴിയുന്നതുമല്ല. 14എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവർ പറയുന്ന മാർഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതൊക്കെയും വിശ്വസിക്കയും ചെയ്യുന്നു. 15നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവച്ചിരിക്കുന്നു. 16അതുകൊണ്ട് എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു. 17പല സംവത്‍സരം കൂടിയിട്ട് ഞാൻ എന്റെ ജാതിക്കാർക്ക് ധർമം കൊണ്ടുവരുവാനും വഴിപാട് കഴിപ്പാനും വന്നു. 18അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽ വച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടുകൂടിയല്ല, കലഹത്തോടുകൂടിയുമല്ല. 19എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്റെ നേരേ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. 20അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ 21അവിടെ വച്ച് എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടെങ്കിൽ ഇവർതന്നെ പറയട്ടെ.
22ഫേലിക്സിന് ഈ മാർഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞ് അവധിവച്ച്, 23ശതാധിപനോട് അവനെ തടവിൽതന്നെ സൂക്ഷിച്ച് ദയ കാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.
24കുറെനാൾ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൗലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവന്റെ പ്രസംഗം കേട്ടു. 25എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തല്ക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. 26പൗലൊസ് തനിക്ക് ദ്രവ്യം തരും എന്ന് ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു. 27രണ്ടാണ്ടു കഴിഞ്ഞിട്ട് ഫേലിക്സിന് പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വച്ച് പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

Evidențiere

Partajează

Copiază

None

Dorești să ai evidențierile salvate pe toate dispozitivele? Înscrie-te sau conectează-te

Videoclipuri pentru അപ്പൊ. പ്രവൃത്തികൾ 24