ആവർത്തനം 29
29
1ഹോരേബിൽവെച്ച് ഇസ്രായേല്യരോടു ചെയ്ത ഉടമ്പടിക്ക് അനുബന്ധമായി മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശയോടു കൽപ്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു:
ഉടമ്പടി പാലിക്കുന്നതിനുള്ള നിർദേശം
2മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
യഹോവ ഈജിപ്റ്റിൽവെച്ച് ഫറവോനോടും അവന്റെ ഉദ്യോഗസ്ഥന്മാരോടും അവന്റെ സകലദേശത്തോടും ചെയ്തത് എല്ലാം നിങ്ങൾ സ്വന്തം കണ്ണുകൊണ്ടു കണ്ടല്ലോ. 3ആ മഹാപരീക്ഷകളും ചിഹ്നങ്ങളും അത്ഭുതപ്രവൃത്തികളും നിങ്ങളുടെ സ്വന്തംകണ്ണുകൊണ്ട് കണ്ടു. 4എന്നാൽ ഇന്നുവരെ നിങ്ങൾക്ക് യഹോവ തിരിച്ചറിവുള്ള ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും നൽകിയിട്ടില്ല.#29:4 നിങ്ങൾ കണ്ട സംഭവങ്ങളുടെ പൊരുൾ മനസ്സിലാക്കിയിട്ടില്ല എന്നു വിവക്ഷ. 5മരുഭൂമിയിൽക്കൂടി ഞാൻ നിങ്ങളെ നാൽപ്പതുവർഷം നടത്തിയപ്പോൾ നിങ്ങളുടെ വസ്ത്രം കീറിപ്പോയില്ല, കാലിലെ ചെരിപ്പ് തേഞ്ഞുപോയില്ല. 6നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.
7നിങ്ങൾ ഈ സ്ഥലത്തെത്തിച്ചേർന്നപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനുവന്നു. പക്ഷേ, നാം അവരെ കീഴടക്കി. 8നാം അവരുടെ രാജ്യം പിടിച്ചെടുത്ത് രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു. 9അതുകൊണ്ട് നീ ചെയ്യുന്ന സകലകാര്യങ്ങളിലും അഭിവൃദ്ധിപ്പെടേണ്ടതിന് ഈ ഉടമ്പടിയുടെ നിബന്ധനകൾ ശ്രദ്ധയോടെ പാലിക്കുക. 10നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ ഇന്നു നിൽക്കുന്ന എല്ലാവരും—നിങ്ങളുടെ നേതാക്കളും പ്രമാണിമാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേലിലെ മറ്റ് എല്ലാ പുരുഷന്മാരും— 11നിങ്ങളുടെ മക്കളോടും ഭാര്യമാരോടും നിങ്ങൾക്കു മരംവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന പ്രവാസികളോടുംകൂടെ, 12നിന്റെ ദൈവമായ യഹോവ നിന്നോട് ഉടമ്പടി ചെയ്തിട്ടുള്ളതുപോലെയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോടു ഉടമ്പടി ചെയ്തതുപോലെയും 13അവിടന്ന് ഇന്നു നിന്നെ തന്റെ ജനതയായി സ്ഥിരീകരിക്കുന്നതിനും അവിടന്നു നിന്റെ ദൈവമായിരിക്കേണ്ടതിനും 14നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടുമാത്രം ചെയ്യുന്ന ഉടമ്പടിയിലും അതിനെ ഉറപ്പിക്കുന്ന പ്രതിജ്ഞയിലും പ്രവേശിക്കേണ്ടതിന് നിങ്ങൾ ഇവിടെ നിൽക്കുന്നു. 15പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.
