YouVersion Logo
Search Icon

LUKA 20

20
എന്ത് അധികാരംകൊണ്ട്?
(മത്താ. 21:23-27; മർക്കോ. 11:27-33)
1ഒരു ദിവസം യേശു ദേവാലയത്തിൽ ജനങ്ങളെ പ്രബോധിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. തത്സമയം പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരോടുകൂടി അവിടുത്തെ സമീപിച്ചു ചോദിച്ചു: 2“എന്തധികാരം കൊണ്ടാണു താങ്കൾ ഇതെല്ലാം ചെയ്യുന്നത്? പറയൂ, ആരാണു താങ്കൾക്ക് ഈ അധികാരം തന്നത്?”
3യേശു പ്രതിവചിച്ചു: “ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: അതിനു മറുപടി പറയാമോ? 4യോഹന്നാനു സ്നാപനം ചെയ്യാനുള്ള അധികാരം ലഭിച്ചത് ദൈവത്തിൽ നിന്നോ, മനുഷ്യരിൽനിന്നോ?”
5അവർ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചർച്ച ചെയ്തു; “ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാൾ ചോദിക്കും; 6മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാൻ ഒരു പ്രവാചകനായിരുന്നു എന്ന് അവർ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.” 7അതുകൊണ്ട്, “എവിടെനിന്ന് എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ മറുപടി പറഞ്ഞു.
8“എന്നാൽ എന്തധികാരംകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു പറഞ്ഞു.
ദുഷ്ടന്മാരായ പാട്ടക്കാർ
(മത്താ. 21:33-46; മർക്കോ. 12:1-12)
9അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കൽ ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാൾ ദീർഘകാലത്തെ വിദേശവാസത്തിനായി പോയി. 10വിളവെടുക്കാറായപ്പോൾ തോട്ടത്തിൽനിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാൾ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കൽ അയച്ചു. അവർ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്‍ക്കുകയും ചെയ്തു. അയാൾ വീണ്ടും ഒരു ഭൃത്യനെ അയച്ചു. 11അവർ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു. 12മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവർ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി. 13അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്റെ വത്സലപുത്രനെ തന്നെ അയയ്‍ക്കാം; അവനെ ഒരുപക്ഷേ അവർ ആദരിച്ചേക്കും.” 14എന്നാൽ പാട്ടക്കാർ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോൾ അവകാശം നമ്മുടേതായിത്തീരുമല്ലോ!’ 15അവർ തോട്ടമുടമസ്ഥന്റെ പുത്രനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു.
16“മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അയാൾ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.”
അവർ ഇതു കേട്ടപ്പോൾ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു.
17യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു:
“അങ്ങനെയെങ്കിൽ പണിക്കാർ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്റെ അർഥമെന്ത്? 18ആ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേൽ വീണാൽ അത് അവനെ തകർത്തുകളയും.”
മതപണ്ഡിതന്മാരും പുരോഹിതമുഖ്യന്മാരും
(മത്താ. 22:15-22; മർക്കോ. 12:13-17)
19ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാർക്കും മതപണ്ഡിതന്മാർക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തിൽത്തന്നെ അവിടുത്തെ പിടികൂടാൻ അവർ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിർന്നില്ല. 20യേശുവിനെ വാക്കിൽ കുടുക്കി പിടികൂടി ഗവർണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവർ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവർ അയച്ചു. 21ആ ഒറ്റുകാർ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. 22കൈസർക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും.
23യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു: 24“കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?”
“കൈസറുടേത്” എന്ന് അവർ പറഞ്ഞു.
25“അങ്ങനെയെങ്കിൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു.
26അങ്ങനെ ജനങ്ങളുടെ മുമ്പിൽവച്ച് യേശുവിനെ വാക്കിൽ കുടുക്കുവാൻ അവർക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയിൽ അവർ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.
സാദൂക്യരുടെ ചോദ്യം
(മത്താ. 22:23-33; മർക്കോ. 12:18-27)
27പുനരുത്ഥാനം ഇല്ല എന്നു വാദിക്കുന്ന സാദൂക്യകക്ഷിയിൽപ്പെട്ട ചിലർ യേശുവിനോടു ചോദിച്ചു: 28“ഗുരോ, ഒരാൾ മക്കളില്ലാതെ മരിച്ചാൽ അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ടല്ലോ. 29ഒരിടത്ത് ഏഴു സഹോദരന്മാർ ജീവിച്ചിരുന്നു. അവരിൽ ഒന്നാമൻ ഒരു സ്‍ത്രീയെ വിവാഹം ചെയ്തു. അയാൾ മക്കളില്ലാതെ മരിച്ചു. 30രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും, 31അങ്ങനെ ഏഴു സഹോദരന്മാരും ആ സ്‍ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ മരിക്കുകയും ചെയ്തു. ഒടുവിൽ ആ സ്‍ത്രീയും മരിച്ചു. 32പുനരുത്ഥാനത്തിൽ ആ സ്‍ത്രീ ആരുടെ ഭാര്യയായിരിക്കും? 33അവൾ ആ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.”
34യേശു പ്രതിവചിച്ചു: “ഈ യുഗത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. 35വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അർഹരാകുന്നവർ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല. 36അവർ പുനരുത്ഥാനത്തിന്റെ പുത്രന്മാരായതിനാൽ ദൈവദൂതന്മാർക്കു തുല്യരും ദൈവത്തിന്റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവർ ഇനിമേൽ മരിക്കുകയില്ല. 37എന്നാൽ മുൾപ്പടർപ്പിനെക്കുറിച്ചു പറയുന്ന ഭാഗത്ത് മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് മോശയും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നത്രേ ദൈവത്തെപ്പറ്റി പറയുന്നത്. 38അവിടുന്നു മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ജീവിക്കുന്നവരാകുന്നു.”
39അപ്പോൾ മതപണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു സമുചിതമായ മറുപടിയാണ്.” 40പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
ക്രിസ്തു ദാവീദിന്റെ പുത്രനോ?
(മത്താ. 22:41-46; മർക്കോ. 12:35-37)
41യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതെങ്ങനെ? 42സങ്കീർത്തനപുസ്തകത്തിൽ ദാവീദു തന്നെ പറയുന്നു:
43സർവേശ്വരൻ
എന്റെ കർത്താവിനോട് അരുൾചെയ്തു:
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന്.
44അങ്ങനെ ദാവീദ് അവിടുത്തെ ‘കർത്താവ്’ എന്നു വിളിക്കുന്നെങ്കിൽ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?”
മതപണ്ഡിതന്മാർക്കെതിരെ
(മത്താ. 23:1-36; മർക്കോ. 12:38-40)
45പിന്നീട് എല്ലാവരും കേൾക്കെ യേശു ശിഷ്യന്മാരോട് അരുൾചെയ്തു: 46“ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ നീണ്ട കുപ്പായം ധരിച്ചുനടക്കുവാൻ ആഗ്രഹിക്കുന്നു. അങ്ങാടിയിൽ വന്ദനവും സുനഗോഗുകളിൽ മുഖ്യാസനവും സത്ക്കാരവിരുന്നുകളിൽ മാന്യസ്ഥാനവും അവർ ഇഷ്ടപ്പെടുന്നു. 47പക്ഷേ, അവർ വിധവകളുടെ വീടുകൾ ചൂഷണം ചെയ്യുകയും കപടഭാവത്തിൽ ദീർഘമായി പ്രാർഥിക്കുകയും ചെയ്യും! അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.”

Currently Selected:

LUKA 20: malclBSI

Tõsta esile

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in