TIRHKOHTE 6
6
ഏഴുപേരെ തിരഞ്ഞെടുക്കുന്നു
1അക്കാലത്തു ശിഷ്യന്മാരുടെ സംഖ്യ വർധിച്ചുവന്നു. അപ്പോൾ, ദിനംപ്രതിയുള്ള ഭക്ഷ്യവിതരണത്തിൽ തങ്ങളുടെ വിധവമാർ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞ് ഗ്രീക്കുഭാഷ സംസാരിക്കുന്ന യെഹൂദന്മാർ എബ്രായഭാഷ സംസാരിക്കുന്നവരുടെ നേരെ പിറുപിറുത്തു. 2അപ്പോസ്തോലന്മാർ പന്ത്രണ്ടുപേരും ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “ഭക്ഷ്യവിതരണത്തിൽ ശ്രദ്ധിക്കുന്നതിനുവേണ്ടി ദൈവവചനഘോഷണം ഞങ്ങൾ ഉപേക്ഷിക്കുന്നത് ഉചിതമല്ല. 3അതുകൊണ്ട് സഹോദരരേ, നിങ്ങളുടെ കൂട്ടത്തിൽനിന്നു സൽപേരുള്ളവരും, ആത്മാവും ജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങൾ തിരഞ്ഞെടുക്കുക; ഇക്കാര്യത്തിനായി അവരെ ഞങ്ങൾ ഉപയോഗിക്കാം. 4ഞങ്ങളാകട്ടെ, പ്രാർഥനയിലും വചനഘോഷണത്തിലും വ്യാപൃതരായിരിക്കും.”
5ഈ നിർദേശം എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവനായ സ്തേഫാനോസ്, ഫീലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതം സ്വീകരിച്ചിരുന്ന അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ അവർ തിരഞ്ഞെടുത്ത്, 6അപ്പോസ്തോലന്മാരുടെ മുമ്പിൽ കൊണ്ടുവന്നു. അവർ പ്രാർഥിച്ച് അവരുടെമേൽ കൈകൾ വച്ചു.
7ദൈവവചനം കൂടുതൽ പ്രചരിച്ചു; യെരൂശലേമിൽ ശിഷ്യന്മാരുടെ സംഖ്യ മേല്‌ക്കുമേൽ വർധിച്ചു; ഒട്ടുവളരെ പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.
സ്തേഫാനോസിനെ അറസ്റ്റു ചെയ്യുന്നു
8ദൈവത്തിന്റെ വരപ്രസാദവും ശക്തിയും നിറഞ്ഞവനായ സ്തേഫാനോസ് ജനമധ്യത്തിൽ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. 9ലിബർത്തിനർ - വിമോചിതർ - എന്നു വിളിക്കപ്പെട്ടിരുന്നവരുടെ സുനഗോഗിലെ അംഗങ്ങളിൽ ചിലരും കുറേനക്കാരും, അലക്സാന്ത്രിയക്കാരും, കിലിക്യ, ഏഷ്യാ എന്നീ സംസ്ഥാനക്കാരിൽ ചിലരും സ്തേഫാനോസിനോടു തർക്കിക്കുവാൻ മുന്നോട്ടു വന്നു. 10എന്നാൽ അദ്ദേഹത്തിന്റെ ജ്ഞാനത്തോടും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന വാക്കുകളോടും എതിർത്തു നില്‌ക്കുവാൻ അവർക്കു കഴിഞ്ഞില്ല. 11അവർ രഹസ്യമായി ചിലരെ വശത്താക്കി; സ്തേഫാനോസ് ദൈവത്തിനും മോശയ്‍ക്കും വിരോധമായി ദൂഷണം പറയുന്നതു തങ്ങൾ കേട്ടു എന്നു പറയിച്ചു. 12അങ്ങനെ അവർ പൊതുജനങ്ങളെയും ജനപ്രമുഖന്മാരെയും നിയമപണ്ഡിതന്മാരെയും ഇളക്കിവിട്ടു. പിന്നീട് അദ്ദേഹത്തെ പിടിച്ച് സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ഹാജരാക്കി. 13ഏതാനും കള്ളസാക്ഷികളെയും കൊണ്ടുവന്നു. അവർ ഇങ്ങനെ മൊഴി കൊടുത്തു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും യെഹൂദധർമശാസ്ത്രത്തിനും എതിരായി അനുസ്യൂതം പ്രസംഗിക്കുന്നു. 14ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നല്‌കിയ ആചാരമര്യാദകളെല്ലാം മാറ്റുമെന്നും ഈ മനുഷ്യൻ പറയുന്നതു ഞങ്ങൾ കേട്ടു.” സന്നദ്രിംസംഘത്തിലിരുന്നവർ സ്തേഫാനോസിനെ സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ മുഖം മാലാഖയുടെ മുഖംപോലെ കാണപ്പെട്ടു.
Pilihan Saat Ini:
TIRHKOHTE 6: malclBSI
Sorotan
Berbagi
Salin
Ingin menyimpan sorotan di semua perangkat Anda? Daftar atau masuk
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.