JOHANA 10

10
ഇടയനും ആടുകളും
1“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: ആടിനെ സൂക്ഷിക്കുന്ന ആലയുടെ വാതിൽ വഴിയല്ലാതെ മറ്റു മാർഗത്തിലൂടെ പ്രവേശിക്കുന്നവൻ കള്ളനും കൊള്ളക്കാരനുമാകുന്നു. 2വാതിലിലൂടെ പ്രവേശിക്കുന്നവനാണ് ആടുകളുടെ ഇടയൻ. 3കാവല്‌ക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊടുക്കുന്നു; ആടുകൾ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു. സ്വന്തം ആടുകളെ അയാൾ പേരുചൊല്ലിവിളിച്ച് പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. 4പുറത്തു കൊണ്ടുവന്നിട്ട് അയാൾ അവയുടെ മുമ്പേ നടക്കും. ഇടയന്റെ ശബ്ദം തിരിച്ചറിയുന്നതുകൊണ്ട് അവ അയാളെ അനുഗമിക്കും. 5അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ലെന്നു മാത്രമല്ല, അയാളുടെ ശബ്ദം തിരിച്ചറിയാത്തതിനാൽ ആടുകൾ അയാളെ വിട്ട് ഓടിപ്പോകുകയും ചെയ്യും.”
6യേശു ഈ ദൃഷ്ടാന്തം അവരോടു പറഞ്ഞു എങ്കിലും അതിന്റെ പൊരുൾ അവർക്കു മനസ്സിലായില്ല.
യേശു നല്ല ഇടയൻ
7യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതിൽ ഞാനാകുന്നു. 8എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു. 9ആടുകൾ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതിൽ; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കിൽ അവർ സുരക്ഷിതനായിരിക്കും. അവൻ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും. 10മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാൻ വന്നത് അവയ്‍ക്കു ജീവൻ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു.
11“ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ പ്രാണൻ വെടിയുന്നു. 12പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. 13ആടുകളുടെ കാര്യത്തിൽ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവൻ ഓടിപ്പോകുന്നത്. 14ഞാൻ നല്ല ഇടയനാകുന്നു. എന്റെ പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എന്റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു. 15ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. 16ഈ ആലയിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും മാത്രം #10:16 ചില കൈയെഴുത്തു പ്രതികളിൽ ‘ആയിത്തീരുകയും’ എന്നല്ല ‘ഉണ്ടായിരിക്കുകയും’ എന്നാണ്.ആയിത്തീരുകയും ചെയ്യും.
17“വീണ്ടും പ്രാപിക്കേണ്ടതിന് എന്റെ ജീവൻ ഞാൻ അർപ്പിക്കുന്നു. അതുകൊണ്ട് എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നു. 18എന്റെ ജീവൻ എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാൻ സ്വമേധയാ അർപ്പിക്കുകയാണു ചെയ്യുന്നത്. അത് അർപ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.”
19യേശുവിന്റെ ഈ വാക്കുകൾ മൂലം യെഹൂദന്മാരുടെ ഇടയിൽ വീണ്ടും ഭിന്നാഭിപ്രായമുണ്ടായി. അവരിൽ പലരും പറഞ്ഞു: 20“അയാളിൽ ഭൂതമുണ്ട്; അയാൾ ഭ്രാന്തനാണ്; അയാൾ പറയുന്നത് എന്തിനു ശ്രദ്ധിക്കുന്നു?”
21“ഒരു ഭൂതാവിഷ്ടന്റെ വാക്കുകളല്ല ഇവ; അന്ധന്മാർക്കു കാഴ്ച നല്‌കുവാൻ പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലർ ചോദിച്ചു.
യേശുവിനെ തിരസ്കരിക്കുന്നു
