Logo YouVersion
Ikona vyhledávání

ഉൽപ്പത്തി 12

12
ദൈവം അബ്രാമിനെ വിളിക്കുന്നു
1യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന#12:1 മൂ.ഭാ. നിനക്ക് കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.
2“ഞാൻ നിന്നെ വലിയൊരു ജനതയാക്കും;
ഞാൻ നിന്നെ അനുഗ്രഹിക്കും;
നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും.
നീ ഒരു അനുഗ്രഹമായിരിക്കും.
3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും;
നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും;
ഭൂമിയിലെ സകലവംശങ്ങളും
നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.”
4അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു. 5അദ്ദേഹം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ പുത്രനായ ലോത്തിനെയും തങ്ങൾ ഹാരാനിൽവെച്ചു നേടിയ സകലസ്വത്തും ഹാരാനിൽവെച്ച് തങ്ങൾ സമ്പാദിച്ച സേവകരെയും#12:5 മൂ.ഭാ. സമ്പാദിച്ച ആളുകളെയും കൂട്ടി കനാൻദേശത്തേക്കു യാത്രതിരിച്ചു; അവർ കനാൻദേശത്ത് എത്തിച്ചേരുകയും ചെയ്തു.
6അബ്രാം ആ ദേശത്തുകൂടി ശേഖേമിലെ മോരേയിലുള്ള മഹാവൃക്ഷംവരെയും യാത്രചെയ്തു. അക്കാലത്ത് കനാന്യരായിരുന്നു ആ ദേശത്തുണ്ടായിരുന്നത്. 7യഹോവ അബ്രാമിനു പ്രത്യക്ഷനായി, “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു#12:7 അഥവാ, വിത്തിനു നൽകും” എന്ന് അരുളിച്ചെയ്തു. അതിനുശേഷം അദ്ദേഹം തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു.
8അവിടെനിന്ന് അബ്രാം ബേഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു പോയി. അവിടെ തന്റെ കൂടാരം അടിച്ചു; ആ സ്ഥലത്തിന്റെ പടിഞ്ഞാറുവശത്തു ബേഥേലും കിഴക്കുവശത്തു ഹായിയും ആയിരുന്നു. അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു.#12:8 മൂ.ഭാ. പണിത് യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
9അബ്രാം പിന്നെയും ദക്ഷിണദിക്ക് ലക്ഷ്യമാക്കി തന്റെ പ്രയാണം തുടർന്നു.
അബ്രാം ഈജിപ്റ്റിൽ
10ആ സമയത്ത് കനാൻദേശത്ത് ക്ഷാമം ഉണ്ടായി; ക്ഷാമം രൂക്ഷമായിരുന്നതുകൊണ്ട് കുറച്ചുകാലം താമസിക്കുന്നതിനായി അബ്രാം ഈജിപ്റ്റിലേക്കു പോയി. 11ഈജിപ്റ്റിൽ പ്രവേശിക്കാറായപ്പോൾ അദ്ദേഹം ഭാര്യയായ സാറായിയോടു പറഞ്ഞു: “നീ എത്ര സുന്ദരിയെന്നു ഞാൻ അറിയുന്നു, 12ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ, ‘ഇവൾ അവന്റെ ഭാര്യയാകുന്നു’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ സ്വന്തമാക്കുകയും#12:12 മൂ.ഭാ. നിന്നെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യും. 13അതുകൊണ്ട് നീ എന്റെ സഹോദരി എന്നു പറയണം, അപ്പോൾ നീ നിമിത്തം അവർ എന്നോടു നന്നായി പെരുമാറുകയും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.”
14അബ്രാം ഈജിപ്റ്റിൽ എത്തി, സാറായി അതിസുന്ദരി എന്ന് ഈജിപ്റ്റുകാർ കണ്ടു. 15ഫറവോന്റെ ഉദ്യോഗസ്ഥന്മാർ അവളെ കണ്ടിട്ട് ഫറവോനോട് അവളെപ്പറ്റി പ്രശംസിച്ചു സംസാരിക്കുകയും അവളെ രാജകൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 16അവൾനിമിത്തം ഫറവോൻ അബ്രാമിനോടു ദയാപൂർവം പെരുമാറി. അങ്ങനെ അബ്രാമിന് ആടുമാടുകൾ, ആൺകഴുതകൾ, പെൺകഴുതകൾ, ദാസീദാസന്മാർ, ഒട്ടകങ്ങൾ എന്നിവയെല്ലാം ഫറവോൻ നൽകി.
17എന്നാൽ, യഹോവ അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം ഫറവോനെയും അദ്ദേഹത്തിന്റെ ഭവനക്കാരെയും മഹാരോഗങ്ങളാൽ പീഡിപ്പിച്ചു. 18അപ്പോൾ ഫറവോൻ അബ്രാമിനെ ആളയച്ചുവരുത്തി, “നീ എന്നോട് ഈ ചെയ്തതെന്ത്? ഇവൾ നിന്റെ ഭാര്യയാണെന്ന് എന്തുകൊണ്ട് എന്നോടു പറയാതിരുന്നു? 19‘ഇവൾ എന്റെ സഹോദരിയാണ്’ എന്നു നീ പറഞ്ഞതെന്തിന്? ഞാൻ അവളെ ഭാര്യയായി സ്വീകരിക്കാൻ സംഗതിയായല്ലോ? ഇപ്പോൾ ഇതാ നിന്റെ ഭാര്യ, ഇവളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു. 20പിന്നെ ഫറവോൻ തന്റെ ആളുകൾക്ക് അബ്രാമിനെ സംബന്ധിച്ച് ആജ്ഞ നൽകുകയും അവർ അദ്ദേഹത്തെ ഭാര്യയോടും അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടെ യാത്രയാക്കുകയും ചെയ്തു.

Zvýraznění

Sdílet

Kopírovat

None

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas