JOHANA 18
18
യേശുവിനെ പിടിക്കുന്നു
(മത്താ. 26:47-58; മർക്കോ. 14:43-54; ലൂക്കോ. 22:47-53)
1ഇപ്രകാരം പ്രാർഥിച്ചശേഷം യേശു ശിഷ്യന്മാരോടുകൂടി കെദ്രോൻതോടിന്റെ മറുകരയിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന തോട്ടത്തിൽ താനും ശിഷ്യന്മാരും പ്രവേശിച്ചു. 2യേശുവും ശിഷ്യന്മാരും അവിടെ കൂടുക പതിവായിരുന്നു. അതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു. 3ഒരു സംഘം പട്ടാളത്തെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ദേവാലയഭടന്മാരെയും കൂട്ടിക്കൊണ്ട്, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി യൂദാസ് അവിടെയെത്തി. 4തനിക്കു സംഭവിക്കാൻ പോകുന്നത് എല്ലാം അറിഞ്ഞുകൊണ്ട് യേശു മുമ്പോട്ടു ചെന്ന് അവരോടു ചോദിച്ചു: “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?”
5“നസ്രായനായ യേശുവിനെ” എന്ന് അവർ മറുപടി പറഞ്ഞു.
അപ്പോൾ യേശു അവരോട് “അതു ഞാനാണ്” എന്നു പറഞ്ഞു.
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അവരോടുകൂടി ഉണ്ടായിരുന്നു. 6“അതു ഞാനാണ്” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലംപതിച്ചു. 7അവിടുന്ന് വീണ്ടും അവരോടു ചോദിച്ചു. “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?”
“നസ്രായനായ യേശുവിനെ” എന്ന് അവർ പറഞ്ഞു.
8“അതു ഞാൻ തന്നെയാണെന്നു നിങ്ങളോടു പറഞ്ഞല്ലോ; എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്‍ക്കൊള്ളട്ടെ” എന്ന് യേശു പറഞ്ഞു. 9“അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവർ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്ക് ഇങ്ങനെ സത്യമായി.
10ശിമോൻ പത്രോസ് തന്റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്റെ പേര്. 11യേശു പത്രോസിനോട്: “വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു നല്‌കിയിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു.
ഹന്നാസിന്റെ മുമ്പിൽ
12അപ്പോൾ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു. 13അവിടുത്തെ ആദ്യം ഹന്നാസിന്റെ അടുക്കലേക്ക് അവർ കൊണ്ടുപോയി. ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്. 14ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാർക്ക് ഉപദേശം നല്‌കിയത് കയ്യഫാസ് ആയിരുന്നു.
പത്രോസ് തള്ളിപ്പറയുന്നു
(മത്താ. 26:69-70; മർക്കോ. 14:66-68; ലൂക്കോ. 22:55-57)
15ശിമോൻപത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടർന്നു. ആ ശിഷ്യൻ മഹാപുരോഹിതനു പരിചിതനായിരുന്നതിനാൽ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു. 16പത്രോസ് പടിവാതിലിനു വെളിയിൽ നില്‌ക്കുകയായിരുന്നു. 17മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യൻ വാതിൽക്കാവല്‌ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോൾ കാവല്‌ക്കാരിയായ ആ പെൺകുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനല്ലേ?”
“അല്ല” എന്നു പത്രോസ് പറഞ്ഞു.
18തണുപ്പുള്ള രാത്രി ആയിരുന്നതിനാൽ ഭൃത്യന്മാരും ദേവാലയഭടന്മാരും കനൽക്കൂട്ടി തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. പത്രോസും അവരോടുചേർന്നു തീ കാഞ്ഞുകൊണ്ടു നിന്നു.
യേശുവിനെ ചോദ്യം ചെയ്യുന്നു
(മത്താ. 26:59-66; മർക്കോ. 14:55-64; ലൂക്കോ. 22:66-71)
19യേശുവിന്റെ ശിഷ്യന്മാരെക്കുറിച്ചും അവിടുത്തെ ഉപദേശത്തെക്കുറിച്ചും മഹാപുരോഹിതൻ ചോദ്യം ചെയ്തു. 20യേശു ഇപ്രകാരം ഉത്തരം പറഞ്ഞു: “ഞാൻ ലോകത്തോട് പരസ്യമായിട്ടാണു സംസാരിച്ചിട്ടുള്ളത്; എല്ലാ യെഹൂദന്മാരും വന്നു കൂടാറുള്ള സുനഗോഗുകളിലും ദേവാലയത്തിലും വച്ച് എപ്പോഴും ഞാൻ പഠിപ്പിച്ചു. 21രഹസ്യമായി ഞാൻ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് എന്നോടു ചോദിക്കുന്നു? ഞാൻ എന്താണു പറഞ്ഞതെന്ന് എന്റെ വാക്കുകൾ കേട്ടവരോടു ചോദിക്കുക; അവർക്കറിയാം.”
