യെശയ്യാവ് 38
38
ഹിസ്കിയാവിന്റെ രോഗം
1അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച്, മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.”
2ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു: 3“യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു.
4അപ്പോൾ യെശയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: 5“നീ പോയി ഹിസ്കിയാവിനോടു പറയുക: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. 6ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.
7“ ‘താൻ അരുളിച്ചെയ്ത ഈ കാര്യം യഹോവ ചെയ്യും എന്നുള്ളതിന്, ഇതു യഹോവയിൽനിന്നു നിനക്കുള്ള ഒരു ചിഹ്നമായിരിക്കും: 8ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിട്ടുള്ള നിഴലിനെ പത്തുചുവടു പിറകോട്ടു തിരിച്ചുവരാൻ ഞാൻ ഇടയാക്കും.’ ” അങ്ങനെ ഘടികാരത്തിൽ സൂര്യൻ ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിറകോട്ടുപോയി.
9തന്റെ രോഗത്തിനും രോഗശാന്തിക്കുംശേഷം യെഹൂദാരാജാവായ ഹിസ്കിയാവ് എഴുതിയത്:
10“എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത്
ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ
എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു.
11“ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ
യാഹാം യാഹിനെ#38:11 യഹോവ എന്നതിന്റെ ചുരുക്കെഴുത്താണ് യാഹ് ഞാൻ വീണ്ടും കാണുകയില്ല;
ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല,
ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു.
12“ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം
എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു.
ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു,
അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു;
രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.
13വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു,
എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു;
രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.
14ഒരു മീവൽപ്പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാൻ ചിലച്ചുകൊണ്ടിരുന്നു,
ഒരു പ്രാവിനെപ്പോലെ ഞാൻ കുറുകിക്കൊണ്ടിരുന്നു.
എന്റെ കണ്ണ് ഉയരത്തിലേക്ക് നോക്കി വളരെ തളർന്നിരിക്കുന്നു,
കർത്താവേ, ഞാൻ ഭയപ്പെട്ടിരിക്കുന്നു; എന്നെ സഹായിക്കാൻ വരണമേ!”
15എന്നാൽ ഇനി ഞാൻ എന്താണു പറയേണ്ടത്?
അവിടന്ന് എന്നോട് അരുളിച്ചെയ്തു, അവിടന്നുതന്നെ അതു ചെയ്തുമിരിക്കുന്നു.
ഞാൻ അനുഭവിച്ച ഈ കഠിനവേദന നിമിത്തം
എന്റെ ജീവിതകാലംമുഴുവനും ഞാൻ താഴ്മയോടെ ജീവിക്കും.
16കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു;
എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു.
അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു;
ഇനി ഞാൻ ജീവിക്കട്ടെ.
17തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത്
എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു.
അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന്
എന്റെ സംരക്ഷിച്ചിരിക്കുന്നു;
അങ്ങ് എന്റെ സർവപാപങ്ങളും
അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു.
18പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല,
മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും;
കുഴിയിലേക്കിറങ്ങുന്നവർക്ക്
അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല.
19ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ്
ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്;
മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ
തങ്ങളുടെ മക്കളോട് അറിയിക്കുന്നു.
20യഹോവ എന്നെ രക്ഷിക്കും,
ഞങ്ങളുടെ ആയുഷ്കാലം മുഴുവനും
യഹോവയുടെ ആലയത്തിൽ
തന്ത്രികൾ മീട്ടിക്കൊണ്ട് ഗാനം ആലപിക്കും.
21“അദ്ദേഹത്തിനു സൗഖ്യം വരേണ്ടതിന്, ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കി പരുവിന്മേൽ പുരട്ടണം,” എന്നു യെശയ്യാവ് പറഞ്ഞിരുന്നു.
22“ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് ചോദിക്കുകയും ചെയ്തിരുന്നു.
Currently Selected:
യെശയ്യാവ് 38: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.