16നാം ഈജിപ്റ്റിൽ എങ്ങനെ താമസിച്ചുവെന്നും ഇവിടെ എത്തിച്ചേരാനുള്ള യാത്രയിൽ എങ്ങനെ രാജ്യങ്ങൾ കടന്നുവന്നു എന്നും നിങ്ങൾക്കുതന്നെ അറിവുള്ളതാണ്. 17അവരുടെ ഇടയിൽ മ്ലേച്ഛവിഗ്രഹങ്ങളും, തടി, കല്ല്, വെള്ളി, സ്വർണം ഇവകൊണ്ടുള്ള പ്രതിമകളും നിങ്ങൾ കണ്ടിട്ടുണ്ട്. 18ആ ജനതകളുടെ ദേവന്മാരെ ആരാധിക്കേണ്ടതിന് നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയം വ്യതിചലിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുലമോ ഗോത്രമോ നിങ്ങളുടെ ഇടയിൽ ഉണ്ടാകുകയില്ല എന്ന് ഉറപ്പുവരുത്തുക. അപ്രകാരം കയ്‌പുവിഷം പുറപ്പെടുവിക്കുന്ന ഒരു വേരുപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
19അങ്ങനെയുള്ള ഒരു വ്യക്തി ഈ പ്രതിജ്ഞയുടെ വചനങ്ങൾ കേൾക്കുമ്പോൾ അവൻ തന്നെത്താൻ അനുഗ്രഹിച്ചശേഷം, “ഞാൻ എന്റെ സ്വന്തം വഴികളിൽത്തന്നെ നടന്നാലും സുരക്ഷിതനായിരിക്കും” എന്നു ചിന്തിക്കും. അവർ ഇതുമൂലം നീരൊഴുക്കുള്ളനിലത്തും ഉണങ്ങിയനിലത്തും, ഒരുപോലെ അത്യാഹിതം കൊണ്ടുവരും. 20യഹോവ ഒരിക്കലും അവരോടു ക്ഷമിക്കുകയില്ല; അവിടത്തെ കോപവും തീക്ഷ്ണതയും അവർക്കുനേരേ ജ്വലിക്കും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശാപങ്ങളെല്ലാം അവരുടെമേൽ വരും, ആകാശത്തിനു കീഴിൽനിന്ന് അവരുടെ പേരുകൾ യഹോവ തുടച്ചുനീക്കും. 21ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപനിയമങ്ങൾക്കനുസരിച്ച് അവർക്ക് അത്യാഹിതം വരേണ്ടതിന് യഹോവ ഇസ്രായേലിലെ സകലഗോത്രത്തിൽനിന്നും അവരെ വേർതിരിക്കും.
22നിങ്ങളുടെ കാലശേഷം വരുന്ന തലമുറയിലെ മക്കളും ദൂരദേശത്തുനിന്നു വരുന്ന പ്രവാസികളും ദേശത്തിന്മേൽ വന്ന അത്യാഹിതങ്ങളും ദണ്ഡനത്തിനായി യഹോവ അയച്ച രോഗങ്ങളും കാണും. 23ദേശംമുഴുവനും ഉപ്പും ഗന്ധകവും കത്തുന്ന ദേശമാകും. അവിടെ വിതയും വിളവും ഇല്ലാതെയും ഒന്നും മുളച്ചുവരാതെയും ഇരിക്കും. അവ, യഹോവ തന്റെ ഉഗ്രകോപത്തിൽ മറിച്ചുകളഞ്ഞ സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നീ പട്ടണങ്ങൾപോലെയാകും. 24എല്ലാ ജനതകളും ചോദിക്കും: “യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇപ്രകാരം ചെയ്തത്? എന്തുകൊണ്ടാണ് ഈ ക്രോധാഗ്നി ജ്വലിക്കുന്നത്?”
25അതിന്റെ മറുപടി ഇപ്രകാരമായിരിക്കും: “അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരോടു ചെയ്ത ഉടമ്പടി ഉപേക്ഷിച്ചതുകൊണ്ടാണിത്. 26അവർ അറിഞ്ഞിട്ടില്ലാത്തതും അവർക്കു നൽകപ്പെട്ടിട്ടില്ലാത്തതുമായ അന്യദേവന്മാരെ നമസ്കരിക്കാനും ആരാധിക്കാനും അവർ പോയി. 27അതുകൊണ്ട് യഹോവയുടെ കോപം ദേശത്തിനുനേരേ ജ്വലിച്ചു. അങ്ങനെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലശാപങ്ങളും അതിന്മേൽ വരുത്തി. 28യഹോവ തന്റെ ഉഗ്രകോപത്തിലും മഹാക്രോധത്തിലും അവരെ ദേശത്തുനിന്ന് പിഴുതെടുത്ത് ഇന്നുള്ളതുപോലെ അന്യദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.”
29മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. വെളിപ്പെട്ടിട്ടുള്ള കാര്യങ്ങളോ, നാം ഈ നിയമത്തിന്റെ വചനങ്ങൾ പാലിക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളതാകുന്നു.
Currently Selected:
ആവർത്തനം 29: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.