YouVersion Logo
Search Icon

ആവർത്തനം 27

27
ഏബാൽപർവതത്തിലെ യാഗപീഠം
1ഇതിനുശേഷം മോശയും ഇസ്രായേൽഗോത്രത്തലവന്മാരും ജനത്തോടു കൽപ്പിച്ചു: “ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും പാലിക്കുക. 2നിങ്ങൾ യോർദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് എത്തുമ്പോൾ വലിയ കല്ലുകൾ പടുത്തുയർത്തി അതിൽ കുമ്മായം തേക്കണം. 3നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ഈ നദികടന്നു പ്രവേശിക്കുമ്പോൾ നീ ഈ നിയമത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതണം. 4അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന ഈ കല്ലുകൾ ഏബാൽപർവതത്തിൽ നാട്ടുകയും അവയിൽ കുമ്മായം തേക്കുകയും ചെയ്യണം. 5അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പുകൊണ്ടുള്ള ആയുധം സ്പർശിക്കരുത്. 6ചെത്തിമിനുക്കാത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിത് അതിന്മേൽനിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കണം. 7അവിടെ സമാധാനയാഗങ്ങൾ അർപ്പിച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഭക്ഷിക്കുകയും ആനന്ദിക്കുകയും വേണം. 8നീ ഉയർത്തിയ കല്ലുകളിൽ ഈ നിയമത്തിന്റെ വചനങ്ങൾ വളരെ വ്യക്തമായി എഴുതണം.”
9മോശയും ലേവ്യരായ പുരോഹിതന്മാരും എല്ലാ ഇസ്രായേൽജനത്തോടും ഇപ്രകാരം പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്നു ശ്രവിക്കുക, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു. 10അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന അവിടത്തെ സകലനിയമങ്ങളും ഉത്തരവുകളും പ്രമാണിക്കുകയും വേണം.”
11ആ ദിവസം മോശ വീണ്ടും ജനത്തോടു കൽപ്പിച്ചു:
12നിങ്ങൾ യോർദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കാൻ ഗെരിസീം പർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. 13ശാപം ഉച്ചരിക്കാൻ ഏബാൽപർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
14ലേവ്യർ എല്ലാ ഇസ്രായേല്യരോടും ഇപ്രകാരം ഉറക്കെ വിളിച്ചുപറയണം:
15“ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
16“പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാത്തവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
17“അയൽവാസിയുടെ അതിർത്തിക്കല്ലു നീക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
18“അന്ധരെ വഴിതെറ്റിക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
19“പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
20“പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
21“ഏതെങ്കിലും മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
22“പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ തന്റെ സഹോദരിയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
23“അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
24“അയൽവാസിയെ രഹസ്യമായി കൊല്ലുന്നവർ ശപിക്കപ്പെട്ടവർ”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
25“നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
26“ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണിച്ച് അനുസരിക്കാത്തവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in