YouVersion Logo
Search Icon

യെശയ്യാവ് 55

55
സമൃദ്ധമായ ജീവനിലേക്കു ക്ഷണം
1“ദാഹാർത്തരായ എല്ലാവരുമേ, വരിക,
വെള്ളത്തിങ്കലേക്കു വരിക;
നിങ്ങളിൽ പണമില്ലാത്തവരേ,
വന്ന് വാങ്ങി ഭക്ഷിക്കുക!
നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും
വീഞ്ഞും പാലും വാങ്ങുക.
2ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും
തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്?
നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക,
നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും.
3നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക;
നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക.
ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി
ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും.
4ഇതാ, ഞാൻ അദ്ദേഹത്തെ ജനതകൾക്ക് ഒരു സാക്ഷ്യവും
രാഷ്ട്രങ്ങൾക്ക് ഭരണാധികാരിയും സൈന്യാധിപനും ആക്കിയിരിക്കുന്നു.
5നീ അറിയാത്ത രാഷ്ട്രങ്ങളെ നീ വിളിക്കും, നിശ്ചയം,
നീ അറിഞ്ഞിട്ടില്ലാത്ത ജനതകൾ നിന്റെ അടുക്കലേക്ക് ഓടിവരും;
ഇസ്രായേലിന്റെ പരിശുദ്ധനായ,
നിന്റെ ദൈവമായ യഹോവ നിമിത്തം,
അവിടത്തെ തേജസ്സ് നിന്നെ അണിയിച്ചിരിക്കുകയാൽത്തന്നെ.”
6യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക;
അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക.
7ദുഷ്ടർ തങ്ങളുടെ വഴിയെയും
നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ.
അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും,
നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.
8“കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല,
നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
9“ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ,
എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും
എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.
10ആകാശത്തുനിന്നു
പൊഴിയുന്ന മഴയും മഞ്ഞും
ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്,
വിതയ്ക്കുന്നയാൾക്കു വിത്തും
ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ
മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്,
11എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും:
എന്റെ ഹിതം നിറവേറ്റി
ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ
അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.
12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും,
സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും;
പർവതങ്ങളും മലകളും
നിങ്ങളുടെമുമ്പിൽ പൊട്ടിയാർക്കും,
വയലിലെ സകലവൃക്ഷങ്ങളും
കരഘോഷം മുഴക്കും.
13മുള്ളിനുപകരം സരളമരവും
പറക്കാരയ്ക്കു പകരം കൊഴുന്തുമരവും വളരും.
അത് യഹോവയ്ക്ക് ഒരു പ്രശസ്തിയായും
എന്നും നിലനിൽക്കുന്ന
ശാശ്വതമായ ഒരു ചിഹ്നമായും തീരും.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in