GENESIS 13
13
അബ്രാമും ലോത്തും
1അബ്രാം ഭാര്യയോടും ലോത്തിനോടും ഒത്തു തനിക്കുള്ള സർവസ്വവുമായി ഈജിപ്തിൽനിന്നു നെഗെബിലേക്കു മടങ്ങിപ്പോയി. 2ആടുമാടുകൾ, വെള്ളി, സ്വർണം ഇവകൊണ്ട് അബ്രാം വളരെ സമ്പന്നനായിരുന്നു. 3അദ്ദേഹം നെഗെബിൽനിന്നു പുറപ്പെട്ട് ബേഥേലിൽ എത്തി. ബേഥേലിനും ഹായിക്കുമിടയ്‍ക്കു മുമ്പു കൂടാരമടിക്കുകയും ആദ്യമായി ഒരു യാഗപീഠം ഉണ്ടാക്കുകയും ചെയ്തിരുന്ന സ്ഥലംവരെ യാത്ര ചെയ്തു. 4അവിടെ അദ്ദേഹം സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. 5അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു. 6എന്നാൽ ഇരുകൂട്ടർക്കും ഒരുമിച്ചു കഴിയാൻ വേണ്ടത്ര മേച്ചിൽപ്പുറം അവിടെ ഇല്ലായിരുന്നു. അത്രവളരെ ആടുമാടുകളും മറ്റു സമ്പത്തും അവർക്കുണ്ടായിരുന്നു. 7അബ്രാമിന്റെയും ലോത്തിന്റെയും ഇടയന്മാർ തമ്മിൽ കലഹിക്കുക പതിവായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു പാർത്തിരുന്നു. 8അബ്രാം ലോത്തിനോടു പറഞ്ഞു: “നാം തമ്മിലോ നമ്മുടെ ഇടയന്മാർ തമ്മിലോ കലഹം ഉണ്ടായിക്കൂടാ. 9ഈ ദേശം മുഴുവൻ നിന്റെ മുമ്പിലില്ലേ? നമുക്കു തമ്മിൽ വേർപിരിയാം. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട്; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്‍ക്കൊള്ളാം.” 10യോർദ്ദാൻതാഴ്‌വര മുഴുവൻ നല്ല നീരോട്ടമുള്ള പ്രദേശമെന്നു ലോത്ത് നോക്കിക്കണ്ടു. സോർപ്രദേശം വരെയുള്ള സ്ഥലം സർവേശ്വരന്റെ തോട്ടംപോലെയും ഈജിപ്തിലെ ഭൂമിപോലെയും ജലപുഷ്‍ടി ഉള്ളതായിരുന്നു. സൊദോമും ഗൊമോറായും സർവേശ്വരൻ നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥ ഇതായിരുന്നു. 11ലോത്ത് യോർദ്ദാൻതാഴ്‌വര മുഴുവൻ തനിക്കുവേണ്ടി തിരഞ്ഞെടുത്തു കിഴക്കോട്ടു യാത്രതിരിച്ചു. അങ്ങനെ അവർ തമ്മിൽ പിരിഞ്ഞു. 12അബ്രാം കനാനിൽത്തന്നെ താമസിച്ചപ്പോൾ ലോത്ത് താഴ്‌വരയിലുള്ള പട്ടണങ്ങളിൽ വസിച്ചു; സൊദോംവരെ കൂടാരം മാറ്റി അടിച്ചു. 13സൊദോംനിവാസികൾ ദുഷ്ടന്മാരും സർവേശ്വരന്റെ മുമ്പിൽ മഹാപാപികളും ആയിരുന്നു.
അബ്രാം ഹെബ്രോനിലേക്കു താമസം മാറ്റുന്നു
14ലോത്ത് പിരിഞ്ഞുപോയതിനുശേഷം സർവേശ്വരൻ അബ്രാമിനോട് അരുളിച്ചെയ്തു: “നീ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങൾ നോക്കിക്കാണുക. 15നീ കാണുന്ന ഭൂമിയെല്ലാം നിനക്കും നിന്റെ സന്തതികൾക്കും എന്നേക്കുമായി ഞാൻ നല്‌കും. 16ഭൂമിയിലെ മൺതരിപോലെ നിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും. മൺതരി എണ്ണിത്തീർക്കാൻ കഴിയുമെങ്കിൽ മാത്രമേ അവരെയും എണ്ണിത്തീർക്കാൻ കഴിയൂ. 17എഴുന്നേറ്റ് ആ ദേശമെല്ലാം നടന്നു കാണുക. അതെല്ലാം ഞാൻ നിനക്കു തരും.” 18അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോനിലുള്ള മമ്രെയുടെ കരിവേലകത്തോപ്പിനടുത്തു ചെന്നു പാർത്തു. അവിടെ അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു.
Šiuo metu pasirinkta:
GENESIS 13: malclBSI
Paryškinti
Dalintis
Kopijuoti
Norite, kad paryškinimai būtų įrašyti visuose jūsų įrenginiuose? Prisijunkite arba registruokitės
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.