YouVersion Logo
Search Icon

എബ്രായർ 8

8
പുതിയ ഉടമ്പടിയുടെ മഹാപുരോഹിതൻ
1നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. 2ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്.
3വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്. 4ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ. 5അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം#8:5 പുറ. 26:1-37; 36:8-38 കാണുക. പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക”#8:5 പുറ. 25:40 എന്നാണ്. 6പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.
7എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ? 8അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,
എന്ന്, കർത്താവിന്റെ അരുളപ്പാട്.
9ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത
ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ
ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു.
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
10ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
11ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ
ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
12ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും;
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”#8:12 യിര. 31:31-34
എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
13അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.

Currently Selected:

എബ്രായർ 8: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in