GENESIS 9

9
നോഹയുമായുള്ള ഉടമ്പടി
1ദൈവം നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ. 2ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ സകല പറവകളും ഇഴഞ്ഞുനടക്കുന്ന സർവജീവികളും സമുദ്രത്തിലെ സകല മത്സ്യങ്ങളും നിങ്ങളെ ഭയപ്പെടും. അവയെ എല്ലാം ഞാൻ നിങ്ങളെ ഏല്പിച്ചിരിക്കുന്നു. 3ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവികളും നിങ്ങൾക്കു ഭക്ഷണമായിരിക്കും. പച്ചസസ്യങ്ങൾ ആഹാരമായി നല്‌കിയതുപോലെ സകലതും നിങ്ങൾക്കു നല്‌കുന്നു. 4എന്നാൽ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്; ജീവൻ രക്തത്തിലാണല്ലോ. 5മനുഷ്യജീവൻ അപഹരിക്കുന്നവനു ഞാൻ മരണശിക്ഷ വിധിക്കുന്നു; മനുഷ്യനെ കൊല്ലുന്ന മൃഗവും മരിക്കണം. 6മനുഷ്യൻ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തവും മനുഷ്യനാൽതന്നെ ചൊരിയപ്പെടണം. 7നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി ഭൂമിയിൽ നിറയുവിൻ.”
8ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തു: 9-10“നിങ്ങളോടും നിങ്ങളുടെ പിൻതലമുറകളോടും, പെട്ടകത്തിൽനിന്ന് ഇറങ്ങിവന്ന പക്ഷികൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ എന്നിവയടക്കം സർവജീവജാലങ്ങളോടുമായി ഞാൻ ഇതാ, ഒരു ഉടമ്പടി സ്ഥാപിക്കുന്നു. 11ജലപ്രളയത്താൽ ഇനിമേൽ ജീവികളെയെല്ലാം നശിപ്പിക്കുകയില്ല; ഭൂമിയെ സമൂലം നശിപ്പിക്കത്തക്കവിധം ഇനി ഒരു ജലപ്രളയം ഉണ്ടാകയുമില്ല എന്ന ഈ ഉടമ്പടി നിങ്ങളുമായി സ്ഥാപിച്ചിരിക്കുന്നു. 12ഞാനും നിങ്ങളും നിങ്ങളുടെകൂടെയുള്ള സകല ജീവജാലങ്ങളും തമ്മിലും ഭാവിതലമുറകൾക്കുവേണ്ടി എന്നേക്കുമായി ഏർപ്പെടുത്തുന്ന ഉടമ്പടിയുടെ അടയാളം ഇതാകുന്നു. 13ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്‍ക്കുന്നു. ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം അതായിരിക്കും. 14ഞാൻ ഭൂമിക്കു മീതെ കാർമേഘങ്ങൾ വരുത്തുകയും അവയിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ, 15ഞാൻ നിങ്ങളോടും സകല ജീവജാലങ്ങളോടുമായി ചെയ്തിട്ടുള്ള ഉടമ്പടി ഓർക്കും; ജീവജന്തുക്കളെല്ലാം നശിക്കത്തക്കവിധത്തിൽ ഒരു ജലപ്രളയം ഇനി ഉണ്ടാവുകയില്ല. 16വില്ല് മേഘങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഞാൻ അതു കാണുകയും ഞാനും ഭൂമിയിലുള്ള സകല ജീവജാലങ്ങളും തമ്മിൽ എന്നേക്കുമായി ഏർപ്പെടുത്തിയിട്ടുള്ള ഉടമ്പടി ഓർക്കുകയും ചെയ്യും.” 17ദൈവം നോഹയോട് അരുളിച്ചെയ്തു: “ഭൂമിയിലുള്ള സകല ജീവജാലങ്ങളുമായി ഞാൻ സ്ഥാപിച്ചിട്ടുള്ള ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.”
നോഹയും പുത്രന്മാരും
18ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു പെട്ടകത്തിൽനിന്നു പുറത്തുവന്ന നോഹയുടെ മൂന്നു പുത്രന്മാർ. കനാന്റെ പിതാവായിരുന്നു ഹാം. 19ഭൂമിയിലുള്ള എല്ലാ ജനതകളും ഇവരുടെ സന്താനപരമ്പരകളാണ്. 20കർഷകനായിരുന്ന നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21നോഹ വീഞ്ഞു കുടിച്ച് മത്തനായി കൂടാരത്തിൽ നഗ്നനായി കിടന്നു. 22കനാന്റെ പിതാവായ ഹാം തന്റെ പിതാവ് നഗ്നനായി കിടക്കുന്നതു കണ്ട് പുറത്തുവന്നു സഹോദരന്മാരെ വിവരം അറിയിച്ചു. 23ശേമും യാഫെത്തുംകൂടി ഒരു വസ്ത്രമെടുത്തു തോളിൽ ഇട്ടുകൊണ്ട് പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അങ്ങനെ മുഖംതിരിച്ച് നടന്നതിനാൽ അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24നോഹ ലഹരിവിട്ടുണർന്നപ്പോൾ ഇളയപുത്രനായ ഹാം ചെയ്തത് എന്തെന്നറിഞ്ഞു. 25നോഹ പറഞ്ഞു: “കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു ദാസന്മാരിൽ ദാസനായിരിക്കും.” 26നോഹ തുടർന്നു: “ശേമിന്റെ ദൈവമായ സർവേശ്വരൻ സ്തുതിക്കപ്പെടട്ടെ. കനാൻ ശേമിന് ദാസനായിരിക്കട്ടെ. 27ദൈവം യാഫെത്തിന് അഭിവൃദ്ധി വരുത്തട്ടെ. അവൻ ശേമിന്റെ കൂടാരങ്ങളിൽ പാർക്കും. കനാൻ അവനും ദാസനായിരിക്കും.”
28ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റി അമ്പതുവർഷം ജീവിച്ചു. 29നോഹയുടെ ആയുഷ്കാലം തൊള്ളായിരത്തിഅമ്പതു വർഷമായിരുന്നു. അതിനുശേഷം അദ്ദേഹം മരിച്ചു.

선택된 구절:

GENESIS 9: malclBSI

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요