നെഹെമ്യാവ് 4
4
മതിൽപണിക്കു നേരിട്ട എതിർപ്പുകൾ
1ഞങ്ങൾ മതിൽ പുനർനിർമിക്കുന്നു എന്നു കേട്ടപ്പോൾ സൻബല്ലത്ത് കോപിച്ചു; അദ്ദേഹം വല്ലാതെ രോഷാകുലനായിട്ട്, യെഹൂദന്മാരെ നിന്ദിച്ചു. 2“ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു.
3അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: “അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!”
4ഞങ്ങളുടെ ദൈവമേ, കേൾക്കണമേ! ഞങ്ങൾ നിന്ദിതരായിരിക്കുന്നു. അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടക്കി നൽകണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏൽപ്പിക്കണമേ. 5പണിയുന്നവരുടെനേർക്ക് അവർ നിന്ദ ചൊരിഞ്ഞതിനാൽ#4:5 അഥവാ, അവർ കോപാകുലരായതിനാൽ തിരുസന്നിധിയിൽ അവരുടെ അകൃത്യം മറയ്ക്കുകയും പാപം മായിക്കുകയും ചെയ്യരുതേ!
6ജനം പൂർണമനസ്സോടെ വേല ചെയ്തതിനാൽ ഞങ്ങൾ മതിൽമുഴുവനും പകുതിപ്പൊക്കംവരെ പണിതുയർത്തി.
7എന്നാൽ ജെറുശലേമിന്റെ മതിലുകൾ വേഗത്തിൽ നന്നാക്കപ്പെടുന്നെന്നും അതിലെ വിടവുകൾ അടയ്ക്കപ്പെടുന്നെന്നും സൻബല്ലത്ത്, തോബിയാവ്, അരാബ്യർ, അമ്മോന്യർ, അശ്ദോദ്യർ എന്നിവർ കേട്ടപ്പോൾ അവർ വളരെ പ്രകോപിതരായി. 8ജെറുശലേമിനോടു വന്നു യുദ്ധംചെയ്ത് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ഒത്തുകൂടി ആലോചിച്ചു. 9എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; ഈ വെല്ലുവിളി നിമിത്തം രാവും പകലും ഇവർക്കെതിരേ കാവൽനിർത്തി.
10അതിനുശേഷം യെഹൂദ്യർ: “പണിക്കാരുടെ ശക്തി ക്ഷയിക്കുന്നു; മതിൽ പണിയാൻ നമുക്കു കഴിയാത്തവിധം ധാരാളം കല്ലും മണ്ണും ഇനിയുമിവിടെ കൂടിക്കിടക്കുന്നു” എന്നു പറഞ്ഞു.
11“അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിനുമുമ്പേ നമുക്ക് അവരുടെയിടയിലേക്കു ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം,” എന്ന് ഞങ്ങളുടെ ശത്രുക്കൾ പറയുകയും ചെയ്തു.
12അവരുടെ സമീപം താമസിച്ചിരുന്ന യെഹൂദന്മാർ ഞങ്ങളുടെ അടുക്കൽവന്ന്, “എങ്ങോട്ടു തിരിഞ്ഞാലും അവർ നമുക്കെതിരേ വരും” എന്നു പത്തിലധികം പ്രാവശ്യം പറഞ്ഞു.
13അതുകൊണ്ട് ഞാൻ മതിലിന്റെ പൊക്കം വളരെ കുറഞ്ഞു തുറന്നുകിടക്കുന്ന ചില സ്ഥലങ്ങളിൽ വാൾ, കുന്തം, അമ്പ്, എന്നിവയുമായി ആളുകളിൽ ചിലരെ അവരുടെ കുടുംബങ്ങളോടുകൂടെ നിർത്തി. 14സകലതും നോക്കിയശേഷം ഞാൻ എഴുന്നേറ്റ് പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക; അങ്ങനെ നിങ്ങളുടെ സഹോദരങ്ങൾക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും ഭവനങ്ങൾക്കുംവേണ്ടി യുദ്ധംചെയ്യുക.”
15അവരുടെ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞെന്നും ദൈവം തങ്ങളുടെ പദ്ധതി നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം, ഞങ്ങൾ മതിൽപണിയിലേക്കും ഓരോരുത്തരും അവരവരുടെ വേലയിലേക്കും മടങ്ങി.
16അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു. 17ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു ജോലി ചെയ്യുകയും മറ്റേ കൈയിൽ ആയുധം പിടിക്കുകയും ചെയ്തു. 18പണിയുന്നവരെല്ലാം വാൾ അരയ്ക്കു കെട്ടിയിരുന്നു. കാഹളം മുഴക്കുന്നവൻ എന്നോടൊപ്പംതന്നെ നിന്നു.
19എന്നിട്ട് ഞാൻ പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “പണി വലിയതും വിശാലവുമാണ്. നാമെല്ലാം മതിലിന്മേൽ വളരെ അകലെയുമാണ്. 20കാഹളത്തിന്റെ മുഴക്കം നിങ്ങൾ എവിടെ കേട്ടാലും അവിടെ ഞങ്ങളോടു ചേരുക. നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധംചെയ്യും.”
21അങ്ങനെ നേരംപുലരുമ്പോൾമുതൽ നക്ഷത്രങ്ങൾ പ്രകാശിച്ചുതുടങ്ങുന്നതുവരെ ഞങ്ങളിൽ പകുതിപ്പേർ കുന്തമേന്തിനിന്നു; ഇങ്ങനെ ഞങ്ങൾ വേല തുടർന്നു. 22ആ സമയത്ത് ഞാൻ ജനങ്ങളോട് ഇതുകൂടി പറഞ്ഞു: “ഓരോ മനുഷ്യനും അവന്റെ സഹായിയും ജെറുശലേമിൽത്തന്നെ രാത്രി പാർക്കട്ടെ, ഇങ്ങനെ രാത്രിയിൽ കാവലിനും പകൽ വേല ചെയ്യുന്നതിനും അവർക്കു കഴിയുമല്ലോ.” 23ഞാനോ എന്റെ സഹോദരന്മാരോ എന്റെ സേവകരോ എന്നോടൊപ്പമുള്ള കാവൽക്കാരോ ആരും വസ്ത്രം മാറിയില്ല; അവർ വെള്ളംകൊണ്ടുവരാൻ പോകുമ്പോൾപോലും#4:23 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ആയുധം ധരിച്ചിരുന്നു.
Currently Selected:
നെഹെമ്യാവ് 4: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.