YouVersion Logo
Search Icon

യെശയ്യാവ് 14

14
1യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും;
അവിടന്ന് ഇസ്രായേലിനെ ഒരിക്കൽക്കൂടി തെരഞ്ഞെടുക്കുകയും
സ്വദേശത്ത് അവരെ പാർപ്പിക്കുകയും ചെയ്യും.
വിദേശികളും അവരോടൊപ്പംചേരും
അവർ യാക്കോബിന്റെ സന്തതികളുമായി ഇഴുകിച്ചേരും
2രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും
അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും.
ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും,
യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും.
തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും,
തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും.
3നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്, 4ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും:
“പീഡകൻ എങ്ങനെ ഇല്ലാതെയായി!
അവന്റെ ക്രോധം എങ്ങനെ നിലച്ചു?”
5യഹോവ ദുഷ്ടരുടെ വടിയും
ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു,
6അതു ജനത്തെ കോപത്തോടെ
നിരന്തരം പ്രഹരിച്ചുപോന്നു,
അതു രാഷ്ട്രങ്ങളെ കോപത്തോടും
അനിയന്ത്രിതമായ അക്രമത്തോടെയും അടക്കിഭരിച്ചുപോന്നു.
7ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു;
അവർ സന്തോഷത്തോടെ ആർത്തുപാടുന്നു.
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും
നിന്നെക്കുറിച്ചു സന്തോഷിച്ചു,
“നീ വീണുപോയതുമുതൽ, ഒരു മരംവെട്ടുകാരനും
ഞങ്ങളുടെനേരേ വരുന്നില്ല” എന്നു പറയുന്നു.
9നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ
താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു;
അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും
ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു;
അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും
സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു.
10അവരെല്ലാം നിന്നോട്:
“നീയും ഞങ്ങളെപ്പോലെ ബലഹീനനായോ?
നീ ഞങ്ങൾക്കു തുല്യനായിത്തീർന്നോ?”
എന്നു പറയും.
11നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും
പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു;
പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു;
കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു.
12ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!
നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!
ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,
നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!
13നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,
“ഞാൻ സ്വർഗത്തിൽ കയറും.
ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ
ഞാനെന്റെ സിംഹാസനം ഉയർത്തും;
സമാഗമപർവതത്തിന്മേൽ#14:13 ചി.കൈ.പ്ര. ഉത്തരദിക്കിൽ സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും,
സാഫോൺ#14:13 സാഫോൺ കനാന്യരുടെ ഏറ്റവും പവിത്രം എന്നുകരുതപ്പെടുന്ന പർവതം. പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.
14മേഘോന്നതികൾക്കുമീതേ ഞാൻ കയറും;
എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”
15എന്നാൽ നീ പാതാളത്തിലേക്ക്,
നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും.
16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കും,
അവർ നിനക്കു ഭവിച്ചതിനെക്കുറിച്ചു ചിന്തിക്കും:
“ഇവനാണോ ഭൂമിയെ കിടുകിടെ വിറപ്പിച്ചവൻ?
രാജ്യങ്ങളെ വിഹ്വലമാക്കിയവൻ?
17ഇവനാണോ ലോകത്തെ ഒരു മരുഭൂമിപോലെയാക്കി,
അതിലെ നഗരങ്ങളെ തകിടംമറിച്ച്,
തന്റെ ബന്ദികളെ വീട്ടിലേക്കു മടങ്ങാൻ അനുവദിക്കാതിരുന്നവൻ?”
18രാഷ്ട്രങ്ങളിലെ രാജാക്കന്മാരെല്ലാം
അവരവരുടെ ശവകുടീരത്തിൽ പ്രതാപികളായി കിടക്കുന്നു.
19എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ
നിന്നെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു;
വാളിനാൽ കുത്തിക്കൊല്ലപ്പെട്ടവരും
കുഴിയിലെ കല്ലുകൾവരെ ഇറങ്ങിപ്പോയവരുമായ
ഹതന്മാരാൽ നീ പൊതിയപ്പെട്ടിരിക്കുന്നു.
