LUKA 5

5
ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു
(മത്താ. 4:18-22; മർക്കോ. 1:16-20)
1ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്റെ തീരത്തു നില്‌ക്കുകയായിരുന്നു. ജനം ദൈവവചനം കേൾക്കുവാൻ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി. 2അപ്പോൾ രണ്ടു വഞ്ചി കരയ്‍ക്കടുത്തുകിടക്കുന്നത് യേശു കണ്ടു. മീൻപിടിത്തക്കാർ ആ വഞ്ചികളിൽ നിന്നിറങ്ങി വല കഴുകുകയായിരുന്നു. 3ഒരു വഞ്ചി ശിമോൻറേതായിരുന്നു. യേശു അതിൽ കയറിയശേഷം കരയ്‍ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാൻ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു.
4അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാൻ യേശു ശിമോനോടു പറഞ്ഞു.
5“ഗുരോ, രാത്രി മുഴുവൻ ഞങ്ങൾ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാൻ വലയിറക്കാം” എന്നു ശിമോൻ പറഞ്ഞു. 6അവർ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീൻകൂട്ടം അതിലകപ്പെട്ടു. 7അവർ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവർ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീൻ നിറച്ചു. 8ശിമോൻ പത്രോസ് ഇതു കണ്ട് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണ്: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു.
9-10അന്നത്തെ മീൻപിടിത്തത്തിൽ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.
11അവർ വഞ്ചികൾ കരയ്‍ക്കടുപ്പിച്ചശേഷം സർവസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു.
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 8:1-4; മർക്കോ. 1:40-45)
12ഒരു ദിവസം യേശു ഒരു പട്ടണത്തിൽ ചെന്നപ്പോൾ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാൾ അവിടുത്തെ അടുക്കൽ വന്നു. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ കഴിയും” എന്നു പറഞ്ഞു.
13അപ്പോൾ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ടു പറഞ്ഞു: “എനിക്കു മനസ്സുണ്ട്, നീ സുഖം പ്രാപിക്കുക.” തൽക്ഷണം കുഷ്ഠരോഗം ആ മനുഷ്യനെ വിട്ടുമാറി. 14“ഇക്കാര്യം ആരോടും പറയരുത്; എന്നാൽ പുരോഹിതന്റെ അടുക്കൽ ചെന്നു നിന്നെത്തന്നെ കാണിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനായി മോശ കല്പിച്ചിട്ടുള്ളപ്രകാരം ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്കുക” എന്ന് അവിടുന്ന് നിഷ്കർഷിച്ചു.
15എങ്കിലും യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത നാട്ടിലെങ്ങും പരന്നു. അവിടുത്തെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനും വലിയ ജനസഞ്ചയങ്ങൾ വന്നുകൊണ്ടിരുന്നു. 16അവിടുന്നാകട്ടെ പ്രാർഥിക്കുവാൻ വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു.
പക്ഷവാതരോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 9:1-8; മർക്കോ. 2:1-12)
17ഒരിക്കൽ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളിൽനിന്നും യെരൂശലേമിൽനിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങൾ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു. 18ചിലർ ഒരു പക്ഷവാതരോഗിയെ കിടക്കയിൽ എടുത്തുകൊണ്ടുവന്ന് യേശുവിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിച്ചു. 19പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാൻ കഴിഞ്ഞില്ല. മറ്റൊരു മാർഗവും കാണാഞ്ഞതുകൊണ്ട് അവർ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പിൽ വച്ചു. 20യേശു അവരുടെ വിശ്വാസം കണ്ടപ്പോൾ “സ്നേഹിതാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.
