യോഹന്നാൻ 20
20
1ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾതന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നത് കണ്ടു. 2അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു. 3അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു. 4ഇരുവരും ഒന്നിച്ച് ഓടി; മറ്റേ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി; 5കുനിഞ്ഞു നോക്കി ശീലകൾ കിടക്കുന്നത് കണ്ടു; അകത്തു കടന്നില്ലതാനും. 6അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു. 7ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു. 8ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. 9അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല. 10അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.
11എന്നാൽ മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. 12യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലയ്ക്കലും ഒരുത്തൻ കാല്ക്കലും ഇരിക്കുന്നത് കണ്ടു. 13അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞാൻ അറിയുന്നില്ല എന്ന് അവൾ അവരോട് പറഞ്ഞു. 14ഇതു പറഞ്ഞിട്ട് അവൾ പിന്നോക്കം തിരിഞ്ഞ്, യേശു നില്ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും. 15യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്ന് നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാൻ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു. 16യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നർഥം. 17യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു. 18മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
19ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട്: നിങ്ങൾക്കു സമാധാനം എന്ന് അവരോട് പറഞ്ഞു. 20ഇതു പറഞ്ഞിട്ട് അവൻ കൈയും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു. 21യേശു പിന്നെയും അവരോട്: നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു. 22ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ. 23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
24എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25മറ്റേ ശിഷ്യന്മാർ അവനോട്: ഞങ്ങൾ കർത്താവിനെ കണ്ടു എന്ന് പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് അവൻ അവരോട് പറഞ്ഞു.
26എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട്: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. 27പിന്നെ തോമാസിനോട്: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. 28തോമാസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്ന് ഉത്തരം പറഞ്ഞു. 29യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
30ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. 31എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.
Chwazi Kounye ya:
യോഹന്നാൻ 20: MALOVBSI
Pati Souliye
Pataje
Kopye

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.