YouVersion Logo
Search Icon

ന്യായാധിപന്മാർ 4

4
ദെബോറാ
1ഏഹൂദ് മരിച്ചശേഷം ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. 2അതുകൊണ്ട് യഹോവ ഹാസോരിലെ കനാന്യരാജാവായ യാബീന് അവരെ വിറ്റുകളഞ്ഞു; ഹരോശെത്ത്-ഹഗോയിമിൽ#4:2 ഹരോശെത്ത്-ഹഗോയിം എന്നർഥം. പാർത്തിരുന്ന സീസെര ആയിരുന്നു അദ്ദേഹത്തിന്റെ സൈന്യാധിപൻ. 3തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്ന സീസെര ഇസ്രായേൽമക്കളെ ഇരുപതുവർഷം അതിക്രൂരമായി പീഡിപ്പിച്ചു. അപ്പോൾ ഇസ്രായേൽജനം സഹായത്തിനായി യഹോവയോടു നിലവിളിച്ചു.
4ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്. 5അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും. 6അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക; 7ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും.”
8ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.
9അതിന് അവൾ, “ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി. 10അവിടെ ബാരാക്ക് സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; അദ്ദേഹത്തിന്റെ പിന്നിൽ പതിനായിരം പടയാളികൾ അണിനിരന്നു. ദെബോറായും അദ്ദേഹത്തോടൊപ്പം പോയി.
11എന്നാൽ കേന്യനായ ഹേബെർ, മോശയുടെ അളിയൻ#4:11 അഥവാ, അമ്മായിയപ്പൻ ഹോബാബിന്റെ മക്കളായ, മറ്റു കേന്യരിൽനിന്നും പിരിഞ്ഞ് കേദേശിനരികെയുള്ള സാനന്നീമിലെ കരുവേലകത്തിനടുത്ത് കൂടാരമടിച്ചിരുന്നു.
12അബീനോവാമിന്റെ മകനായ ബാരാക്ക് താബോർ പർവതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരയെ അറിയിച്ചു. 13സീസെര തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളെയും തന്റെ സർവസൈന്യത്തെയും ഹരോശെത്ത്-ഹഗോയിമിൽനിന്ന് കീശോൻതോട്ടിനരികെ കൂട്ടിവരുത്തി.
14അപ്പോൾ ദെബോറാ ബാരാക്കിനോട്, “പോകുക! യഹോവ സീസെരയെ താങ്കളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ദിവസം ഇന്നുതന്നെ. യഹോവ നിനക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും പതിനായിരം പടയാളികളും താബോർപർവതത്തിൽനിന്നും ഇറങ്ങിച്ചെന്നു. 15യഹോവ സീസെരയെയും അയാളുടെ സകലരഥങ്ങളെയും ബാരാക്കിന്റെ മുമ്പിൽ തോൽപ്പിച്ച് സൈന്യത്തെ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. സീസെര സ്വന്തം രഥം ഉപേക്ഷിച്ച് ഓടിപ്പോയി.
16ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹഗോയിംവരെ പിൻതുടർന്നു; സീസെരയുടെ സൈന്യംമുഴുവൻ വാളിനിരയായി. ഒരുത്തൻപോലും അവശേഷിച്ചില്ല. 17എന്നാൽ സീസെര, കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കോടിപ്പോയി; കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർരാജാവായ യാബീനുംതമ്മിൽ സൗഹൃദത്തിലായിരുന്നു.
18യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി.
19“എനിക്കു ദാഹിക്കുന്നു; കുടിക്കാൻ കുറെ വെള്ളം തരണമേ,” എന്ന് അയാൾ പറഞ്ഞു; അവൾ ഒരു തോൽക്കുടം തുറന്ന് അദ്ദേഹത്തിന് കുടിക്കാൻ പാൽകൊടുത്തു; പിന്നെയും അദ്ദേഹത്തെ മൂടി.
20സീസെര അവളോടു പറഞ്ഞു, “നീ കൂടാരവാതിൽക്കൽ നിൽക്കുക. ആരെങ്കിലുംവന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു പറയണം.”
21എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയെടുത്ത് കൈയിൽ ചുറ്റികയുംപിടിച്ച് സാവധാനം സീസെരയുടെ അടുക്കൽ ചെന്നു. അദ്ദേഹം തളർന്ന് ഉറങ്ങുകയായിരുന്നു, കുറ്റി അദ്ദേഹത്തിന്റെ ചെന്നിയിൽ, അത് നിലത്ത് ഉറയ്ക്കുവോളം അടിച്ചിറക്കി. അങ്ങനെ അദ്ദേഹം മരിച്ചുപോയി.
22ബാരാക്ക് സീസെരയെ പിൻതുടർന്നു ചെല്ലുമ്പോൾ യായേൽ അദ്ദേഹത്തെ എതിരേറ്റു, “വരിക, താങ്കൾ അന്വേഷിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. ബാരാക്ക് അവളുടെ അടുക്കൽ ചെന്നപ്പോൾ; അതാ, സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നു!
23ദൈവം ആ ദിവസം കനാന്യരാജാവായ യാബീനെ ഇസ്രായേൽമക്കൾക്കു കീഴടക്കി. 24കനാന്യരാജാവായ യാബീനെ ഉന്മൂലമാക്കുന്നതുവരെ ഇസ്രായേൽമക്കളുടെ കൈ അയാൾക്കെതിരേ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in