YouVersion Logo
Search Icon

നെഹെമ്യാവ് 8

8
1ജനമെല്ലാം ഏകമനസ്സോടെ ജലകവാടത്തിനുമുമ്പിലുള്ള ചത്വരത്തിൽ വന്നുകൂടി. യഹോവ ഇസ്രായേലിനു കൽപ്പിച്ചുനൽകിയതായ മോശയുടെ ന്യായപ്രമാണഗ്രന്ഥം കൊണ്ടുവരാൻ അവർ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായോടു പറഞ്ഞു.
2അങ്ങനെ ഏഴാംമാസം ഒന്നാംതീയതി പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിക്കാൻ കഴിവുള്ളവരും അടങ്ങിയ ആ കൂട്ടത്തിലേക്ക് എസ്രാപുരോഹിതൻ ന്യായപ്രമാണം കൊണ്ടുവന്നു. 3ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.
4ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു.
5എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. 6മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു.
7ജനം അവരുടെ സ്ഥാനത്തു നിൽക്കുമ്പോൾത്തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമിൻ, അക്കൂബ്, ശബ്ബെഥായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണം വിവരിച്ചുകൊടുത്തു. 8അവർ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ച് ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന് വ്യാഖ്യാനിക്കുകയും#8:8 അഥവാ, പരിഭാഷപ്പെടുത്തുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു.
9ദേശാധിപതിയായ നെഹെമ്യാവും പുരോഹിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായും ജനത്തെ ഉപദേശിച്ച ലേവ്യരും സകലജനത്തോടും പറഞ്ഞത്: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധം; ഇന്നു കരയുകയോ വിലപിക്കുകയോ ചെയ്യരുത്;” ന്യായപ്രമാണവചനങ്ങൾ കേട്ടപ്പോൾ ജനമെല്ലാം കരയുകയായിരുന്നു.
10നെഹെമ്യാവു തുടർന്ന് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾചെന്ന് നല്ല ഭക്ഷണം കഴിച്ച്, മധുരപാനീയം കുടിച്ച്, തങ്ങൾക്കുവേണ്ടി ഒന്നും കരുതിയിട്ടില്ലാത്തവർക്കുള്ള വീതം കൊടുത്തയയ്ക്കുക; കാരണം, ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധം; ഇന്നു വിലപിക്കരുത്, കാരണം യഹോവയിലുള്ള ആനന്ദം ആണല്ലോ നമ്മുടെ ബലം.”
11“ശാന്തരാകുവിൻ, ഈ ദിവസം വിശുദ്ധമല്ലോ, ഇന്നു വിലപിക്കരുത്,” എന്നു പറഞ്ഞ് ലേവ്യരും ജനത്തെ ശാന്തരാക്കി.
12തങ്ങളോടു പറഞ്ഞവാക്കുകൾ ജനമെല്ലാം ഗ്രഹിച്ചതിനാൽ അവർ പോയി ഭക്ഷിക്കുകയും പാനംചെയ്യുകയും ആഹാരത്തിന്റെ വീതം മറ്റുള്ളവർക്കു#8:12 ഈ വാക്ക് മൂ.ഭാ. കാണുന്നില്ല. കൊടുത്തയയ്ക്കുകയും വളരെ ആനന്ദത്തോടെ ആഘോഷിക്കുകയും ചെയ്തു.
13ആ മാസത്തിന്റെ രണ്ടാംദിവസം സകലജനത്തിന്റെയും കുടുംബത്തലവന്മാർ പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് ന്യായപ്രമാണത്തിലെ വാക്കുകൾ സശ്രദ്ധം മനസ്സിലാക്കേണ്ടതിന് ഉപദേഷ്ടാവായ എസ്രായുടെ അടുക്കൽവന്നു. 14ഏഴാംമാസത്തിലെ ഉത്സവകാലത്ത് ഇസ്രായേൽമക്കൾ കൂടാരങ്ങളിൽ പാർക്കണം എന്ന് യഹോവ മോശമുഖാന്തരം കൽപ്പിച്ച ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് അവർ കണ്ടു. 15എഴുതപ്പെട്ടിരിക്കുന്നപ്രകാരം, “കുന്നുകളിലേക്കു പോയി ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തപ്പനമടൽ, തഴച്ചവൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവന്ന്, കൂടാരങ്ങൾ നിർമിക്കുക”#8:15 ലേവ്യ. 23:37-40 കാണുക. എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും ജെറുശലേമിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
16അങ്ങനെ ജനം പോയി കൊമ്പുകൾ വെട്ടിക്കൊണ്ടുവന്ന്, തങ്ങളുടെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ മുറ്റത്തും ജലകവാടത്തിന്റെമുന്നിലും എഫ്രയീംകവാടത്തിന്റെമുന്നിലും കൂടാരങ്ങളുണ്ടാക്കി. 17പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവരുടെ കൂട്ടമെല്ലാം കൂടാരങ്ങൾ നിർമിച്ച് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ ഇസ്രായേൽമക്കൾ അങ്ങനെ ചെയ്തിരുന്നില്ല; അങ്ങനെ ചെയ്തതിനാൽ അവരുടെ ആനന്ദം വളരെ വലിയതായിരുന്നു.
18ആദ്യദിവസംമുതൽ അവസാനദിവസംവരെ ദിവസേന അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ചു. ഏഴുദിവസം അവർ ഉത്സവം ആചരിച്ചു; നിയമിക്കപ്പെട്ടിരുന്നത് അനുസരിച്ച് എട്ടാംദിവസം അവർ ഒരു സഭായോഗം കൂടി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in