ഉൽപ്പത്തി 3

3
മനുഷ്യന്റെ പതനം
1യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.
2“തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.
4“നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! 5അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും,#3:5 അഥവാ, സ്വർഗീയജീവികളെപ്പോലെ ആകും. എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.
6ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു. 7ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി.
8ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ, യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു; യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു. 9അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, “നീ എവിടെ?”
10അതിന് ആദാം, “തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു; ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു, ഒളിച്ചു” എന്ന് ഉത്തരം പറഞ്ഞു.
11അപ്പോൾ ദൈവം, “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ?” എന്നു ചോദിച്ചു.
12ഉത്തരമായി ആദാം, “എന്നോടുകൂടെ ഇരിക്കേണ്ടതിന് അങ്ങു നൽകിയ സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്ന് ഉത്തരം പറഞ്ഞു.
13അതിനു യഹോവയായ ദൈവം സ്ത്രീയോട്, “നീ ഈ ചെയ്തത് എന്ത്?” എന്നു ചോദിച്ചു.
“പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുകയും ചെയ്തു,” സ്ത്രീ പറഞ്ഞു.
14അപ്പോൾ യഹോവയായ ദൈവം പാമ്പിനോട്: “ഇതു ചെയ്തതുകൊണ്ടു,
“സകലകന്നുകാലികളെക്കാളും
വന്യമൃഗങ്ങളെക്കാളും നീ ശപിക്കപ്പെട്ടിരിക്കുന്നു.
നീ ഉരസ്സുകൊണ്ടു ഗമിക്കുകയും
നിന്റെ ആയുഷ്കാലമൊക്കെയും
പൊടിതിന്നുകയും ചെയ്യും” എന്നും
15“ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും
നിന്റെ സന്തതിക്കും#3:15 അഥവാ, വിത്ത് അവളുടെ സന്തതിക്കും തമ്മിലും
ശത്രുത ഉണ്ടാക്കും;
അവൻ നിന്റെ തല തകർക്കും;
നീ അവന്റെ കുതികാൽ തകർക്കും” എന്നും കൽപ്പിച്ചു.
16ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്:
“ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും;
അതിവേദനയോടെ നീ മക്കളെ പ്രസവിക്കും.
നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും,
അവൻ നിന്നെ ഭരിക്കും.”
17യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്,
“നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു;
നിന്റെ ആയുഷ്കാലം മുഴുവൻ
കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.
18ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും,
നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും.
19മണ്ണിൽനിന്ന് നിന്നെ എടുത്തു;
മണ്ണിലേക്കു മടങ്ങുംവരെ
നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട്
നീ ആഹാരം കഴിക്കും;
നീ പൊടിയാകുന്നു,
പൊടിയിലേക്കു നീ തിരികെച്ചേരും.”
20ആദാം#3:20 മനുഷ്യൻ എന്നർഥം. തന്റെ ഭാര്യയ്ക്കു ഹവ്വാ#3:20 ജീവനുള്ളത് എന്നർഥം. എന്നു പേരിട്ടു; കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാണല്ലോ.
21യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിച്ചു. 22അതിനുശേഷം യഹോവയായ ദൈവം അരുളിച്ചെയ്തു: “ഇതാ മനുഷ്യൻ നന്മതിന്മകൾ അറിയുന്നവനായി, നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്ന് എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൂടാ.” 23മനുഷ്യനെ എടുത്തിരുന്ന മണ്ണിൽ അധ്വാനിക്കേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. 24മനുഷ്യനെ പുറത്താക്കിയശേഷം ദൈവം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക്#3:24 അഥവാ, മുൻവശത്ത് കെരൂബുകളെ#3:24 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in