സദൃശവാക്യങ്ങൾ 17
17
1സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം
കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്.
2വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും
കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും.
3തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു,
എന്നാൽ യഹോവ ഹൃദയം പരിശോധിക്കുന്നു.
4ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു;
കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു.
5ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു;
അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
6പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും
മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്.
7അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല—
വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും!
8കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്;
എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു.
9അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു,
എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു.
10ഭോഷരുടെ മുതുകത്തു നൽകുന്ന നൂറ് അടിയെക്കാൾ
വിവേകിക്കു നൽകുന്ന ഒരു ശാസന കൂടുതൽ പ്രയോജനംനൽകുന്നു.
11അധർമികൾ മാത്സര്യത്തിന് ഉത്സാഹിക്കുന്നു;
അവർക്കെതിരേ മരണത്തിന്റെ ദൂതൻ നിയോഗിക്കപ്പെടും.
12കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെ നേരിടുന്നതിനെക്കാൾ അപകടകരമാണ്,
ഭോഷരുടെ മടയത്തരങ്ങൾ നേരിടുന്നത്.
13നന്മയ്ക്കുപകരം തിന്മചെയ്യുന്നവരുടെ ഭവനത്തിൽനിന്ന്,
തിന്മ ഒരുനാളും വിട്ടൊഴിയുകയില്ല.
14കലഹത്തിന്റെ ആരംഭം ഒരു അണക്കെട്ടു പൊട്ടിപ്പിളരുന്നതുപോലെയാണ്;
അതുകൊണ്ട് തർക്കം ഉടലെടുക്കുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കുക.
15കുറ്റവാളിയെ മോചിപ്പിക്കുന്നതും നിരപരാധിക്ക് ശിക്ഷവിധിക്കുന്നതും—
ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു.
16ജ്ഞാനം സമ്പാദിക്കാൻ ആഗ്രഹമില്ലാത്ത ഭോഷരുടെ
വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കുന്നതു എന്തു ഭോഷത്തം?
17ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്,
ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.
18ബുദ്ധിഹീനർ ജാമ്യക്കരാറിൽ കൈയൊപ്പുചാർത്തുകയും
അയൽവാസിയുടെ ബാധ്യത ഏൽക്കുകയും ചെയ്യുന്നു.
19കലഹപ്രിയർ പാപത്തെ പ്രണയിക്കുന്നു;
ഉയർന്ന മതിൽ നിർമിക്കുന്നവർ നാശം ക്ഷണിച്ചുവരുത്തുന്നു.
20വക്രഹൃദയമുള്ളവർ അഭിവൃദ്ധിപ്രാപിക്കുന്നില്ല,
വഞ്ചനയോടെ സംസാരിക്കുന്നവർ അനർഥത്തിലേക്കു വഴുതിവീഴും.
21മാതാപിതാക്കൾക്ക് ഭോഷരായ മക്കൾ ഉണ്ടായിരിക്കുന്നതു വേദനാജനകം;
ഭോഷരുടെ മാതാപിതാക്കൾക്ക് ആനന്ദം അന്യമായിരിക്കും.
22സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം,
എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു.
23ദുഷ്ടർ രഹസ്യമായി കൈക്കൂലി വാങ്ങുന്നു
നീതിയുടെ വഴികൾ അട്ടിമറിക്കാൻ അവർ അപ്രകാരംചെയ്യുന്നു.
24വിവേകികൾ തങ്ങളുടെ ദൃഷ്ടി ജ്ഞാനത്തിൽ ഉറപ്പിക്കുന്നു,
എന്നാൽ ഭോഷരുടെ കണ്ണുകൾ ഭൂമിയുടെ അതിർത്തികളിൽ അലയുന്നു.
25ഭോഷരായ മക്കൾ#17:25 മൂ.ഭാ. ഭോഷനായ മകൻ അവരുടെ പിതാവിനു സങ്കടവും
തങ്ങളുടെ പെറ്റമ്മയ്ക്കു കയ്‌പും കൊണ്ടുവരുന്നു.
26നിഷ്കളങ്കർക്കു പിഴ കൽപ്പിക്കുന്നത് ഉചിതമല്ല,
സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ പ്രഹരിക്കുന്നതും യുക്തമല്ല.
27പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു,
വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.
28നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും
നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും.
Currently Selected:
സദൃശവാക്യങ്ങൾ 17: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.