Logótipo YouVersion
Ícone de pesquisa

ഉൽപ്പത്തി 9

9
നോഹയോടുള്ള ദൈവത്തിന്റെ ഉടമ്പടി
1ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക. 2ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. 3ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.
4“എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്. 5നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.
6“മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ
അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും.
ദൈവം തന്റെ സ്വരൂപത്തിലാണല്ലോ
മനുഷ്യനെ നിർമിച്ചത്.
7നിങ്ങളോ, സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ പെരുകുക; ഭൂമിയിൽ നിറഞ്ഞു വർധിച്ചുവരിക.”
8ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്: 9“ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും 10നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു. 11ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു.”
12ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്, 13ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 14ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ 15നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല. 16മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.
17“എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
നോഹയുടെ പുത്രന്മാർ
18പെട്ടകത്തിൽനിന്നു പുറത്തു വന്നവരായ നോഹയുടെ പുത്രന്മാർ ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു. 19നോഹയ്ക്ക് ഈ മൂന്ന് പുത്രന്മാരാണ് ഉണ്ടായിരുന്നത്; ഇവരിൽനിന്നാണ് ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20കർഷകനായ നോഹ ഒരു മുന്തിരിത്തോപ്പു നട്ടുപിടിപ്പിക്കാൻ തുടങ്ങി. 21നോഹ അതിൽനിന്നുള്ള വീഞ്ഞുകുടിച്ച് ലഹരിക്കടിമപ്പെട്ടു തന്റെ കൂടാരത്തിനുള്ളിൽ, വിവസ്ത്രനായിക്കിടന്നു. 22കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ട് പുറത്തുചെന്ന് രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത് തങ്ങളുടെ തോളിൽ ഇട്ടുകൊണ്ട് പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചു പിടിച്ചിരുന്നതിനാൽ പിതാവിന്റെ നഗ്നത കണ്ടില്ല.
24നോഹ ലഹരി വിട്ട് ഉണർന്നപ്പോൾ തന്റെ ഇളയമകനായ ഹാം തന്നോടു ചെയ്തത് അറിഞ്ഞ്, 25അദ്ദേഹം,
“കനാൻ ശപിക്കപ്പെട്ടവൻ,
അവൻ തന്റെ സഹോദരന്മാർക്ക്
അധമദാസനായിത്തീരും”
എന്നു പറഞ്ഞു.
26“ശേമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
കനാൻ അവന്റെ#9:26 അഥവാ, ശേമിന്റെ അടിമയായിത്തീരട്ടെ,
27ദൈവം യാഫെത്തിന്റെ ദേശം വിശാലമാക്കട്ടെ,
യാഫെത്ത് ശേമിന്റെ കൂടാരങ്ങളിൽ പാർക്കട്ടെ,
കനാൻ അവന്റെ അടിമയായിത്തീരട്ടെ,”
എന്നും പറഞ്ഞു.
28പ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. 29നോഹയുടെ ആയുസ്സ് ആകെ 950 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.

Atualmente selecionado:

ഉൽപ്പത്തി 9: MCV

Destaque

Partilhar

Copiar

None

Quer salvar os seus destaques em todos os seus dispositivos? Faça o seu registo ou inicie sessão