യോഹന്നാൻ 9

9
1അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു. 2അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. 3അതിന്നു യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. 4എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. 5#മത്തായി 5:14; യോഹന്നാൻ 8:12ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. 6ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി: 7നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു. 8അയല്ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു. 9അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. 10അവർ അവനോടു: നിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവൻ: 11യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു. 12അവൻ എവിടെ എന്നു അവർ അവനോടു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല എന്നു അവൻ പറഞ്ഞു.
13കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. 14യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു. 15അവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. 16പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. 17അവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു. 18കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. 19കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നേയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു. 20അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു. 21എന്നാൽ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആർ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിൻ; അവന്നു പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു. 22യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു 23അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു. 24കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. 25അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. 26അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു. 27അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു. 28അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. 29മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു. 30ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചര്യം. 31പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു. 32കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. 33ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു. 34അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
35അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. 36അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു. 37യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ എന്നു പറഞ്ഞു. 38ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. 39കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. 40അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. 41യേശു അവരോടു: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.

Subratllat

Comparteix

Copia

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió