Лого на YouVersion
Икона за пребарување

LUKA 14

14
മഹോദരരോഗിയെ സുഖപ്പെടുത്തുന്നു
1ഒരു ശബത്തുനാളിൽ യേശു ഒരു പരീശപ്രമാണിയുടെ വീട്ടിൽ ഭക്ഷണം കഴിക്കുവാൻ പോയി. അവിടുന്ന് എന്താണു ചെയ്യാൻ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവർ നോക്കിക്കൊണ്ടിരുന്നു. 2അവിടുത്തെ മുമ്പിൽ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. 3അവിടെ കൂടിയിരുന്ന നിയമപണ്ഡിതന്മാരോടും പരീശന്മാരോടും യേശു ചോദിച്ചു: “ശബത്തിൽ ഒരുവനെ സുഖപ്പെടുത്തുന്നതു ധർമശാസ്ത്രപ്രകാരം ശരിയാണോ?”
4എന്നാൽ അവർ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു. 5അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തിൽ നിങ്ങളുടെ ആരുടെയെങ്കിലും #14:5 ചില പുരാതന കൈയെഴുത്തു പ്രതികളിൽ ‘ഒരു മകനോ’ എന്നതിനുപകരം ‘കഴുതയോ’ എന്നാണ്.ഒരു മകനോ, കാളയോ കിണറ്റിൽ വീണാൽ ഉടൻതന്നെ കരയ്‍ക്കു കയറ്റാതിരിക്കുമോ?” 6അതിനുത്തരം നല്‌കാൻ അവർക്കു കഴിഞ്ഞില്ല.
തന്നെത്താൻ ഉയർത്തുന്നവൻ
7വിരുന്നിനു ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു: 8“ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാൽ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാൾ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. 9ആതിഥേയൻ വന്ന് ‘ഇദ്ദേഹത്തിന് ഇടം ഒഴിഞ്ഞുകൊടുക്കുക’ എന്നു നിങ്ങളോടു പറഞ്ഞാൽ ലജ്ജിതനായി എഴുന്നേറ്റ് ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ പോയി ഇരിക്കേണ്ടിവരും. 10എന്നാൽ നിങ്ങൾ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയൻ വന്ന് ‘സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ’ എന്നു പറയുവാൻ ഇടയാകട്ടെ. അപ്പോൾ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പിൽ നിങ്ങൾ ബഹുമാനിതനാകും. 11തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”
12പിന്നീടു തന്നെ ക്ഷണിച്ച പരീശപ്രമാണിയോടു യേശു പറഞ്ഞു: “താങ്കൾ വിരുന്നു നടത്തുമ്പോൾ സുഹൃത്തുക്കളെയോ, സഹോദരരെയോ, ചാർച്ചക്കാരെയോ, സമ്പന്നന്മാരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. അവർ താങ്കളെയും തിരിച്ചു ക്ഷണിക്കുകയും അങ്ങനെ പ്രത്യുപകാരം ലഭിക്കുകയും ചെയ്യും. 13എന്നാൽ താങ്കൾ വിരുന്നു കൊടുക്കുമ്പോൾ ദരിദ്രർ, അംഗഹീനർ, മുടന്തർ, അന്ധന്മാർ മുതലായവരെ ക്ഷണിക്കുക. അപ്പോൾ താങ്കൾ ധന്യനാകും. 14അവർക്കു പ്രത്യുപകാരം ചെയ്യാൻ കഴിവില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനദിവസം താങ്കൾക്കു പ്രതിഫലം ലഭിക്കും.”
വിരുന്നിനു ക്ഷണിക്കപ്പെട്ടവർ
(മത്താ. 22:1-10)
15യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നിൽ സംബന്ധിക്കുന്നവൻ ധന്യനാകുന്നു.” 16അപ്പോൾ യേശു പറഞ്ഞു: “ഒരാൾ ഒരു വലിയ വിരുന്നൊരുക്കി; അനേകം അതിഥികളെ ക്ഷണിക്കുകയും ചെയ്തു. 17വിരുന്നിന്റെ സമയമായപ്പോൾ ക്ഷണിക്കപ്പെട്ടവരോട്: വരിക, എല്ലാം തയ്യാറായിരിക്കുന്നു എന്നു പറയുന്നതിന് അയാൾ തന്റെ ഭൃത്യനെ അയച്ചു. 18എന്നാൽ അവർ എല്ലാവരും ഓരോ ഒഴികഴിവു പറഞ്ഞുതുടങ്ങി. ഒന്നാമത്തെയാൾ ‘ഞാനൊരു നിലം വാങ്ങിയിട്ടുണ്ട്, എനിക്കുപോയി അതൊന്നു നോക്കേണ്ടിയിരിക്കുന്നു; എന്നോട് സദയം ക്ഷമിക്കുക’ എന്നു പറഞ്ഞു. 19മറ്റൊരാൾ പറഞ്ഞത്, ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങിയിട്ടുണ്ട്, എനിക്കു പോയി അവയെ ഒന്നു തെളിച്ചു നോക്കണം; സദയം എന്നെ ഒഴിവാക്കുക’ എന്നായിരുന്നു. 20വേറൊരാൾ പറഞ്ഞു: ‘എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാൻ നിവൃത്തിയില്ല.’