21അപ്പോൾ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവൻ ആര്? പാപങ്ങൾ ക്ഷമിക്കുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി.
22യേശു അവരുടെ മനോഗതം മനസ്സിലാക്കി. “നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? 23നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാണ് എളുപ്പം? 24മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരമുണ്ടെന്നു നിങ്ങൾ മനസ്സിലാക്കണം” എന്ന് യേശു അവരോടു പറഞ്ഞു. അനന്തരം അവിടുന്ന് പക്ഷവാതരോഗിയോട് ആജ്ഞാപിച്ചു: “ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക.”
25ഉടനെ ആ മനുഷ്യൻ അവരുടെ മുമ്പിൽ എഴുന്നേറ്റു നിന്നു. അയാൾ കിടക്കയെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടു സ്വഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ സ്തുതിച്ചു. അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു. 26“എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവർ അന്യോന്യം പറഞ്ഞു.
ലേവിയെ വിളിക്കുന്നു
(മത്താ. 9:9-13; മർക്കോ. 2:13-17)
27പിന്നീടു യാത്രാമധ്യേ ചുങ്കം പിരിവുകാരനായ ലേവി അയാളുടെ ജോലിസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. “എന്നെ അനുഗമിക്കുക” എന്ന് അവിടുന്ന് ലേവിയോടു പറഞ്ഞു. 28അയാൾ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
29യേശുവിനുവേണ്ടി ലേവി തന്റെ വീട്ടിൽ ഒരു വലിയ വിരുന്നൊരുക്കി. ചുങ്കംപിരിവുകാരും മറ്റുമായി ഒട്ടുവളരെ ആളുകൾ യേശുവിനോടുകൂടി ഭക്ഷണം കഴിക്കുവാനിരുന്നു. 30പരീശന്മാരും മതപണ്ഡിതന്മാരും ശിഷ്യന്മാരോടു പിറുപിറുത്തുകൊണ്ട്: “ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു നിങ്ങൾ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
31യേശു പ്രതിവചിച്ചു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. 32പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തിൽനിന്നു പിന്തിരിപ്പിക്കുവാനാണു ഞാൻ വന്നത്.”
ഉപവാസത്തെപ്പറ്റി
(മത്താ. 9:14-17; മർക്കോ. 2:18-22)
33അവർ പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. താങ്കളുടെ ശിഷ്യന്മാരാകട്ടെ ഉപവസിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ!”
34അതിന് യേശു: “മണവാളൻ കൂടെയുള്ളപ്പോൾ കല്യാണത്തിനു വന്ന അതിഥികളെക്കൊണ്ട് ഉപവസിപ്പിക്കുവാൻ നിങ്ങൾക്കു കഴിയുമോ? 35മണവാളനെ അവരിൽനിന്നു നീക്കുന്ന സമയം വരും. അക്കാലത്ത് അവർ ഉപവസിക്കും” എന്നു മറുപടി നല്‌കി.
36ഒരു ദൃഷ്ടാന്തവും അവിടുന്ന് അവരോടു പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിന്റെ ഒരു കഷണം കീറിയെടുത്തു പഴയ വസ്ത്രത്തോടു ചേർത്തു തുന്നുകയില്ല. അങ്ങനെ ചെയ്താൽ പുതിയ വസ്ത്രം കീറിക്കളയുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോടു ചേരാതിരിക്കുകയും ചെയ്യും. 37അതുപോലെതന്നെ പുതുവീഞ്ഞ് ആരും പഴയ തോല്‌ക്കുടങ്ങളിൽ പകർന്നു വയ്‍ക്കാറില്ല. അങ്ങനെ ചെയ്താൽ പുതുവീഞ്ഞു തോല്‌ക്കുടം പൊളിച്ച് ഒഴുകിപ്പോകും; കുടവും നശിക്കും. 38പുതുവീഞ്ഞു പുതിയ തോല്‌ക്കുടത്തിൽത്തന്നെ പകർന്നു വയ്‍ക്കണം. 39പഴയ വീഞ്ഞു കുടിച്ചു ശീലിച്ച ആരുംതന്നെ പുതുവീഞ്ഞ് ഇഷ്ടപ്പെടുകയില്ല; പഴയതുതന്നെയാണു മെച്ചം എന്നു പറയും.”

Pilihan Saat Ini:

LUKA 5: malclBSI

Sorotan

Bagikan

Salin

None

Ingin menyimpan sorotan di semua perangkat Anda? Daftar atau masuk