YouVersion Logo
Search Icon

യോഹന്നാൻ 10

10
1ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. 2വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. 3അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. 4തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. 5അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. 6ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവർ ഗ്രഹിച്ചില്ല.
7യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. 8എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. 9ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും. 10മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. 11ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. 12ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. 13അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. 14ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. 15ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. 16ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറേ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും. 17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. 18ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാൻതന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽനിന്ന് എനിക്കു ലഭിച്ചിരിക്കുന്നു.
19ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. 20അവരിൽ പലരും; അവനു ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു. 21മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
22അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. 23യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു. 24യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്ന് അവനോട് പറഞ്ഞു. 25യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. 26നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; 27ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. 28ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയിൽനിന്നു പിടിച്ചുപറിക്കയും ഇല്ല. 29അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കൈയിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. 30ഞാനും പിതാവും ഒന്നാകുന്നു. 31യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ല് എടുത്തു. 32യേശു അവരോട്: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. 33യെഹൂദന്മാർ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു. 34യേശു അവരോട്: നിങ്ങൾ ദേവന്മാർ ആകുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? 35ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ- 36ഞാൻ ദൈവത്തിന്റെ പുത്രൻ എന്ന് പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? 37ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; 38ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ച് അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. 39അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോയി.
40അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാർത്തു. 41പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. 42അവിടെ പലരും അവനിൽ വിശ്വസിച്ചു.

Tõsta esile

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in