ഉൽപത്തി 13

13
1ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു. 2കന്നുകാലി, വെള്ളി, പൊന്ന് ഈവകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു. 3അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. 4അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. 5അബ്രാമിനോടുകൂടെ വന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. 6അവർ ഒന്നിച്ചു പാർപ്പാൻ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല. 7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു. 8അതുകൊണ്ട് അബ്രാം ലോത്തിനോട്: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. 10അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതിനുമുമ്പേ അതു യഹോവയുടെ തോട്ടംപോലെയും സോവാർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശമൊക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു. 12അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കിനീക്കി അടിച്ചു. 13സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. 14ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: തല പൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. 16ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം. 17നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും. 18അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

Marker

Del

Kopier

None

Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på

Video om ഉൽപത്തി 13