വെളിപ്പാട് 7
7
മുദ്രയിട്ട 1,44,000
1ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു. 2മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ: 3“നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 4ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.
5യെഹൂദാഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000,
രൂബേൻഗോത്രത്തിൽനിന്ന് 12,000,
ഗാദ്ഗോത്രത്തിൽനിന്ന് 12,000,
6ആശേർ ഗോത്രത്തിൽനിന്ന് 12,000,
നഫ്താലിഗോത്രത്തിൽനിന്ന് 12,000,
മനശ്ശെ ഗോത്രത്തിൽനിന്ന് 12,000,
7ശിമയോൻ ഗോത്രത്തിൽനിന്ന് 12,000,
ലേവി ഗോത്രത്തിൽനിന്ന് 12,000,
യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000,
8സെബൂലൂൻഗോത്രത്തിൽനിന്ന് 12,000,
യോസേഫ് ഗോത്രത്തിൽനിന്ന് 12,000,
ബെന്യാമീൻ ഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000.
വെള്ളവസ്ത്രം ധരിച്ച മഹാസമൂഹം
9ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. 10അവർ അത്യുച്ചത്തിൽ:
“ ‘രക്ഷ’ സിംഹാസനസ്ഥനായ
നമ്മുടെ ദൈവത്തിനും
കുഞ്ഞാടിനും ഉള്ളത്”
എന്ന് ആർത്തുകൊണ്ടിരുന്നു. 11-12അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,
“ആമേൻ!
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും
സ്തുതിയും മഹത്ത്വവും
ജ്ഞാനവും സ്തോത്രവും ബഹുമാനവും
അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,
ആമേൻ!”
എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.
13പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.
14അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു.
അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു. 15ആകയാൽ,
“അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ,
രാപകൽ ദൈവത്തെ ആരാധിക്കുന്നു.
സിംഹാസനസ്ഥൻ
അവർക്കുമീതേ കൂടാരമായിരിക്കും.
16‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ
ദാഹിക്കുകയോ ഇല്ല;
വെയിലോ അത്യുഷ്ണമോ,’#7:16 യെശ. 49:10
അവരെ ഒരിക്കലും ബാധിക്കുകയുമില്ല.
17കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട്
അവരെ മേയിച്ച്
‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’#7:17 യെശ. 49:10
‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’#7:17 യെശ. 25:8”
Currently Selected:
വെളിപ്പാട് 7: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.