യോനാ 1
1
യോനാ ദൈവസന്നിധിയിൽനിന്ന് ഓടിപ്പോകുന്നു
1അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: 2“നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.”
3എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ#1:3 മൂ.ഭാ. യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകേണ്ടതിന് തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി.
4എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി. 5പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു.
യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു. 6കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”
7തുടർന്ന് നാവികർ പരസ്പരം കൂടി ആലോചിച്ചു: “വരൂ, ആർ നിമിത്തമാണ് ഈ അത്യാപത്ത് നമ്മുടെമേൽ വന്നതെന്ന് അറിയുന്നതിനായി നമുക്കു നറുക്കിടാം.” അങ്ങനെ അവർ നറുക്കിട്ടു; നറുക്ക് യോനായ്ക്കു വീണു. 8അപ്പോൾ അവർ യോനായോട് ആവശ്യപ്പെട്ടു, “പറയൂ, ഈ അത്യാപത്ത് നമ്മുടെമേൽ വന്നതിന് കാരണക്കാരൻ ആരാണ്? നിന്റെ തൊഴിൽ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ രാജ്യം ഏതാണ്? ഏതു ജനതയിൽ ഉൾപ്പെട്ടവനാണ് നീ?”
9“ഞാൻ ഒരു എബ്രായനാണ്, കടലിനെയും കരയെയും സൃഷ്ടിച്ച സ്വർഗീയനായ ദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു,” അദ്ദേഹം അവരോടു മറുപടി പറഞ്ഞു.
10അപ്പോൾ അവർ ഭയവിഹ്വലരായി അദ്ദേഹത്തോട്, “നീ എന്തിനിങ്ങനെ ചെയ്തു?” എന്നു ചോദിച്ചു—യോനാ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുകയാണ് എന്ന് അദ്ദേഹം അവരോടു പറഞ്ഞിരുന്നതിനാൽ ഇക്കാര്യം അവർക്ക് അറിയാമായിരുന്നു.
11കടൽക്ഷോഭം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നതിനാൽ അവർ അദ്ദേഹത്തോട്: “കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
12“എന്നെ എടുത്ത് കടലിലേക്ക് എറിഞ്ഞുകളയുക, അപ്പോൾ കടൽ ശാന്തമാകും,” അദ്ദേഹം മറുപടി പറഞ്ഞു, “ഈ കൊടുങ്കാറ്റ് നിങ്ങളുടെമേൽ ആഞ്ഞടിക്കുന്നത് എന്റെ കുറ്റം നിമിത്തമാണ് എന്ന് എനിക്കറിയാം.”
13അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല. 14അപ്പോൾ അവർ യഹോവയോടു നിലവിളിച്ചപേക്ഷിച്ചു: “യഹോവേ, ഈ മനുഷ്യന്റെ കുറ്റംനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; ഒരു നിർദോഷിയെ കൊലചെയ്തു എന്ന പാതകം ഞങ്ങളുടെമേൽ വരുത്തരുതേ!” എന്നപേക്ഷിച്ചു; “യഹോവേ, അങ്ങയുടെ ഇഷ്ടംപോലെ അങ്ങ് ചെയ്തിരിക്കുന്നല്ലോ.” 15പിന്നെ അവർ യോനായെ എടുത്തു കടലിൽ എറിഞ്ഞു, ഉടൻതന്നെ കടൽ ശാന്തമാകുകയും ചെയ്തു. 16അപ്പോൾ അവർ യഹോവയെ അത്യധികം ഭയപ്പെട്ടു; യഹോവയ്ക്ക് അവർ യാഗം അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
യോനായുടെ പ്രാർഥന
17യോനായെ വിഴുങ്ങാൻ ഒരു മഹാമത്സ്യത്തെ യഹോവ നിയോഗിച്ചു. അങ്ങനെ യോനാ മൂന്നുപകലും മൂന്നുരാവും ആ മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നു.
Currently Selected:
യോനാ 1: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.