GENESIS 22
22
അബ്രഹാമിനെ പരീക്ഷിക്കുന്നു
1പിന്നീടൊരു ദിവസം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു; ദൈവം അദ്ദേഹത്തെ വിളിച്ചു. “ഞാൻ ഇതാ” എന്ന് അദ്ദേഹം വിളി കേട്ടു. 2ദൈവം അരുളിച്ചെയ്തു: “നീ സ്നേഹിക്കുന്ന നിന്റെ ഏകപുത്രനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്കു പോകുക. അവിടെ ഞാൻ കല്പിക്കുന്ന മലയിൽ ചെന്ന് അവനെ എനിക്കു ഹോമയാഗമായി അർപ്പിക്കുക.” 3അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു. 4മൂന്നാം ദിവസം അബ്രഹാം ദൂരത്തായി ആ മല കണ്ടു. 5അപ്പോൾ അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞു: “നിങ്ങൾ ഇവിടെ കഴുതയുമായി കാത്തുനില്‌ക്കുക; ഞാനും ബാലനും ആ മലയിൽ ചെന്ന് ആരാധിച്ചതിനുശേഷം തിരിച്ചുവരാം.”
6അബ്രഹാം ഹോമയാഗത്തിനുള്ള വിറക് ഇസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻതന്നെ എടുത്തു; അവർ ഇരുവരും ഒരുമിച്ചു യാത്രയായി. 7വഴിയിൽവച്ചു ഇസ്ഹാക്ക് അപ്പനോടു ചോദിച്ചു: “അപ്പാ, വിറകും തീയും നാം കൊണ്ടുവന്നിട്ടുണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” 8അബ്രഹാം പറഞ്ഞു: “മകനേ, ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവം കരുതിക്കൊള്ളും.” അവർ ഒന്നിച്ചു വീണ്ടും യാത്ര തുടർന്നു. 9ദൈവം കല്പിച്ച സ്ഥലത്ത് അവർ എത്തി. അബ്രഹാം അവിടെ ഒരു യാഗപീഠം ഒരുക്കി; അതിൽ വിറകും അടുക്കിവച്ചു. പിന്നീട് ഇസ്ഹാക്കിനെ ബന്ധിച്ച് യാഗപീഠത്തിന്മേൽ വിറകിനു മീതെ കിടത്തി. 10അതിനുശേഷം മകനെ കൊല്ലാൻ അബ്രഹാം കത്തിയെടുത്തു. 11തൽക്ഷണം ഒരു ദൈവദൂതൻ ആകാശത്തുനിന്ന് “അബ്രഹാമേ, അബ്രഹാമേ” എന്നു വിളിച്ചു. “അടിയൻ ഇതാ” അബ്രഹാം മറുപടി പറഞ്ഞു. 12ദൂതൻ പറഞ്ഞു: “ബാലന്റെമേൽ കൈവയ്‍ക്കരുത്; അവനെ ഒന്നും ചെയ്യരുത്. നിന്റെ ഭക്തി എനിക്കു ബോധ്യമായിരിക്കുന്നു. ഏകപുത്രനെ തരാൻ നീ മടിച്ചില്ലല്ലോ.” 13അബ്രഹാം ചുറ്റും നോക്കിയപ്പോൾ, കുറ്റിക്കാട്ടിൽ കൊമ്പ് കുരുങ്ങിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു; അദ്ദേഹം അതിനെ കൊണ്ടുവന്നു മകനു പകരം ഹോമയാഗമായി അർപ്പിച്ചു. 14അബ്രഹാം ആ സ്ഥലത്തിനു #22:14 യാഹ്‍വേയിരെ = സർവേശ്വരൻ കരുതുന്നുയാഹ്‍വേയിരെ എന്നു പേരിട്ടു. “സർവേശ്വരന്റെ പർവതത്തിൽ അവിടുന്നു #22:14 ദർശനം അരുളും = പർവതത്തിൽ വേണ്ടത് നല്‌കപ്പെടും എന്നുമാകാംദർശനം അരുളും എന്ന് ഒരു ചൊല്ല് ഇങ്ങനെയുണ്ടായി. 15സർവേശ്വരന്റെ ഒരു ദൂതൻ, ആകാശത്തുനിന്ന് അബ്രഹാമിനെ വീണ്ടും വിളിച്ചു. 16ദൂതൻ പറഞ്ഞു: “നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാൻ നീ മടിക്കാഞ്ഞതുകൊണ്ട് 17ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽത്തരിപോലെയും അത്യധികം പെരുകും. 18നിന്റെ സന്തതി ശത്രുക്കളെ കീഴടക്കും; നീ എന്നെ അനുസരിച്ചതുകൊണ്ട്, നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.” 19അതിനുശേഷം അബ്രഹാം ഭൃത്യന്മാരുടെ അടുക്കൽ തിരിച്ചുചെന്നു. അവരൊന്നിച്ച് ബേർ-ശേബയിലേക്കു തിരികെ പോന്നു; അബ്രഹാം അവിടെ പാർത്തു.
നാഹോരിന്റെ പിൻതലമുറക്കാർ
20കുറെക്കാലം കഴിഞ്ഞു തന്റെ സഹോദരനായ നാഹോരിന്, മിൽക്കായിൽ മക്കളുണ്ടായ വിവരം അബ്രഹാം അറിഞ്ഞു. 21അവരിൽ ആദ്യജാതൻ ഊസ് ആയിരുന്നു. അവന്റെ സഹോദരന്മാരായിരുന്നു ബൂസ്, ആരാമിന്റെ പിതാവായ കെമൂവേൽ, 22കേശെദ്, ഹസോ, പിൽദാശ്, യിദ്‍ലാഫ്, ബെഥൂവേൽ എന്നിവർ. 23റിബേക്കായുടെ പിതാവായിരുന്നു ബെഥൂവേൽ. ഈ എട്ടു പേർ നാഹോരിനു മിൽക്കായിൽ ഉണ്ടായ മക്കളായിരുന്നു. 24ഇവരെ കൂടാതെ ഉപഭാര്യയായ രെയൂമായിൽ നാഹോരിനു തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരും ജനിച്ചു.
Právě zvoleno:
GENESIS 22: malclBSI
Zvýraznění
Sdílet
Kopírovat

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.