ലൂക്കൊസ് 19

19
1അവൻ യെരീഹോവിൽ എത്തി കടന്നുപോകുമ്പോൾ 2ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ, 3യേശു എങ്ങനെയുള്ളവൻ എന്നു കാൺമാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. 4എന്നാറെ അവൻ മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. 5അവൻ ആ സ്ഥലത്ത് എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്ന് അവനോടു പറഞ്ഞു. 6അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. 7കണ്ടവർ എല്ലാം: അവൻ പാപിയായൊരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു. 8സക്കായിയോ നിന്ന് കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. 9യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീട്ടിനു രക്ഷ വന്നു. 10കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിനു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്ന് അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞത് എന്തെന്നാൽ: 12കുലീനനായൊരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്ര പോയി. 13അവൻ പത്തു ദാസന്മാരെ വിളിച്ച് അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു: ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്ന് അവരോടു പറഞ്ഞു. 14അവന്റെ പൗരന്മാരോ അവനെ പകച്ച് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. 15അവൻ രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാൻ കല്പിച്ചു. 16ഒന്നാമത്തവൻ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 17അവൻ അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവൻ ആയിരിക്ക എന്നു കല്പിച്ചു. 18രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 19നീയും അഞ്ചു പട്ടണത്തിനു മേൽവിചാരകൻ ആയിരിക്ക എന്ന് അവൻ അവനോടു കല്പിച്ചു. 20മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ, നിന്റെ റാത്തൽ; ഞാൻ അത് ഒരു ഉറുമാലിൽ കെട്ടി വച്ചിരുന്നു. 21നീ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. 22അവൻ അവനോട്: ദുഷ്ടദാസനേ, നിന്റെ വായിൽനിന്നുതന്നെ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തത് കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. 23ഞാൻ വന്ന് എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്? 24പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽനിന്ന് എടുത്തു പത്തു റാത്തലുള്ളവന് കൊടുപ്പിൻ എന്നു പറഞ്ഞു. 25കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്ന് അവർ പറഞ്ഞു. 26ഉള്ളവന് ഏവനും കൊടുക്കും ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 27എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്, എന്റെ മുമ്പിൽവച്ചു കൊന്നുകളവിൻ എന്ന് അവൻ കല്പിച്ചു.
28ഇതു പറഞ്ഞിട്ട് അവൻ മുമ്പായി നടന്നുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു.
29അവൻ ഒലിവുമലയരികെ ബേത്ത്ഫാഗയ്ക്കും ബേഥാന്യക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു: 30നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. 31അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു. 32അയയ്ക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. 33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചതിന്: 34കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവർ പറഞ്ഞു. 35അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. 36അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. 37അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: 38കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു. 39പുരുഷാരത്തിൽ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. 40അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.
41അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: 42ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. 43നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി 44നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
45പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: 46എന്റെ ആലയം പ്രാർഥനാലയം ആകും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്ന് അവരോടു പറഞ്ഞു.
47അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. 48എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടൂ എന്ന് അവർ അറിഞ്ഞില്ല.

Pati Souliye

Pataje

Kopye

None

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte