പുറപ്പാട് 20
20
പത്തു കൽപ്പനകൾ
1ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു:
2“അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
3“ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
4നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. 5അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. 6എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.
7നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.
8ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക. 9ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; 10എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല; 11എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു.
12നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
13കൊലപാതകം ചെയ്യരുത്.
14വ്യഭിചാരം ചെയ്യരുത്.
15മോഷ്ടിക്കരുത്.
16അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
17അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”
18ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു. 19അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു.
20മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
21ജനം അകലെ നിന്നു, മോശയോ ദൈവം സന്നിഹിതനായ കനത്ത ഇരുട്ടിനെ സമീപിച്ചു.
വിഗ്രഹങ്ങളും യാഗപീഠങ്ങളും
22ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ സ്വർഗത്തിൽനിന്ന് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടിരിക്കുന്നു! 23ഞാൻ ഒഴികെ മറ്റൊരുദൈവവും നിങ്ങൾക്കുണ്ടായിരിക്കരുത്. വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിങ്ങൾക്കായി ദേവതകളെ നിർമിക്കരുത്.
24“ ‘മണ്ണുകൊണ്ട് ഒരു യാഗപീഠം നിങ്ങൾ എനിക്കായി നിർമിക്കണം; അതിന്മേൽ നിങ്ങളുടെ ഹോമയാഗവസ്തുക്കൾ, സമാധാന വഴിപാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ, കന്നുകാലികൾ എന്നിവ അർപ്പിക്കുക. എന്റെ നാമം ആദരിക്കപ്പെടാൻ ഞാൻ ഇടയാക്കുന്നിടത്തെല്ലാം വന്നു ഞാൻ നിങ്ങളെ അനുഗ്രഹിക്കും. 25നിങ്ങൾ എനിക്കായി കല്ലുകൊണ്ടു യാഗപീഠം പണിയുന്നെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്; അതിന്മേൽ പണിയായുധം പ്രയോഗിച്ചാൽ നിങ്ങൾ അതിനെ അശുദ്ധമാക്കും. 26എന്റെ യാഗപീഠത്തിന്മേൽ നിങ്ങളുടെ നഗ്നത അനാവരണം ചെയ്യാതിരിക്കേണ്ടതിന് ചവിട്ടുപടികളിലൂടെ അതിന്മേൽ കയറരുത്.’
Currently Selected:
പുറപ്പാട് 20: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.