LUKA 24
24
ഉയിർത്തെഴുന്നേല്പ്
(മത്താ. 28:1-10; മർക്കോ. 16:1-8; യോഹ. 20:1-10)
1തങ്ങൾ ഒരുക്കിവച്ച സുഗന്ധദ്രവ്യങ്ങളുമായി ആ സ്‍ത്രീകൾ ഞായറാഴ്ച അതിരാവിലെ കല്ലറയുടെ അടുക്കലെത്തി. 2കല്ലറയുടെ വാതില്‌ക്കൽ വച്ചിരുന്ന കല്ല് ഉരുട്ടി നീക്കിയിരിക്കുന്നതായി അവർ കണ്ടു. 3അവർ അകത്തുകടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. 4അവർ അമ്പരന്നു നില്‌ക്കുമ്പോൾ മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ സമീപത്തു നില്‌ക്കുന്നതു കണ്ടു. 5ആ സ്‍ത്രീകൾ ഭയപരവശരായി മുഖം കുനിച്ചുനിന്നു. അപ്പോൾ ആ പുരുഷന്മാർ അവരോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ നിങ്ങൾ അന്വേഷിക്കുന്നതെന്തിന്? 6,7അവിടുന്ന് ഇവിടെയില്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു. മനുഷ്യപുത്രൻ അധർമികളുടെ കൈയിൽ ഏല്പിക്കപ്പെടുമെന്നും അവർ അവിടുത്തെ ക്രൂശിക്കുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ഗലീലയിൽവച്ചു പറഞ്ഞത് നിങ്ങൾ ഓർമിക്കുന്നില്ലേ?”
8അപ്പോൾ അവിടുത്തെ വാക്കുകൾ അവർ അനുസ്മരിച്ചു. 9അവർ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു. 10മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്‍ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങൾ പറഞ്ഞത്. 11പക്ഷേ, അവരുടെ വാക്കുകൾ വെറും കെട്ടുകഥയാണന്നേ അവർക്കു തോന്നിയുള്ളൂ. അത് അവർ ഒട്ടും വിശ്വസിച്ചതുമില്ല. 12#24:12 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.പത്രോസ് കല്ലറയുടെ അടുക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതിൽ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോർത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി.
എമ്മവൂസിലേക്കുള്ള യാത്ര
(മർക്കോ. 16:12-13)
13അന്നുതന്നെ യേശുവിന്റെ അനുയായികളിൽ രണ്ടുപേർ യെരൂശലേമിൽനിന്ന് ഏകദേശം പതിനൊന്നു കിലോമീറ്റർ ദൂരമുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. 14-15യെരൂശലേമിൽ നടന്ന സംഭവങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവർ നടന്നുപോകുമ്പോൾ യേശു അടുത്തുചെന്ന് അവരുടെകൂടെ നടന്നു. 16പക്ഷേ, അവിടുത്തെ തിരിച്ചറിയാൻ കഴിയാതവണ്ണം അവരുടെ ദർശനശക്തി നിരോധിക്കപ്പെട്ടിരുന്നു. 17യേശു അവരോടു ചോദിച്ചു: “നിങ്ങൾ നടക്കുന്നതിനിടയിൽ പരസ്പരം പറയുന്ന കാര്യങ്ങൾ എന്താണ്?”
18അവർ വിഷാദത്തിൽ മുഴുകി നിശ്ചലരായി നിന്നു. അവരിൽ ക്ലെയോപ്പാവ് എന്നയാൾ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളിൽ യെരൂശലേമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരിൽ താങ്കൾക്കുമാത്രം അറിവില്ലെന്നോ?”
19“എന്തു സംഭവങ്ങൾ?” യേശു വീണ്ടും ചോദിച്ചു.
അവർ ഉത്തരം നല്‌കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്നെ. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു. 20നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശിൽ തറച്ചുകൊല്ലുകയും ചെയ്തു. 21ഇസ്രായേൽജനതയെ വീണ്ടെടുക്കുവാനുള്ളവൻ അദ്ദേഹം ആണെന്നത്രേ ഞങ്ങൾ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്. 22-23ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകൾ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവർ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകൾ പറഞ്ഞു. ഇതുകേട്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. 24ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ കല്ലറയുടെ അടുക്കൽ പോയി നോക്കി. ആ സ്‍ത്രീകൾ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.”
25അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങൾ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാൻ കഴിയാതെവണ്ണം നിങ്ങൾ മന്ദബുദ്ധികളായിപ്പോയല്ലോ. 26ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്റെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടതല്ലേ?”
27പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകൾ ആരംഭംമുതൽ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങൾ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി.
28അവർക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടു സമീപിച്ചപ്പോൾ അവിടുന്നു മുമ്പോട്ടുപോകുവാൻ ഭാവിച്ചു. 29അപ്പോൾ അവർ നിർബന്ധപൂർവം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാർക്കുക; പകൽ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാൻ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാർക്കുവാൻ ചെന്നു.
