യോഹന്നാൻ 15

15
1ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. 2എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. 3ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. 4എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. 5ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. 6എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. 7നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. 8നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. 9പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ. 10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ച് അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. 11എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 12ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. 13സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല. 14ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർതന്നെ. 15യജമാനൻ ചെയ്യുന്നത് ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്ന് ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു. 16നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടുതന്നെ. 17നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിനു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു. 18ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിൻ. 19നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു. 20ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. 21എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ട് എന്റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും. 22ഞാൻ വന്ന് അവരോട് സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല. 23എന്നെ പകയ്ക്കുന്നവൻ എന്റെ പിതാവിനെയും പകയ്ക്കുന്നു. 24മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകയ്ക്കുകയും ചെയ്തിരിക്കുന്നു. 25“അവർ വെറുതേ എന്നെ പകച്ചു” എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനുതന്നെ. 26ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽനിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. 27നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.

Pati Souliye

Pataje

Kopye

None

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte