TIRHKOHTE 9
9
ശൗലിന്റെ മാനസാന്തരം
(അപ്പോ. പ്ര. 22:6-16; 26:12-18)
1കർത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗൽ ഭീഷണി മുഴക്കി. 2ക്രിസ്തുമാർഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാൽ, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകൾ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്റെ പക്കൽനിന്ന് അദ്ദേഹം വാങ്ങി.
3അങ്ങനെ ശൗൽ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തൽക്ഷണം അദ്ദേഹം നിലംപതിച്ചു; 4“ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു.
5“അങ്ങ് ആരാകുന്നു കർത്താവേ?” എന്നു ശൗൽ ചോദിച്ചു.
6“നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു.
7ശൗലിനോടുകൂടി യാത്രചെയ്തിരുന്നവർ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവർ സ്തംഭിച്ചുനിന്നുപോയി. 8ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികർ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി. 9മൂന്നു ദിവസം അദ്ദേഹം കണ്ണു കാണാതെയും എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെയും കഴിച്ചുകൂട്ടി.
10ദമാസ്കസിൽ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ദർശനത്തിൽ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കർത്താവേ അടിയൻ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു.
11അപ്പോൾ കർത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേർവീഥി എന്ന തെരുവിൽ യൂദയുടെ വീട്ടിൽ ചെന്ന് തർസൊസുകാരനായ ശൗൽ എന്നയാളിനെ അന്വേഷിക്കുക; അവൻ പ്രാർഥിക്കുന്നു. 12തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാൾ വന്നു തന്റെ തലയിൽ കൈകൾ വയ്‍ക്കുന്നതായി ഒരു ദർശനത്തിൽ അവൻ കണ്ടിരിക്കുന്നു.”
13അനന്യാസ് അതിനു മറുപടിയായി, “കർത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങൾക്ക് ആ മനുഷ്യൻ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്; 14ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാൻ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
15കർത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽജനതയുടെയും മുമ്പിൽ എന്റെ നാമം വഹിക്കുന്നതിന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാൾ. 16എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകൾ അയാൾ സഹിക്കേണ്ടതുണ്ട് എന്നു ഞാൻ തന്നെ അയാൾക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു.
17അതനുസരിച്ച് അനന്യാസ് ആ വീട്ടിൽ ചെന്നു, ശൗലിന്റെമേൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്റെ പൂർണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയിൽവച്ചു താങ്കൾക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.” 18ഉടനെ ശൗലിന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ ഏതോ ഒന്നു താഴെ വീണു. തൽക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു; 19ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു.
ശൗൽ ദമാസ്കസിൽ പ്രസംഗിക്കുന്നു
20ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗൽ കുറെനാൾ പാർത്തു. താമസംവിനാ, യേശു ദൈവപുത്രൻ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളിൽ പ്രഖ്യാപനം ചെയ്തു തുടങ്ങി.
21അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവർ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമിൽ യേശുവിന്റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലേ അയാൾ ഇവിടെയും വന്നത്?”
22ശൗലാകട്ടെ, പൂർവാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമർഥിച്ചുകൊണ്ട് ദമാസ്കസിൽ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു.
23കുറെനാൾ കഴിഞ്ഞ് ശൗലിനെ വധിക്കുവാൻ യെഹൂദന്മാർ ഗൂഢാലോചന നടത്തി. എന്നാൽ അദ്ദേഹം അതറിഞ്ഞു. 24അദ്ദേഹത്തെ പിടിച്ച് വധിക്കുന്നതിനുവേണ്ടി നഗരത്തിന്റെ പ്രവേശനദ്വാരങ്ങളിൽ രാവും പകലും കാവല്‌ക്കാരെ നിറുത്തിയിരുന്നു. 25എന്നാൽ ഒരു രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ മതിലിന്റെ മുകളിലൂടെ ഒരു കുട്ടയിൽ കെട്ടിയിറക്കി വിട്ടു.
ശൗൽ യെരൂശലേമിൽ
26ശൗൽ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാൻ ശ്രമിച്ചു. എന്നാൽ ശൗൽ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു. 27അപ്പോൾ ബർനബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയിൽവച്ച് ശൗൽ കർത്താവിനെ ദർശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസിൽവച്ച് അദ്ദേഹം യേശുവിന്റെ നാമത്തിൽ സുധീരം പ്രസംഗിച്ചതുമെല്ലാം ബർനബാസ് വിവരിച്ചു പറഞ്ഞു. 28അങ്ങനെ ശൗൽ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമിൽ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിക്കുകയും ചെയ്തു. 29ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തർക്കിക്കുകയും ചെയ്തു പോന്നു. എന്നാൽ അവർ അദ്ദേഹത്തെ വധിക്കുവാൻ വട്ടംകൂട്ടി. 30അവിടുത്തെ സഹോദരന്മാർ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തർസൊസിലേക്ക് അയയ്‍ക്കുകയും ചെയ്തു.
31അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്‍ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വർധിച്ചു; കർത്താവിനോടുള്ള ഭക്തിയിൽ ജീവിക്കുകയും ചെയ്തു.
ഐനിയാസിനെ സുഖപ്പെടുത്തുന്നു
32പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി. 33അവിടെ എട്ടു വർഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. 34അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്‌കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തൽക്ഷണം അയാൾ എഴുന്നേറ്റു. 35സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാർക്കുന്നവരെല്ലാം കർത്താവിങ്കലേക്കു തിരിഞ്ഞു.
തബീഥയെ ഉയിർപ്പിക്കുന്നു
36യോപ്പയിൽ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കിൽ ദോർക്കാസ്-പേടമാൻ-എന്നാണർഥം. അവൾ ധാരാളം സൽപ്രവൃത്തികളും ദാനധർമങ്ങളും ചെയ്യുന്നതിൽ സദാ ജാഗരൂകയായിരുന്നു. 37ആയിടയ്‍ക്ക് ഒരു രോഗം പിടിപെട്ട് അവൾ മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. 38പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിർബന്ധപൂർവം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു. 39പത്രോസ് അവരോടുകൂടി യോപ്പയിൽ ചെന്നു. അവർ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോർക്കാസ് ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാർ പത്രോസിന്റെ ചുറ്റുംനിന്നു വിലപിച്ചു. 40അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാർഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്‌ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവൾ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു. 41അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവൻ പ്രാപിച്ച തബീഥയെ അവരുടെ മുമ്പിൽ നിറുത്തി. 42യോപ്പയിൽ എല്ലായിടത്തും ഈ വാർത്ത പരന്നു. അനേകം ആളുകൾ കർത്താവിൽ വിശ്വസിച്ചു. 43യോപ്പയിൽ ശിമോൻ എന്നയാളിന്റെ വീട്ടിൽ അദ്ദേഹം വളരെനാൾ പാർത്തു. തുകൽ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്റെ തൊഴിൽ.
Pilihan Saat Ini:
TIRHKOHTE 9: malclBSI
Sorotan
Berbagi
Salin
Ingin menyimpan sorotan di semua perangkat Anda? Daftar atau masuk
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.