യോശുവ 14
14
യോർദാന്റെ പടിഞ്ഞാറുള്ള ഭൂപ്രദേശത്തിന്റെ വിഭജനം
1കനാൻദേശത്ത് ഇസ്രായേൽമക്കൾക്കു ലഭിച്ച അവകാശഭൂമി ഇതാണ്: എലെയാസാർ പുരോഹിതനും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രത്തലവന്മാരും ചേർന്ന് അവർക്കു വിഭജിച്ചുകൊടുത്തു. 2യഹോവ മോശയിൽക്കൂടി കൽപ്പിച്ചതുപോലെ ഒൻപതരഗോത്രങ്ങൾക്ക് ഓഹരി ഭാഗിച്ചുകൊടുത്തത് നറുക്കിട്ടായിരുന്നു. 3രണ്ടര ഗോത്രങ്ങൾക്കു മോശ യോർദാനു കിഴക്ക് അവരുടെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ലേവ്യർക്കു മറ്റുള്ളവരുടെ ഇടയിൽ ഓഹരി കൊടുത്തില്ല; 4യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്ന രണ്ടു ഗോത്രങ്ങളായിത്തീർന്നിരുന്നു. ലേവ്യർക്കു ദേശത്തിന്റെ ഓഹരി ലഭിച്ചില്ല; എന്നാൽ താമസിക്കുന്നതിനു പട്ടണങ്ങളും, ആടുമാടുകൾക്കും മൃഗസമ്പത്തിനും പുൽമേടുകളും ലഭിച്ചിരുന്നു. 5യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ദേശം വിഭജിച്ചു.
കാലേബിനുള്ള ഓഹരി
6ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ. 7യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി. 8എന്നാൽ എന്നോടുകൂടി പോന്ന എന്റെ സഹോദരന്മാർ, ജനഹൃദയം ഭയംകൊണ്ട് ഉരുകുമാറാക്കി. ഞാനോ, എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നു. 9അതുകൊണ്ട് മോശ അന്ന് എന്നോട്, ‘നീ എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ട്#14:9 ആവ. 1:36 നിന്റെ പാദസ്പർശമേറ്റിട്ടുള്ള ദേശംമുഴുവൻ നീയും നിന്റെ മക്കളും എന്നെന്നേക്കുമായി അവകാശമാക്കും’ എന്നു ശപഥംചെയ്തു.
10“യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു. 11മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്. 12അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.”
13അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു; 14അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ. 15ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ.
അങ്ങനെ ദേശത്തുനിന്ന് യുദ്ധം മാറി, സമാധാനം കൈവന്നു.
Currently Selected:
യോശുവ 14: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.