30അത്താഴം കഴിക്കാനിരുന്നപ്പോൾ യേശു അപ്പം എടുത്ത് ആശീർവദിച്ചു നുറുക്കി അവർക്കു കൊടുത്തു. 31ഉടനെ അവരുടെ കണ്ണുകൾ തുറന്നു. അവർ യേശുവിനെ തിരിച്ചറിഞ്ഞു. ഉടൻതന്നെ അവിടുന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. 32“വഴിയിൽവച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങൾ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ഉള്ളിൽ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവർ പരസ്പരം പറഞ്ഞു.
33അപ്പോൾത്തന്നെ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു തിരിച്ചു. അവിടെ ചെന്ന് പതിനൊന്നു ശിഷ്യന്മാരെയും അവരോടൊത്ത് അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും കണ്ടു. 34“കർത്താവു നിശ്ചയമായും ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നു ശിമോനു പ്രത്യക്ഷനാകുകയും ചെയ്തു” എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35വഴിയിൽവച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോൾ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസിൽനിന്നു മടങ്ങിച്ചെന്നവർ അവരെ അറിയിച്ചു.
ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു
(മത്താ. 28:16-20; മർക്കോ. 16:14-18; യോഹ. 20:19-23; അപ്പോ. പ്ര. 1:6-8)
36ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യേശു അവരുടെ മധ്യത്തിൽ വന്നുനിന്നു, #24:36 ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു’ എന്നില്ല."നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.
37തങ്ങൾ കാണുന്നത് ഒരു ഭൂതത്തെയാണെന്നു വിചാരിച്ച് അവർ ഭയപ്പെട്ടു പരിഭ്രമിച്ചു. 38യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ എന്തിനു പരിഭ്രമിക്കുന്നു? എന്തിനു സംശയിക്കുന്നു? 39എന്റെ കൈകളും കാലുകളും നോക്കുക; ഇതു ഞാൻ തന്നെയാണ്; എന്നെ തൊട്ടു നോക്കൂ. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ അസ്ഥിയും മാംസവും ഭൂതത്തിനില്ലല്ലോ.”
40 # 24:40 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടുന്ന് തന്റെ കൈകാലുകൾ അവർക്കു കാണിച്ചുകൊടുത്തു. 41എന്നിട്ടും അവർക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല; അവർ അത്രയ്‍ക്ക് ആനന്ദത്തിൽ മുഴുകുകയും വിസ്മയഭരിതരാകുകയും ചെയ്തിരുന്നു. 42അവിടുന്നു ചോദിച്ചു: “നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതുമുണ്ടോ?” അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും യേശുവിനു കൊടുത്തു; 43അവിടുന്ന് അവരുടെ മുമ്പിൽവച്ച് തിന്നുകയും ചെയ്തു.
നിങ്ങൾ എന്റെ സാക്ഷികൾ
44അനന്തരം യേശു അവരോട് അരുൾചെയ്തു: “മോശയുടെ നിയമസംഹിതയിലും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരുന്നപ്പോൾ പറഞ്ഞതാണല്ലോ.”
45അനന്തരം വേദലിഖിതങ്ങൾ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു. 46-47യേശു പിന്നെയും അവരോട് അരുൾചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാൾ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുകയും തന്റെ നാമത്തിൽ യെരൂശലേമിൽ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്‍ക്കെല്ലാം നിങ്ങൾ സാക്ഷികൾ. 48-49എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാൻ നിങ്ങളുടെമേൽ അയയ്‍ക്കും. സ്വർഗത്തിൽനിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങൾ യെരൂശലേമിൽത്തന്നെ വസിക്കുക.”
സ്വർഗാരോഹണം
(മർക്കോ. 16:19-20; അപ്പോ. പ്ര. 1:9-11)
50അനന്തരം യേശു അവരെ ബേഥാന്യയിലേക്കു കൂട്ടിക്കൊണ്ടുപോയി; കരങ്ങളുയർത്തി അവിടുന്ന് അവരെ ആശീർവദിച്ചു. 51അവരെ അനുഗ്രഹിക്കുമ്പോൾത്തന്നെ അവിടുന്ന് അവരെ വിട്ടുപിരിഞ്ഞു #24:51 ചില കൈയെഴുത്തു പ്രതികളിൽ ‘സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു’ എന്നില്ല. സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; 52അവർ #24:52 ചില കൈയെഴുത്തു പ്രതികളിൽ ‘അവിടുത്തെ നമസ്കരിച്ചശേഷം’ എന്നില്ല.അവിടുത്തെ നമസ്കരിച്ചശേഷം ആനന്ദാതിരേകത്തോടെ യെരൂശലേമിലേക്കു തിരിച്ചുപോയി; 53ദൈവത്തെ സ്തുതിച്ചുകൊണ്ട് അവർ ദേവാലയത്തിൽത്തന്നെ കഴിഞ്ഞുകൂടി.
Pilihan Saat Ini:
LUKA 24: malclBSI
Sorotan
Berbagi
Salin
Ingin menyimpan sorotan di semua perangkat Anda? Daftar atau masuk
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.