യെഹെസ്കേൽ 9
9
വിഗ്രഹാരാധകരെ വധിക്കുന്നു
1അതിനുശേഷം ഞാൻ കേൾക്കെ അവിടന്ന് ഉച്ചത്തിൽ വിളിച്ച്: “നഗരത്തിൽ ശിക്ഷ നടപ്പാക്കുന്നവരേ, നിങ്ങൾ ഓരോരുത്തരും വിനാശം വിതയ്ക്കുന്ന ആയുധങ്ങളും കൈയിലേന്തി അടുത്തുവരിക” എന്നു പറഞ്ഞു. 2അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു.
3അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം അത് അധിവസിച്ചിരുന്ന കെരൂബിൽനിന്ന്#9:3 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. പുറപ്പെട്ട് ആലയത്തിന്റെ പ്രവേശനകവാടത്തിൽ വന്നു. ചണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുസാമഗ്രികളുമായി വന്ന മനുഷ്യനെ യഹോവ വിളിച്ചു. 4യഹോവ അവനോട്, “ജെറുശലേം പട്ടണത്തിൽക്കൂടി നടന്ന് അതിൽ നടമാടുന്ന എല്ലാ മ്ലേച്ഛതകളെയും ഓർത്ത് നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റിയിൽ ഒരു ചിഹ്നം ഇടുക” എന്നു കൽപ്പിച്ചു.
5എന്നാൽ മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടന്ന് കൽപ്പിച്ചത്: “അവന്റെ പിന്നാലെ നഗരത്തിലൂടെച്ചെന്ന് വധിക്കുക; ദയയോ അനുകമ്പയോ കാണിക്കരുത്. 6വൃദ്ധന്മാരെയും യുവാക്കളെയും യുവതികളെയും മാതാക്കളെയും കുഞ്ഞുങ്ങളെയും നിശ്ശേഷം കൊന്നുകളവിൻ, എന്നാൽ അടയാളമുള്ള ഒരുവനെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽനിന്നു തുടങ്ങുവിൻ.” അങ്ങനെ അവർ ആലയത്തിന്റെ മുന്നിലുണ്ടായിരുന്ന നേതാക്കന്മാരുടെ ഇടയിൽനിന്നുതന്നെ ആരംഭിച്ചു.
7അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു. 8അവർ ഇങ്ങനെ വധിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻമാത്രം ശേഷിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഇപ്രകാരം നിലവിളിച്ചു: “അയ്യോ! യഹോവയായ കർത്താവേ, അവിടന്ന് ജെറുശലേമിൽ അവിടത്തെ ക്രോധം പകർന്ന് ഇസ്രായേലിലെ ശേഷിപ്പിനെ മുഴുവൻ സംഹരിക്കുകയാണോ?”
9അപ്പോൾ അവിടന്ന് അരുളിച്ചെയ്തു: “ഇസ്രായേൽഗൃഹത്തിന്റെയും യെഹൂദയുടെയും അകൃത്യം വളരെ വലുതാണ്. ദേശം രക്തപാതകംകൊണ്ടും നഗരം അതിക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു. ‘യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു; യഹോവ കാണുന്നില്ല,’ എന്ന് അവർ പറയുന്നുവല്ലോ. 10അതുകൊണ്ട് എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ അവരുടെ തലമേൽ പകരംവീട്ടും.”
11അപ്പോൾ അരയിൽ എഴുത്തുസാമഗ്രികളേന്തിയ ചണവസ്ത്രധാരിയായ പുരുഷൻ: “എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു.
Currently Selected:
യെഹെസ്കേൽ 9: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.