22ഇങ്ങനെ സംസാരിച്ചപ്പോൾ അടുത്തുനിന്നിരുന്ന ദേവാലയ ഭടന്മാരിലൊരാൾ യേശുവിനെ അടിച്ചു. “ഇങ്ങനെയാണോ മഹാപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് അയാൾ ചോദിച്ചു.
23“ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കുക; ഞാൻ പറഞ്ഞതു ശരിയാണെങ്കിൽ പിന്നെ എന്തിന് എന്നെ അടിക്കുന്നു?” എന്ന് യേശു പറഞ്ഞു.
24പിന്നീട് ബന്ധനസ്ഥനായ യേശുവിനെ ഹന്നാസ് മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കയച്ചു.
പത്രോസ് വീണ്ടും തള്ളിപ്പറയുന്നു
(മത്താ. 26:71-75; മർക്കോ. 14:69-72; ലൂക്കോ. 22:58-62)
25അപ്പോഴും ശിമോൻപത്രോസ് തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. “താങ്കളും അയാളുടെ ശിഷ്യന്മാരിൽ ഒരാളല്ലേ?” എന്ന് ചിലർ ചോദിച്ചു. “അല്ല” എന്നു പത്രോസ് നിഷേധിച്ചു.
26മഹാപുരോഹിതന്റെ ഭൃത്യന്മാരിലൊരാൾ-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്റെ ഒരു ബന്ധു-"തോട്ടത്തിൽവച്ചു നിങ്ങളെ ആ മനുഷ്യന്റെകൂടെ ഞാൻ കണ്ടല്ലോ?” എന്നു പറഞ്ഞു.
27പത്രോസ് വീണ്ടും അതു നിഷേധിച്ചു. തൽക്ഷണം കോഴി കൂകി.
പീലാത്തോസിന്റെ മുമ്പിൽ
28നേരം വെളുത്തുവരുമ്പോൾ കയ്യഫാസിന്റെ അടുക്കൽനിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാർ ഗവർണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാൽ അവർ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാൽ തങ്ങൾ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാൻ കഴിയാതെ വരുമെന്നും അവർ കരുതി. 29അതുകൊണ്ടു പീലാത്തോസ് പുറത്തുവന്ന്, “ഈ മനുഷ്യന്റെ പേരിൽ എന്തുകുറ്റമാണ് നിങ്ങൾ ആരോപിക്കുന്നത്?” എന്നു ചോദിച്ചു.
30“കുറ്റവാളി അല്ലായിരുന്നെങ്കിൽ ഇയാളെ അങ്ങയെ ഏല്പിക്കുമായിരുന്നില്ല” എന്ന് അവർ ഉത്തരം പറഞ്ഞു.
31പീലാത്തോസ് അവരോട്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക” എന്നു പറഞ്ഞു.
32യെഹൂദന്മാർ അദ്ദേഹത്തോട്, “വധശിക്ഷ നല്‌കാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാൻ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ.
33വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു.
34അപ്പോൾ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവർ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു.
35പീലാത്തോസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്റെ പക്കൽ ഏല്പിച്ചത്. നിങ്ങൾ ചെയ്ത കുറ്റം എന്താണ്?”
36യേശു പറഞ്ഞു: “എന്റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്നെ യെഹൂദന്മാർക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്റെ പടയാളികൾ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജത്വം ഐഹികമല്ല.”
37“അപ്പോൾ നിങ്ങൾ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാൻ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതൽപരനായ ഏതൊരുവനും എന്റെ ശബ്ദം കേൾക്കുന്നു” എന്ന് യേശു പറഞ്ഞു.
38പീലാത്തോസ് ചോദിച്ചു: സത്യമോ? അതെന്താണ്?
യേശുവിനെ വധശിക്ഷയ്‍ക്കു വിധിക്കുന്നു
(മത്താ. 27:15-31; മർക്കോ. 15:6-20; ലൂക്കോ. 23:13-25)
39ഇതു പറഞ്ഞശേഷം പീലാത്തോസ് വീണ്ടും പുറത്തുചെന്ന് യെഹൂദന്മാരോട്, “ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല. പെസഹായ്‍ക്ക് ഞാൻ ഒരു തടവുകാരനെ മോചിപ്പിച്ചുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ ഈ രാജാവിനെ ഞാൻ മോചിപ്പിക്കട്ടെയോ?” എന്നു ചോദിച്ചു.
40ഉടനെ “ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക,” എന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ബറബ്ബാസാകട്ടെ ഒരു കവർച്ചക്കാരനായിരുന്നു.
Pilihan Saat Ini:
JOHANA 18: malclBSI
Sorotan
Berbagi
Salin
Ingin menyimpan sorotan di semua perangkat Anda? Daftar atau masuk
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.