TIRHKOHTE 2

2
പരിശുദ്ധാത്മാവിന്റെ ആഗമനം
1പെന്തെക്കോസ്തു നാളിൽ അവർ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു. 2പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവൻ വ്യാപിച്ചു. 3തീനാമ്പുപോലെയുള്ള നാവ് അവർക്ക് പ്രത്യക്ഷമായി; അതു പിളർന്ന് ഓരോരുത്തരുടെയും മേൽ പതിഞ്ഞു. 4എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവർക്ക് ഉച്ചരിക്കുവാൻ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളിൽ അവർ സംസാരിക്കുവാൻ തുടങ്ങി.
5അന്ന് ആകാശത്തിൻകീഴുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്നു പാർക്കുന്ന യെഹൂദ ഭക്തജനങ്ങൾ യെരൂശലേമിലുണ്ടായിരുന്നു. 6ഈ ശബ്ദം കേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ വന്നുകൂടി. അവർ സംസാരിക്കുന്നത് ഓരോരുത്തരും അവനവന്റെ സ്വന്തം ഭാഷയിൽ കേട്ടതിനാൽ അവർ അന്ധാളിച്ചുപോയി. 7അവർ അമ്പരന്ന് അദ്ഭുതാധീനരായി പറഞ്ഞു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? 8പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയിൽ കേൾക്കുന്നത്? 9-11പാർഥ്യരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാസംസ്ഥാനം, ഫ്റുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്‍ക്ക് അടുത്തുകിടക്കുന്ന ലിബിയയിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിവസിക്കുന്നവരും റോമിൽനിന്നു വന്നിട്ടുള്ള സന്ദർശകരും ജന്മനാ യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും ക്രീറ്റുകാരും അറേബ്യക്കാരും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. എന്നിട്ടും ദൈവത്തിന്റെ അദ്ഭുതപ്രവർത്തനങ്ങളെപ്പറ്റി അവർ പറയുന്നത് നമ്മുടെ സ്വന്തം ഭാഷകളിൽ നാം കേൾക്കുന്നു!” 12എല്ലാവരും ആശ്ചര്യപ്പെടുകയും സംഭ്രാന്തരാകുകയും ചെയ്തു. “ഇതിന്റെ അർഥം എന്ത്?” എന്ന് അവർ അന്യോന്യം ചോദിച്ചു.
13“അവർ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലർ പരിഹാസപൂർവം പറഞ്ഞു.
പത്രോസിന്റെ സന്ദേശം
14അപ്പോൾ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുക; എന്റെ വാക്കുകൾ ശ്രദ്ധിക്കുക: 15നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോൾ രാവിലെ ഒൻപതുമണിയല്ലേ ആയിട്ടുള്ളൂ. 16എന്നാൽ ഇത് യോവേൽപ്രവാചകൻ പറഞ്ഞിട്ടുള്ളതാണ്:
17ദൈവം അരുളിച്ചെയ്യുന്നു:
അന്ത്യനാളുകളിൽ എന്റെ ആത്മാവിനെ
സകല മനുഷ്യരുടെയുംമേൽ ഞാൻ പകരും;
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും;
നിങ്ങളുടെ യുവാക്കൾ ദർശനങ്ങൾ കാണും.
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ ദർശിക്കും;
18അതേ, ആ നാളുകളിൽ,
എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ
എന്റെ ആത്മാവിനെ ഞാൻ പകരുകയും
അവർ പ്രവചിക്കുകയും ചെയ്യും.
19ഞാൻ ആകാശത്ത് അദ്ഭുതങ്ങളും
ഭൂമിയിൽ അടയാളങ്ങളും കാണിക്കും;
രക്തവും അഗ്നിയും ഇരുണ്ട ധൂമപടലവും തന്നെ.
20കർത്താവിന്റെ മഹത്തും തേജസ്കരവുമായ
ആ ദിവസം വരുന്നതിനുമുമ്പു
സൂര്യൻ ഇരുണ്ടുപോകും;
ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
21എന്നാൽ കർത്താവിന്റെ നാമം
വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷിക്കപ്പെടും.
22“ഇസ്രായേൽജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യൻ ദൈവത്താൽ നിയുക്തനായിരിക്കുന്നു. തന്നിൽകൂടി നിങ്ങളുടെ മധ്യത്തിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവർത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ.
23ഈ യേശു ദൈവത്തിന്റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെട്ടു. നിങ്ങൾ അവിടുത്തെ അധർമികളുടെ കൈകളാൽ കുരിശിൽ തറച്ചുകൊന്നു.
24എന്നാൽ മരണത്തിന്റെ അധീനതയിൽനിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിർപ്പിച്ചു. എന്തെന്നാൽ മരണത്തിന് അവിടുത്തെ തടങ്കലിൽ വയ്‍ക്കുക അസാധ്യമായിരുന്നു. 25ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:
കർത്താവിനെ എപ്പോഴും
