ഗലാത്യർ 5
5
ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം
1ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.
2എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” 3പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. 4ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. 5എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 6ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.
7നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; എന്നാൽ സത്യം പിൻതുടരുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്? 8നിങ്ങളെ വിളിച്ച ദൈവമല്ലല്ലോ അപ്രകാരം ചെയ്തത്. 9“അൽപ്പം പുളിപ്പ്, കുഴച്ച മാവിനെ മുഴുവനും പുളിപ്പിക്കുന്നു.” 10നാം കർത്താവിൽ ഒന്നായതിനാൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നയാൾ ആരായിരുന്നാലും അയാൾ ദൈവശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. 11സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ. 12പരിച്ഛേദനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെ ലിംഗം ഛേദിക്കപ്പെട്ടുപോയെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.
ആത്മാവിനാലുള്ള ജീവിതം
13സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. 14“നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക”#5:14 ലേവ്യ. 19:18 എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. 15നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!
16ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.
19മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
22എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. 25നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം. 26നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്.
Currently Selected:
ഗലാത്യർ 5: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.