YouVersion Logo
Search Icon

യോശുവ 22

22
കിഴക്കുള്ള ഗോത്രങ്ങൾ സ്വദേശത്തേക്കു മടങ്ങുന്നു
1ഇതിനുശേഷം യോശുവ രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പകുതിഗോത്രം എന്നിവരെ വിളിച്ച് അവരോടു ഇപ്രകാരം പറഞ്ഞു: 2“യഹോവയുടെ ദാസനായ മോശ നിങ്ങളോടു കൽപ്പിച്ചതൊക്കെയും നിങ്ങൾ ചെയ്യുകയും ഞാൻ കൽപ്പിച്ചതൊക്കെയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. 3ഈ കാലമത്രയും—ഇന്നുവരെയും—നിങ്ങൾ നിങ്ങളുടെ സഹയിസ്രായേല്യരെ ഉപേക്ഷിച്ചുകളയാതെ, യഹോവയായ ദൈവം നിങ്ങളെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചിരിക്കുന്നു. 4ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ ശേഷം ഗോത്രങ്ങളിലുള്ള നിങ്ങളുടെ സഹോദരങ്ങളോടു വാഗ്ദാനംചെയ്തതുപോലെ അവർക്കു സ്വസ്ഥത നൽകിയിരിക്കുന്നതിനാൽ, യഹോവയുടെ ദാസനായ മോശ യോർദാനക്കരെ നിങ്ങൾക്കു നൽകിയിട്ടുള്ള സ്വദേശത്തേക്കു നിങ്ങൾ മടങ്ങിപ്പോകുക. 5എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ എല്ലാ വഴികളിലും നടക്കുക, അവിടത്തെ കൽപ്പനകളെ ആചരിക്കുക, അവിടത്തോടു പറ്റിച്ചേർന്നുനിന്നുകൊണ്ട് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സേവിക്കുക എന്നിങ്ങനെ യഹോവയുടെ ദാസനായ മോശ നിങ്ങൾക്കുതന്ന കൽപ്പനകളും ന്യായപ്രമാണവും അനുസരിക്കുന്നതിൽ അതീവശ്രദ്ധാലുക്കളായിരിക്കണം.”
6പിന്നീടു യോശുവ അവരെ അനുഗ്രഹിച്ചു യാത്രയയച്ചു, അവർ അവരുടെ വീടുകളിലേക്കു പോകുകയും ചെയ്തു. 7(മനശ്ശെയുടെ പകുതി ഗോത്രത്തിന് മോശ ബാശാനിൽ സ്ഥലം കൊടുത്തിരുന്നു; മറ്റേ പകുതിഗോത്രത്തിനു യോശുവ യോർദാന്റെ പടിഞ്ഞാറുവശത്ത് അവരുടെ സഹോദരങ്ങളോടുകൂടി സ്ഥലം കൊടുക്കുകയും ചെയ്തിരുന്നു.) യോശുവ അവരെ അനുഗ്രഹിച്ച് വീടുകളിലേക്കയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: 8“നിരവധി കന്നുകാലികൾ, വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, വളരെ വസ്ത്രങ്ങൾ തുടങ്ങി വമ്പിച്ച സമ്പത്തോടുകൂടി നിങ്ങൾ വീടുകളിലേക്കു മടങ്ങുക. നിങ്ങളുടെ ശത്രുക്കളിൽനിന്നു ലഭിച്ച കൊള്ളമുതൽ നിങ്ങളുടെ സഹോദരങ്ങളുമായി പങ്കിടുകയും ചെയ്യണം.”
9അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും, മോശയിൽക്കൂടി യഹോവ കൽപ്പിച്ചപ്രകാരം അവർക്ക് അവകാശമായി ലഭിച്ചിരുന്ന അവരുടെ സ്വന്തം ദേശമായ ഗിലെയാദിലേക്ക്, കനാനിലെ ശീലോവിൽനിന്ന് ഇസ്രായേൽമക്കളെ വിട്ടുപുറപ്പെട്ടു.
10കനാൻദേശത്ത് യോർദാനു സമീപമുള്ള ഗലീലോത്തിൽ അവർ വന്നപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി അവിടെ യോർദാനരികിൽ വളരെ വലുപ്പമുള്ള ഒരു യാഗപീഠം പണിതു. 11യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു. 12അപ്പോൾ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനു പോകാൻ ശീലോവിൽ ഒരുമിച്ചുകൂടി.
13ഇസ്രായേൽമക്കൾ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ഗിലെയാദിലേക്ക് അയച്ചു. 14അദ്ദേഹത്തോടുകൂടെ ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഒരു കുലത്തിന് ഒരു തലവൻവീതം പത്തു തലവന്മാരെയും അയച്ചു. അവരിൽ ഓരോരുത്തനും ഇസ്രായേല്യകുലങ്ങളിലെ കുടുംബവിഭാഗങ്ങളുടെ മേൽവിചാരകനായിരുന്നു.
