സങ്കീർത്തനങ്ങൾ 74
74
സങ്കീർത്തനം 74
ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം.
1ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്?
അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?
2അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ,
അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും
അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.
3അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ,
ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ.
4അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി;
അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു.
5കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ
അവർ അവരുടെ മഴുവീശി.
6അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം
മഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു.
7അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു;
തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു.
8“ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു.
ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി.
9ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല;
ഒരു പ്രവാചകനും ശേഷിക്കുന്നില്ല,
ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല.
10ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും?
എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ?
11അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു?
തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!
12ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്;
അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു.
13അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു;
സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു.
14ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും
അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു.
15ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു;
ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു.
16പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ;
അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
17ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്;
ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
18യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും
ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ.
19അങ്ങയുടെ പ്രാവിന്റെ#74:19 പ്രാവിനെ ഇസ്രായേലിനോട് തുലനംചെയ്തിരിക്കുന്നു; ഹോശ. 7:11 കാണുക. ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ;
അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ.
20അവിടത്തെ ഉടമ്പടി ഓർക്കണമേ,
ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ.
21പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ;
ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ.
22ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ;
ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ.
23അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ,
അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.#74:23 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Currently Selected:
സങ്കീർത്തനങ്ങൾ 74: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.