22യെരൂശലേമിൽ പ്രതിഷ്ഠോത്സവം കൊണ്ടാടുകയായിരുന്നു; അത് ശീതകാലവുമായിരുന്നു. 23യേശു ദേവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ യെഹൂദന്മാർ അവിടുത്തെ ചുറ്റും കൂടിനിന്നു ചോദിച്ചു: 24“ഈ അനിശ്ചിതാവസ്ഥയിൽ ഞങ്ങൾ എത്രനാൾ തുടരണം? അങ്ങു ക്രിസ്തു ആണെങ്കിൽ അതു തുറന്നു പറയുക.”
25യേശു ഇപ്രകാരം മറുപടി നല്‌കി: “ഞാൻ പറഞ്ഞുകഴിഞ്ഞു; എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം വഹിക്കുന്നു. 26പക്ഷേ, നിങ്ങൾ എന്റെ ആടുകളിൽപെട്ടവരല്ലാത്തതുകൊണ്ട് വിശ്വസിക്കുന്നില്ല. 27എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. 28ഞാൻ അവയ്‍ക്ക് അനശ്വരജീവൻ നല്‌കുന്നു. അവ ഒരുനാളും നശിച്ചുപോകുകയില്ല. ആരും അവയെ എന്റെ കൈയിൽനിന്ന് തട്ടിക്കൊണ്ടുപോകുകയുമില്ല. 29#10:29 ചില കൈയെഴുത്തു പ്രതികളിൽ ‘എന്റെ പിതാവ് എനിക്കു നല്‌കിയിട്ടുള്ളവ എല്ലാറ്റിനെയുംകാൾ ശ്രേഷ്ഠമാണ്’ എന്നാണ്.അവയെ എനിക്കു നല്‌കിയ പിതാവ് എല്ലാവരെയുംകാൾ വലിയവനത്രേ. 30ആ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കുവാൻ ആർക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.”
31ഇതുകേട്ട് യെഹൂദന്മാർ യേശുവിനെ എറിയുവാൻ വീണ്ടും കല്ലെടുത്തു. 32അവിടുന്ന് അവരോടു പറഞ്ഞു: “പിതാവിന്റെ അഭീഷ്ടമനുസരിച്ച് പല നല്ല പ്രവൃത്തികളും ഞാൻ നിങ്ങളുടെ മുമ്പിൽ ചെയ്തിട്ടുണ്ടല്ലോ. അവയിൽ ഏതിനെ പ്രതിയാണ് നിങ്ങൾ എന്നെ കല്ലെറിയുന്നത്?”
33യെഹൂദന്മാർ പറഞ്ഞു: “നല്ല പ്രവൃത്തികളുടെ പേരിലല്ല ദൈവദൂഷണത്തിന്റെ പേരിലാണ് ഞങ്ങൾ നിന്നെ കല്ലെറിയുന്നത്. വെറുമൊരു മനുഷ്യനായ നീ, നിന്നെത്തന്നെ ദൈവമാക്കുന്നുവല്ലോ.”
34യേശു മറുപടി നല്‌കി: “നിങ്ങൾ ദേവന്മാരാണെന്നു ഞാൻ പറഞ്ഞു, എന്നു നിങ്ങളുടെ ധർമശാസ്ത്രത്തിൽ എഴുതിയിട്ടില്ലേ? 35ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചവരെ അവിടുന്നു ‘ദേവന്മാർ’ എന്നു വിളിച്ചു - വേദലിഖിതം ഒരിക്കലും അഴിവില്ലാത്തതാണല്ലോ. 36ഞാൻ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട് പിതാവു വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച എന്നിൽ നിങ്ങൾ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നുവോ? 37ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. 38എന്നാൽ ഞാൻ അവ ചെയ്യുന്നു എങ്കിൽ, എന്നെ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽപോലും എന്റെ പ്രവൃത്തികളെ വിശ്വസിക്കുക. അങ്ങനെ ചെയ്താൽ പിതാവ് എന്നിലും ഞാൻ പിതാവിലും ആണെന്നു നിങ്ങൾക്ക് അറിയുകയും ഗ്രഹിക്കുകയും ചെയ്യാം.”
39പിന്നെയും അവർ യേശുവിനെ പിടിക്കുവാൻ ശ്രമിച്ചു. എന്നാൽ അവിടുന്നു പിടികൊടുക്കാതെ അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുമാറി.
40യേശു യോർദ്ദാന്റെ മറുകരയിൽ യോഹന്നാൻ ആദ്യം സ്നാപനം നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് വീണ്ടും പോയി പാർത്തു. അനേകം ആളുകൾ അവിടുത്തെ അടുക്കൽ ചെന്നു. അവർ പറഞ്ഞു: 41“യോഹന്നാൻ അടയാളപ്രവൃത്തി ഒന്നും ചെയ്തിട്ടില്ല. എന്നാൽ യോഹന്നാൻ ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം സത്യമാണ്.” അവിടെ അനേകംപേർ യേശുവിൽ വിശ്വസിച്ചു.

Pilihan Saat Ini:

JOHANA 10: malclBSI

Sorotan

Berbagi

Salin

None

Ingin menyimpan sorotan di semua perangkat Anda? Daftar atau masuk