15അവർ ഗിലെയാദിൽ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞു: 16“യഹോവയുടെ സഭമുഴുവനും ഇപ്രകാരം പറയുന്നു: ഇസ്രായേലിന്റെ ദൈവത്തോടു വിശ്വാസത്യാഗം കാണിക്കത്തക്കവിധം ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? യഹോവയെ വിട്ടുമാറി അവിടത്തോടു മത്സരിച്ച് നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം പണിതത് എന്തിന്? 17പെയോരിൽവെച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം ഒരു ബാധ യഹോവയുടെ സമൂഹത്തിന് ബാധിച്ചെങ്കിലും ഇതുവരെ നാം നമ്മെത്തന്നെ ആ പാപത്തിൽനിന്ന് പൂർണമായി ശുദ്ധീകരിച്ചിട്ടില്ലല്ലോ. 18നിങ്ങൾ ഇപ്പോൾ യഹോവയെ വിട്ടുമാറാൻ പോകുകയാണോ?
“ ‘ഇന്നു നിങ്ങൾ യഹോവയോടു മത്സരിക്കുന്നെങ്കിൽ നാളെ അവിടന്ന് ഇസ്രായേലിന്റെ സർവസഭയോടും കോപിക്കാൻ ഇടയാകും. 19നിങ്ങൾക്കു ലഭിച്ച അവകാശദേശം അശുദ്ധമെങ്കിൽ യഹോവയുടെ സമാഗമകൂടാരം നിൽക്കുന്ന യഹോവയുടെ ദേശത്തേക്കു വരിക. അവിടെ ഞങ്ങളുടെ ഇടയിൽ ഓഹരി തരാം. എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ നിങ്ങളുടേതായിട്ട് ഒരു യാഗപീഠം പണിതു യഹോവയ്ക്കെതിരായിട്ടോ ഞങ്ങൾക്കെതിരായിട്ടോ മത്സരിക്കരുത്. 20സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’ ”
21അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു: 22“സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്! 23യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ.
24“അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? 25ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു#22:25 മൂ.ഭാ. ഭയക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്.
26“അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല. 27നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ.
28“കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’
29“ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ സമാഗമകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കുകവഴി യഹോവയോടു മത്സരിക്കാനോ ഇന്ന് അവിടത്തെ വിട്ടുമാറാനോ ഞങ്ങൾക്ക് ഒരിക്കലും ഇടയാക്കാതിരിക്കട്ടെ.”
30രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞവാക്കുകൾ പുരോഹിതനായ ഫീനെഹാസും അദ്ദേഹത്തോടുകൂടെ ഇസ്രായേല്യരുടെ കുലത്തലവന്മാരായ സഭാനേതാക്കന്മാരെല്ലാവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി. 31പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ ഈ കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടാത്തതിനാൽ യഹോവ നമ്മോടുകൂടെയുണ്ട് എന്നു ഞങ്ങൾ ഇന്ന് അറിയുന്നു. നിങ്ങൾ ഇസ്രായേലിനെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
32പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും സഭാനേതാക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദിൽനിന്നു കനാനിൽ ചെന്ന് ഇസ്രായേൽമക്കളോടു വസ്തുതകൾ അറിയിച്ചു. 33ഇസ്രായേൽമക്കൾ ഇതു കേട്ട് ആനന്ദിച്ചു ദൈവത്തെ സ്തുതിച്ചു. രൂബേന്യരും ഗാദ്യരും താമസിച്ച ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ചു പിന്നെ സംസാരിച്ചിട്ടേയില്ല.
34രൂബേന്യരും ഗാദ്യരും, “യഹോവ ആകുന്നു ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിനു ഏദ്#22:34 സാക്ഷി എന്നർഥം. എന്നു പേരിട്ടു.

Currently Selected:

യോശുവ 22: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in