YouVersion Logo
Search Icon

യൂദാ 1

1
1യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ,
പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി#1:1 അഥവാ, ക്രിസ്തുവിൽ സംരക്ഷിക്കപ്പെട്ടുമിരിക്കുന്ന വിളിക്കപ്പെട്ടവർക്ക്,#1:1 അതായത്, ദൈവത്തിന്റെ സ്വന്തം ജനമായിത്തീർന്നവർക്ക് എഴുതുന്നത്:
2നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
അഭക്തരുടെ പാപവും അവർക്കുവരുന്ന നാശവും
3പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി. 4കാരണം, നമ്മുടെ ദൈവത്തിന്റെ കൃപയെ അസാന്മാർഗികജീവിതത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും നമ്മുടെ ഏകാധിനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയുംചെയ്യുന്ന അഭക്തരായ ചിലർ നിങ്ങളുടെയിടയിൽ നുഴഞ്ഞുകയറിയിരിക്കുന്നു. ഇവരുടെ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു.
5നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.#1:5 അതായത്, ശാരീരികമരണം സംഭവിച്ചു 6ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. 7അതേവിധത്തിൽ, സൊദോമിലും ഗൊമോറായിലും ചുറ്റുമുള്ള പട്ടണങ്ങളിലും ജീവിച്ചിരുന്നവർ ഹീനമായ ലൈംഗിക അസാന്മാർഗികതയിൽ മുഴുകി അസ്വാഭാവികമായ ഭോഗവിലാസത്തിൽ#1:7 മൂ.ഭാ. അന്യജഡം മോഹിച്ചു ജീവിച്ചതുമൂലം നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചത് ഇന്നുള്ളവർക്കും ഒരു അപായസൂചനയായി നിലകൊള്ളുന്നു.
8ഇപ്രകാരംതന്നെയാണ് നിങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയവരും. അവർ സ്വപ്നദർശികളായി ശരീരത്തെ മലിനമാക്കുകയും അധികാരത്തെ ധിക്കരിക്കുകയും സ്വർഗീയജീവികളെ അധിക്ഷേപിക്കുകയുംചെയ്യുന്നു. 9എന്നാൽ പ്രധാന ദൂതനായ മീഖായേൽപോലും, മോശയുടെ ശരീരത്തെ സംബന്ധിച്ച് പിശാചിനോടു തർക്കിച്ചപ്പോൾ, “കർത്താവ് നിന്നെ ശാസിക്കട്ടെ” എന്നു പറഞ്ഞതല്ലാതെ അവനെതിരായി ന്യായവിധിനടത്തി ദൈവദൂഷണം ചെയ്യാൻ മുതിർന്നില്ല.#1:9 ന്യായവിധി ദൈവത്തിന്റെമാത്രം അധികാരപരിധിയിൽ പെട്ടതാണ് അതു മറ്റൊരാൾ ചെയ്യുന്നത് ദൈവദൂഷണമാണ്. 10എന്നാൽ ഇവരാകട്ടെ, വിശേഷബുദ്ധിയില്ലാതെ ജന്മവാസനകൊണ്ടു ഗ്രഹിക്കുന്ന മൃഗങ്ങളെപ്പോലെ, തങ്ങൾക്കു ഗ്രഹിക്കാൻ പ്രയാസമുള്ളതിനെയെല്ലാം ദുഷിക്കുന്നു. ഇങ്ങനെ ഇവർ നശിക്കുകയുംചെയ്യുന്നു.
11ഇവർക്കു ഹാ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും,#1:11 സ്വസഹോദരനായ ഹാബേലിന്റെ യാഗത്തിൽ ദൈവം പ്രസാദിച്ചതിൽ അസൂയമൂത്ത് കൊലപ്പെടുത്തിയത്.#1:11 ഉൽ. 4:3-8 പ്രതിഫലം മോഹിച്ചു ബിലെയാമിന്റെ വഞ്ചനയ്ക്ക്#1:11 സംഖ്യ. 22–24 സ്വയം ഏൽപ്പിച്ചുകൊടുക്കുകയും കോരഹിന്റെ മത്സരത്തിൽ#1:11 സംഖ്യ. 16 നശിച്ചുപോകുകയുംചെയ്യുന്നു.
12ഇവർ നിങ്ങളുടെ സ്നേഹവിരുന്നുകളിലെ കളങ്കങ്ങളാണ്. യാതൊരു ലജ്ജയുമില്ലാതെ തിന്നുകുടിച്ചു മദിക്കുന്നവർ! സ്വന്തം വിശപ്പുമാത്രം തീർക്കുന്ന ഇടയന്മാർ! കാറ്റിൽ പാറിപ്പോകുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ! ഫലമില്ലാത്തതും പിഴുതെടുത്തതും രണ്ടുവട്ടം ചത്തതുമായ ശരൽക്കാല വൃക്ഷങ്ങൾ! 13സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ!
14-15ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “സകലരെയും ന്യായംവിധിക്കാനും ദൈവഭയമില്ലാതെ ചെയ്ത സകലതിന്മപ്രവൃത്തികളെക്കുറിച്ചും ഭക്തികെട്ട പാപികൾ കർത്താവിനെതിരേ പറഞ്ഞ സകലനിഷ്ഠുര വചനങ്ങളെക്കുറിച്ചും അവർക്കു ബോധംവരുത്താനുമായി, കർത്താവ് അവിടത്തെ ആയിരമായിരം വിശുദ്ധരോടുകൂടി ഇതാ വരുന്നു.”#1:14-15 യെഹൂദരുടെ പുസ്തകമായ ഹാനോക്കിന്റെ ഒന്നാം പുസ്തകത്തിൽനിന്നുള്ള ഉദ്ധരണി. 16ഇവർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എപ്പോഴും പിറുപിറുക്കുന്നവരും ദോഷംമാത്രം കാണുന്നവരും സ്വന്തം ദുർമോഹങ്ങളെ പിൻതുടരുന്നവരുമാണ്. തങ്ങളെക്കുറിച്ച് ഇവർ പൊങ്ങച്ചം പറയുകയും കാര്യസാധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുകയുംചെയ്യുന്നു.
സഹിഷ്ണുതയ്ക്കുള്ള ആഹ്വാനം
17നിങ്ങളോ പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുന്നറിയിപ്പായി നിങ്ങളോടു പറഞ്ഞ സന്ദേശങ്ങൾ ഓർക്കുക. 18“അന്ത്യകാലത്തു ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളെ പിൻതുടരുന്ന പരിഹാസകർ ഉണ്ടാകും” എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ. 19ലൗകികരും ദൈവാത്മാവ് ഇല്ലാത്തവരുമായ ഇവരാണ് നിങ്ങളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത്.
20നിങ്ങളോ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികശാക്തീകരണം വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും 21നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക.
22ചഞ്ചലമാനസരോടു കരുണ കാണിക്കുക; 23ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ#1:23 മൂ.ഭാ. വസ്ത്രത്തെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.
ആശീർവാദം
24വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, 25നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.

Currently Selected:

യൂദാ 1: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in