YouVersion Logo
Search Icon

യിരെമ്യാവ് 15

15
1അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ! 2‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം:
“ ‘മരണത്തിനുള്ളവർ മരണത്തിനും;
വാളിനുള്ളവർ വാളിനും;
ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും;
പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’
3“ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ. 4യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.
5“ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും?
ആര് നിന്നെയോർത്തു വിലപിക്കും?
നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?
6നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങൾ വിശ്വാസത്യാഗികളായി തുടരുന്നു.
തന്മൂലം ഞാൻ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിക്കും;
ഞാൻ ക്ഷമകാണിച്ചു മടുത്തിരിക്കുന്നു.
7നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന്
ഒരു വീശുമുറംകൊണ്ടു ഞാൻ അവരെ പാറ്റിക്കൊഴിക്കും.
ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും;
എന്റെ ജനം തങ്ങളുടെ ജീവിതരീതി വിട്ടുതിരിയാത്തതുമൂലംതന്നെ.
8അവരുടെ വിധവകൾ എന്റെമുമ്പിൽ
കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും.
അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ
ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും;
ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും
അവളുടെമേൽ പതിക്കാൻ ഇടയാക്കും.
9ഏഴുമക്കളെ പ്രസവിച്ചവൾ
തളർന്ന് ജീവൻ വെടിയുന്നു.
പകൽ സമയത്തുതന്നെ അവളുടെ സൂര്യൻ അസ്തമിച്ചുപോകും;
അവൾ ലജ്ജിതയും പരിഭ്രാന്തയുമാകും.
അവരിൽ ശേഷിച്ചവരെ ഞാൻ
ശത്രുക്കളുടെ വാളിന് ഏൽപ്പിച്ചുകൊടുക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
10അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ,
അങ്ങനെയുള്ള എന്നെയാണല്ലോ നീ പ്രസവിച്ചത്.
എനിക്ക് അയ്യോ കഷ്ടം!
ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല,
എന്നോടാരും പലിശ വാങ്ങിയിട്ടുമില്ല,
എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
11യഹോവ അരുളിച്ചെയ്തു:
“തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും;
ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത്
നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.
12“ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള
ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ?
13“നിന്റെ രാജ്യംമുഴുവനും
പാപത്താൽ നിറഞ്ഞതുനിമിത്തം
നിന്റെ സമ്പത്തും നിക്ഷേപങ്ങളും
ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.
14നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ
നിന്റെ ശത്രുക്കൾക്ക് അടിമയാക്കും;
കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു,
അതു നിനക്കെതിരേ ജ്വലിക്കും.”
15യഹോവേ, അങ്ങ് അറിയുന്നല്ലോ;
എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ.
എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ.
എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ;
അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ.
16ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു.
അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു;
സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ.
17പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ
അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല;
അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ
അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
18എന്റെ വേദന അവസാനിക്കാത്തതും
എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്?
അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും
വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ?
19അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി,
ഞാൻ നിന്നെ പുനരുദ്ധരിക്കും;
വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ,
നീ എന്റെ വക്താവായിത്തീരും.
ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ,
എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.
20ഞാൻ നിന്നെ ആ ജനത്തിന്
കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും;
അവർ നിനക്കെതിരേ യുദ്ധംചെയ്യും,
എന്നാൽ ജയിക്കുകയില്ലതാനും;
നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും
ഞാൻ നിന്നോടുകൂടെയുണ്ട്,”
എന്ന് യഹോവയുടെ അരുളപ്പാട്.
21“ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും
ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in