21“ആ ഭൃത്യൻ വന്ന് അവർ പറഞ്ഞ ഒഴികഴിവുകൾ യജമാനനെ അറിയിച്ചു. അതുകേട്ട് കുപിതനായിത്തീർന്ന ഗൃഹനാഥൻ വീണ്ടും ഭൃത്യനോട് ആജ്ഞാപിച്ചു: ‘നീ വേഗം പോയി നഗരത്തിലെ തെരുവീഥികളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധന്മാരെയുമെല്ലാം വിളിച്ച് അകത്തു കൊണ്ടുവരിക.”
22“പിന്നെയും ഭൃത്യൻ വന്ന്, ‘പ്രഭോ, അങ്ങു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ ഇനിയും സ്ഥലമുണ്ട്’ എന്നു പറഞ്ഞു. 23‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂർവം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്റെ വീടു നിറയ്‍ക്കുക. 24ആദ്യം ക്ഷണിക്കപ്പെട്ടവരിൽ ആരും എന്റെ വിരുന്നിന്റെ സ്വാദ് അറിയുകയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു യജമാനൻ പറഞ്ഞു.”
ശിഷ്യനായിരിക്കുന്നതിനു കൊടുക്കേണ്ട വില
(മത്താ. 10:37-38)
25ഒരു വലിയ ജനസഞ്ചയം യേശുവിന്റെ കൂടെ സഞ്ചരിച്ചിരുന്നു. 26അവിടുന്ന് അവരുടെ നേരെ തിരിഞ്ഞ് അരുൾചെയ്തു: “എന്നെ അനുഗമിക്കുന്ന ഒരാൾ തന്റെ മാതാവിനെയോ, പിതാവിനെയോ, ഭാര്യയെയോ, മക്കളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, എന്നല്ല സ്വന്തം ജീവനെപ്പോലുമോ എന്നെക്കാൾ അധികമായി സ്നേഹിക്കുന്നുവെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല. 27തന്റെ കുരിശു ചുമന്നുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല. 28നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യംതന്നെ ഇരുന്ന് അതു പൂർത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ? 29അങ്ങനെ ചെയ്യാതെ അടിസ്ഥാനമിട്ടശേഷം പൂർത്തിയാക്കുവാൻ കഴിയാതെ വരുമ്പോൾ 30‘ഈ മനുഷ്യൻ പണിയാനാരംഭിച്ചു; അതു പൂർത്തിയാക്കുവാൻ കഴിവില്ല’ എന്നു പറഞ്ഞ് കാണുന്നവരെല്ലാം അയാളെ പരിഹസിക്കും.
31“അല്ലെങ്കിൽ ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് തന്റെ പതിനായിരം ഭടന്മാരെക്കൊണ്ട് ഇരുപതിനായിരം ഭടന്മാരോടുകൂടി വരുന്ന ശത്രുവിനെ നേരിടാൻ കഴിയുമോ എന്നു നല്ലവണ്ണം ആലോചിക്കാതിരിക്കുമോ? 32അത് അസാധ്യമാണെങ്കിൽ ശത്രു അകലെ ആയിരിക്കുമ്പോൾത്തന്നെ, ആ രാജാവു തന്റെ പ്രതിനിധിയെ അയച്ച് സമാധാനവ്യവസ്ഥയുണ്ടാക്കുവാൻ അഭ്യർഥിക്കും.
33“അതുപോലെ തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല.”
സ്വാദില്ലാത്ത ഉപ്പ്
(മത്താ. 5:13; മർക്കോ. 9:49-50)
34“ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്റെ രസം നഷ്ടപ്പെട്ടുപോയാൽ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും. 35അതു ഭൂമിക്കോ, വളത്തിനോ കൊള്ളുകയില്ല; പുറത്തുകളയുകയേ നിവൃത്തിയുള്ളൂ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”

Селектирано:

LUKA 14: malclBSI

Нагласи

Сподели

Копирај

None

Дали сакаш да ги зачуваш Нагласувањата на сите твои уреди? Пријави се или најави се