YouVersion Logo
Search Icon

ഉൽപ്പത്തി 33

33
യാക്കോബ് ഏശാവിനെ അഭിമുഖീകരിക്കുന്നു
1യാക്കോബ് തലയുയർത്തിനോക്കി; അതാ, ഏശാവ് തന്റെ നാനൂറ് ആളുകളുമായി വരുന്നു. യാക്കോബ് കുട്ടികളെ വീതിച്ച് ലേയയെയും റാഹേലിനെയും രണ്ടു ദാസിമാരെയും ഏൽപ്പിച്ചു. 2ദാസികളെയും അവരുടെ കുട്ടികളെയും മുന്നിലും ലേയയെയും അവളുടെ കുട്ടികളെയും അവർക്കു തൊട്ടുപിന്നിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിറകിലും നിർത്തി. 3പിന്നെ അദ്ദേഹം മുമ്പോട്ടുചെന്ന്, സഹോദരന്റെ സമീപമെത്തിയപ്പോൾ ഏഴുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി.
4എന്നാൽ ഏശാവ് യാക്കോബിനെ വരവേൽക്കുന്നതിനായി ഓടിവന്ന് അദ്ദേഹത്തെ ആലിംഗനംചെയ്തു; കഴുത്തിൽ കെട്ടിപ്പിടിച്ച് അദ്ദേഹത്തെ ചുംബിച്ചു; ഇരുവരും കരഞ്ഞു. 5ഇതിനുശേഷം ഏശാവു ചുറ്റും നോക്കി സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ട്. “നിന്റെ കൂടെയുള്ള ഇവർ ആരാണ്?” അദ്ദേഹം ചോദിച്ചു.
“അങ്ങയുടെ ദാസന് ദൈവം കരുണതോന്നി നൽകിയ കുട്ടികളാണ് ഇവർ,” യാക്കോബ് ഉത്തരം പറഞ്ഞു.
6ഇതിനെത്തുടർന്ന് ദാസിമാരും അവരുടെ കുട്ടികളും വന്ന് അദ്ദേഹത്തെ വണങ്ങി. 7അതിനുശേഷം ലേയയും അവളുടെ കുട്ടികളും വന്നു വണങ്ങി. ഏറ്റവും ഒടുവിലായി യോസേഫും റാഹേലും വന്നു, അവരും വണങ്ങി.
8“ഞാൻ വഴിയിൽവെച്ച് കണ്ട ഈ പറ്റങ്ങൾ എല്ലാം എന്തിന്?” ഏശാവു ചോദിച്ചു.
അതിന് യാക്കോബ്, “എന്റെ യജമാനനേ, അങ്ങയുടെ പ്രീതിക്കുവേണ്ടിയുള്ള എന്റെ ഉപഹാരമാണ്.”
9അതിന് ഏശാവ്, “എന്റെ സഹോദരാ, എനിക്ക് ഇപ്പോൾത്തന്നെ ധാരാളമുണ്ട്. നിനക്കുള്ളതു നിനക്കായിത്തന്നെ സൂക്ഷിക്കുക” എന്നു പറഞ്ഞു.
10അപ്പോൾ യാക്കോബ്: “ദയവായി അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ഈ സമ്മാനം സ്വീകരിക്കണം. അങ്ങ് എന്നെ കൃപയോടെ സ്വീകരിച്ചല്ലോ, അങ്ങയുടെ മുഖം കാണുന്നത് ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണ്. 11ഞാൻ കൊണ്ടുവന്നിരിക്കുന്ന സമ്മാനം ദയവായി ഏറ്റുവാങ്ങണം; ദൈവത്തിന്റെ കരുണയാൽ എനിക്കു വേണ്ടുവോളമുണ്ട്” എന്നു പറഞ്ഞു. യാക്കോബ് നിർബന്ധിച്ചതിനാൽ ഏശാവ് അതു സ്വീകരിച്ചു.
12പിന്നെ ഏശാവ്: “നമുക്കു മുന്നോട്ടു നീങ്ങാം, ഞാൻ നിന്റെകൂടെ വരാം” എന്നു പറഞ്ഞു.
13എന്നാൽ യാക്കോബ് അദ്ദേഹത്തോടു പറഞ്ഞു: “മക്കൾ തീരെ ഇളപ്പമാണെന്നും കുട്ടികളുള്ള ആടുകളെയും കിടാക്കളുള്ള പശുക്കളെയും ഞാൻ കരുതലോടെ പരിപാലിക്കേണ്ടതാണെന്നും യജമാനന് അറിയാമല്ലോ. വേഗം നടത്തിയാൽ ഒറ്റദിവസംകൊണ്ട് മൃഗങ്ങളെല്ലാം ചത്തുപോകും. 14അതുകൊണ്ട് യജമാനൻ അടിയനുമുമ്പായി പോയാലും; കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്ത് സാവകാശം നടന്ന് അടിയൻ സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം.”
15“എന്നാൽ ഞാൻ എന്റെ ആളുകളിൽ ചിലരെ നിങ്ങളുടെകൂടെ നിർത്താം” ഏശാവു പറഞ്ഞു.
“അതിന്റെ ആവശ്യം എന്ത്?” യാക്കോബ് ചോദിച്ചു; “അടിയനോട് യജമാനനു കരുണയുണ്ടായാൽമാത്രം മതി.”
16അങ്ങനെ ഏശാവ് അന്നേദിവസംതന്നെ തിരികെ സേയീരിലേക്കു യാത്രയായി. 17യാക്കോബാകട്ടെ, സൂക്കോത്തിലേക്കു പോയി. അവിടെ അദ്ദേഹം തനിക്കായിത്തന്നെ ഒരു പാർപ്പിടം പണിയുകയും കന്നുകാലികൾക്ക് തൊഴുത്തുകൾ ഉണ്ടാക്കുകയും ചെയ്തു. അതുകൊണ്ടാണ് ആ സ്ഥലത്തിനു സൂക്കോത്ത്#33:17 തൊഴുത്തുകൾ എന്നർഥം. എന്നു പേരുണ്ടായത്.
18യാക്കോബ് പദ്ദൻ-അരാമിൽനിന്ന് പോന്നതിനുശേഷം കനാനിലെ ശേഖേം പട്ടണത്തിൽ സുരക്ഷിതനായി എത്തി, പട്ടണത്തിനരികെ കൂടാരം അടിച്ചു. 19യാക്കോബ്, താൻ കൂടാരമടിച്ച സ്ഥലം ശേഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു#33:19 മൂ.ഭാ. നൂറ് കെസിതാഹ്, ഈ തുകയ്ക്കു തുല്യമായ ഇന്നത്തെ വില വ്യക്തമല്ല. വിലയ്ക്കുവാങ്ങി. 20അവിടെ അദ്ദേഹം ഒരു യാഗപീഠം പണിത് അതിന് ഏൽ-എലോഹേ-ഇസ്രായേൽ#33:20 ഇസ്രായേലിന്റെ ദൈവമായ യഹോവ ശക്തനാണ് എന്നർഥം. എന്നു പേരിട്ടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in