എന്റെ കൺമുമ്പിൽ ഞാൻ ദർശിച്ചിരുന്നു;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതിനാൽ
ഞാൻ കുലുങ്ങിപ്പോകുകയില്ല.
26അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു;
എന്റെ നാവ് ആഹ്ലാദപൂർവം ആർത്തുവിളിച്ചു.
മാത്രമല്ല, ഞാൻ മർത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും.
27എന്തെന്നാൽ അങ്ങ് എന്റെ പ്രാണനെ
മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല;
അവിടുത്തെ പരിശുദ്ധനെ
ജീർണതയ്‍ക്കു വിധേയനാകുവാൻ അനുവദിക്കുകയുമില്ല.
28ജീവനിലേക്കു നയിക്കുന്ന മാർഗങ്ങൾ
അങ്ങ് എനിക്കു കാണിച്ചു തന്നു;
അവിടുത്തെ സാന്നിധ്യത്താൽ
എന്നെ സന്തോഷപൂർണനാക്കും.
29“സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാൻ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ. 30ദാവീദ് ഒരു പ്രവാചകനായതിനാൽ തന്റെ സന്താനപരമ്പരയിൽ ഒരുവനെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 31അങ്ങനെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുൻകൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തിൽ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീർണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു. 32ഈ യേശുവിനെയാണു ദൈവം ഉയിർപ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്. 33അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവിൽനിന്നു പ്രാപിച്ചു പകർന്നു തന്നതാണ് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. 34ദാവീദു സ്വർഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു:
35‘ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ പാദപീഠമാക്കുന്നതുവരെ-
നീ എന്റെ വലത്തുഭാഗത്തിരിക്കുക’
എന്നു സർവേശ്വരൻ
എന്റെ കർത്താവിനോട് അരുളിചെയ്തു.
36“അതുകൊണ്ട് നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേൽ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.”
37ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവർ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങൾ എന്താണു വേണ്ടത്?”
38പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിക്കുക; അപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. 39ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചുചേർക്കുന്ന വിദൂരസ്ഥരായ എല്ലാവർക്കുംവേണ്ടിയുള്ളതാണ്.” 40മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയിൽനിന്നു നിങ്ങൾ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. 41അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചവർ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകൾ അവരുടെകൂടെ ചേർന്നു. 42അവർ അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങൾ കേൾക്കുന്നതിലും കൂട്ടായ്മയിലും അപ്പം മുറിക്കുന്നതിലും പ്രാർഥനയിലും നിരന്തരമായി സർവാത്മനാ പങ്കെടുത്തുപോന്നു.
ഭക്തജനങ്ങളുടെ ജീവിതം
43അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു. 44വിശ്വസിച്ചവരെല്ലാം ഒരുമിച്ച് ഒരു സമൂഹമായി കഴിയുകയും, അവർക്കുള്ള സർവസ്വവും പൊതുവകയായി എണ്ണുകയും, 45തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു. 46അവർ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തിൽ വന്നുകൂടിയിരുന്നു. വീടുകൾതോറും അവർ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാർഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും, 47ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും സൗഹൃദം ആസ്വദിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നവരെ കർത്താവു ദിനംതോറും അവരുടെ സംഘത്തിൽ ചേർത്തുകൊണ്ടിരുന്നു.

Pilihan Saat Ini:

TIRHKOHTE 2: malclBSI

Sorotan

Berbagi

Salin

None

Ingin menyimpan sorotan di semua perangkat Anda? Daftar atau masuk

Video untuk TIRHKOHTE 2