ചവിട്ടിയരയ്ക്കപ്പെട്ട ഒരു ശവശരീരംപോലെയാണു നിന്റെ അവസ്ഥ.
20നീ നിന്റെ ദേശത്തെ നശിപ്പിക്കുകയും
നിന്റെ ജനത്തെ വധിക്കുകയും ചെയ്തിരിക്കുകയാൽ
നിനക്ക് അവരെപ്പോലെ ഒരു ശവസംസ്കാരം ലഭിക്കുകയില്ല.
ദുഷ്കർമികളുടെ സന്തതികൾ
ഇനിയൊരിക്കലും സ്മരിക്കപ്പെടുകയില്ല.
21“പൂർവികരുടെ പാപങ്ങൾനിമിത്തം
അവരുടെ മക്കളെ വധിക്കുന്നതിന് ഒരു സ്ഥലം ഒരുക്കുക.
അവർ എഴുന്നേറ്റു ഭൂമി കൈവശമാക്കി
ഭൂമുഖം പട്ടണങ്ങളാൽ നിറയ്ക്കാതിരിക്കേണ്ടതിനുതന്നെ.
22“ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,”
എന്നു സൈന്യങ്ങളുടെ യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ ബാബേലിന്റെ നാമവും അതിജീവിച്ചവരെയും
അവളുടെ സന്തതിയെയും പിൻഗാമികളെയും ഛേദിച്ചുകളയും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
23“ഞാൻ അതിനെ മുള്ളൻപന്നികളുടെ അവകാശവും
ചതുപ്പുനിലവുമാക്കും.
ഞാൻ അതിനെ നാശത്തിൻചൂൽകൊണ്ടു തൂത്തെറിയും,”
എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
24സൈന്യങ്ങളുടെ യഹോവ ശപഥംചെയ്തിരിക്കുന്നു,
“ഞാൻ നിശ്ചയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു, നിശ്ചയം,
ഞാൻ ഉദ്ദേശിച്ചിട്ടുള്ളതുപോലെ അതു നിറവേറുകയും ചെയ്യും.
25അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും;
എന്റെ പർവതത്തിന്മേൽ അവനെ ചവിട്ടിമെതിക്കും.
അപ്പോൾ അവന്റെ നുകം എന്റെ ജനത്തിൽനിന്ന് എടുത്തുമാറ്റുകയും
അവന്റെ ചുമട് അവരുടെ ചുമലിൽനിന്നു നീക്കപ്പെടുകയും ചെയ്യും.”
26സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്;
എല്ലാ രാഷ്ട്രങ്ങൾക്കുമെതിരേ നീട്ടിയിരിക്കുന്ന കരവുമാണിത്.
27സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു. അവിടത്തെ പദ്ധതി നിഷ്ഫലമാക്കാൻ ആർക്കു കഴിയും?
അവിടന്നു നീട്ടിയ കരത്തെ പിന്തിരിപ്പിക്കാൻ ആർക്കു സാധിക്കും?
ഫെലിസ്ത്യർക്കെതിരേയുള്ള പ്രവചനം
28ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി:
29സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി
ഒടിഞ്ഞുപോയതിനാൽ നിങ്ങൾ ആഹ്ലാദിക്കരുത്;
സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും,
അതിന്റെ ഫലത്തിൽനിന്ന് വിഷംചീറ്റുന്ന ഒരു സർപ്പം പുറപ്പെടും.
30ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും,
എളിയവർ സുരക്ഷിതരായി വിശ്രമിക്കും.
എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമത്താൽ നശിപ്പിക്കും;
നിങ്ങളിൽ അതിജീവിച്ചവരെ അതു സംഹരിച്ചുകളയും.
31നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ!
ഫെലിസ്ത്യരേ, വെന്തുരുകുക!
വടക്കുനിന്ന് ഒരു പുകപടലം വരുന്നു,
ആ സൈന്യഗണത്തിൽ തളർന്നു പിൻവാങ്ങുന്നവർ ആരുംതന്നെയില്ല.
32ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്,
എന്താണ് ഉത്തരം പറയുക?
“യഹോവ സീയോനെ സ്ഥാപിച്ചെന്നും
അവിടത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയംതേടുമെന്നുംതന്നെ.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in