LUKA 15
15
1യേശുവിന്റെ പ്രഭാഷണം കേൾക്കുന്നതിനായി ചുങ്കം പിരിക്കുന്നവരും മതനിഷ്ഠയില്ലാത്തവരും അവിടുത്തെ അടുക്കൽ വന്നുകൊണ്ടിരുന്നു. 2“ഈ മനുഷ്യൻ മതനിഷ്ഠയില്ലാത്തവരെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് പരീശന്മാരും മതപണ്ഡിതന്മാരും പിറുപിറുത്തു.
കാണാതെപോയ ആട്
(മത്താ. 18:12-14)
3അപ്പോൾ യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും നൂറ് ആടുണ്ട് എന്നു വിചാരിക്കുക. 4അവയിൽ ഒന്നിനെ കാണാതെ പോയാൽ തൊണ്ണൂറ്റി ഒൻപതിനെയും വിജനസ്ഥലത്തു വിട്ടിട്ടു കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിക്കാതിരിക്കുമോ? 5കണ്ടെത്തുമ്പോൾ ആഹ്ലാദപൂർവം അതിനെ തോളിലേറ്റിക്കൊണ്ടു വീട്ടിലേക്കു മടങ്ങും. 6പിന്നീട് അയൽക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ‘കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയുകയില്ലേ? 7അപ്രകാരം തന്നെ തങ്ങൾക്ക് അനുതാപം ആവശ്യമില്ലെന്നു കരുതുന്ന മതനിഷ്ഠയുള്ള തൊണ്ണൂറ്റി ഒൻപതു പേരെക്കാൾ അനുതപിക്കുന്ന ഒരു അധർമിയെക്കുറിച്ചു സ്വർഗത്തിൽ അധികം ആനന്ദമുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.
കാണാതെ പോയ നാണയം
8“അല്ലെങ്കിൽ, ഒരു സ്‍ത്രീയുടെ കൈവശമുണ്ടായിരുന്ന പത്തു വെള്ളിനാണയത്തിൽ ഒന്ന് കൈമോശം വന്നാൽ, അവൾ വിളക്കു കത്തിച്ചു വീടു മുഴുവൻ അടിച്ചുവാരി അതു കിട്ടുന്നതുവരെ ശ്രദ്ധാപൂർവം തിരയാതിരിക്കുമോ? 9കണ്ടുകിട്ടിയാൽ അവൾ തന്റെ കൂട്ടുകാരികളെയും അയൽക്കാരെയും വിളിച്ചുകൂട്ടി, ‘കാണാതെപോയ എന്റെ വെള്ളിനാണയം കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയും. 10അങ്ങനെതന്നെ അനുതപിക്കുന്ന ഒരു അധർമിയെക്കുറിച്ചു ദൈവദൂതന്മാരുടെ ഇടയിൽ ആനന്ദമുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”
ധൂർത്തപുത്രൻ
11യേശു വീണ്ടും അരുൾചെയ്തു: “ഒരാൾക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. 12ഇളയമകൻ പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്റെ സ്വത്ത് അവർക്കു രണ്ടുപേർക്കുമായി ഭാഗിച്ചുകൊടുത്തു. 13ഇളയമകൻ ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവൻ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി. 14അവിടെ അവൻ പണം ധൂർത്തടിച്ചു ജീവിച്ചു; അങ്ങനെ സർവസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീർന്നപ്പോൾ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവൻ വലഞ്ഞുതുടങ്ങി. 15എന്തെങ്കിലും പണി കിട്ടുന്നതിന് അവൻ ആ നാട്ടിലെ പൗരന്മാരിൽ ഒരാളുടെ അടുക്കൽ ചെന്നു. അയാൾ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു. 16പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവൻ ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല. 17എന്നാൽ അവനു സുബുദ്ധിയുണ്ടായപ്പോൾ സ്വയം പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിലെ വേലക്കാർ എത്ര സുഭിക്ഷമായി കഴിയുന്നു! 18ഞാൻ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാൻ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേൽ അവിടുത്തെ പുത്രനെന്നു ഗണിക്കുവാൻ ഞാൻ യോഗ്യനല്ല; 19അങ്ങയുടെ കൂലിക്കാരിൽ ഒരുവനായി മാത്രം എന്നെ കരുതിയാൽ മതി’ എന്ന് എന്റെ പിതാവിനോടു പറയും.” 20പിന്നീട് അവൻ പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോയി.
“ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു. 21അവൻ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാൻ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലിൽ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല! 22എന്നാൽ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങൾ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയിൽ മോതിരവും കാലിൽ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക. 23നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ വീണ്ടും ജീവിച്ചിരിക്കുന്നു; 24അവൻ നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോൾ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവർ ആഹ്ലാദിക്കുവാൻ തുടങ്ങി.
25“വയലിൽ പോയിരുന്ന മൂത്തപുത്രൻ വീടിനടുത്തെത്തിയപ്പോൾ സംഗീതവും നൃത്തഘോഷങ്ങളും കേട്ടു; 26ഒരു ഭൃത്യനെ വിളിച്ചു വിവരം അന്വേഷിച്ചു. 27ഭൃത്യൻ പറഞ്ഞു: ‘അങ്ങയുടെ സഹോദരൻ വന്നിരിക്കുന്നു. അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചുകിട്ടിയതിനാൽ പിതാവു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’
28“ഇതുകേട്ട് അയാൾ അത്യന്തം കുപിതനായി, വീട്ടിൽ കയറാൻ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അയാളോട് അകത്തേക്കു ചെല്ലുവാൻ അനുനയപൂർവം പറഞ്ഞു. 29അയാൾ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘എത്രയോ കാലമായി ഞാൻ അങ്ങയെ സേവിക്കുന്നു! അവിടുത്തെ ആജ്ഞകൾ ഒരിക്കൽപോലും ഞാൻ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്റെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതിന് അങ്ങ് എനിക്ക് ഒരാട്ടിൻകുട്ടിയെപ്പോലും ഒരിക്കലും തന്നിട്ടില്ലല്ലോ. 30എന്നാൽ വേശ്യകളോടുകൂടി കഴിഞ്ഞ്, അങ്ങയുടെ മുതലെല്ലാം മുടിച്ച ഈ മകൻ വന്നപ്പോൾ അവനുവേണ്ടി അങ്ങു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യ ഒരുക്കിയിരിക്കുന്നു!” 31പിതാവ് അയാളോടു പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്റെകൂടെത്തന്നെയാണ്. എനിക്കുള്ളതെല്ലാം നിൻറേതാണല്ലോ. 32നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവൻ വീണ്ടും ജീവിച്ചിരിക്കുന്നു. അവൻ നഷ്ടപ്പെട്ടുപോയിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് നാം ആഹ്ലാദിച്ചുല്ലസിക്കുന്നത് ഉചിതമല്ലേ?”
Селектирано:
LUKA 15: malclBSI
Нагласи
Сподели
Копирај
Дали сакаш да ги зачуваш Нагласувањата на сите твои уреди? Пријави се или најави се
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.