ദാനീയേൽ 2
2
നെബൂഖദ്നേസരിന്റെ സ്വപ്നം
1നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. 2അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും#2:2 അഥവാ, കൽദയരെയും വാ. 4,5,10 കാണുക. വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു. 3അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു.
4ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു:#2:4 ഈ വാക്യംമുതൽ ഏഴാം അധ്യായംവരെ അരാമ്യഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.”
5രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും. 6എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു.
7അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.”
8രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. 9നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.”
10ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല. 11തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു.
12ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു. 13അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു.
14അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു. 15രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു. 16ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു.
17പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു. 18അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു. 19ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു. 20അദ്ദേഹം:
“ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;
ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.
21അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു;
അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു.
അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും
വിവേകികൾക്കു വിവേകവും നൽകുന്നു.
22അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;
ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു,
വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.
23എന്റെ പിതാക്കന്മാരുടെ ദൈവമേ,
അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു.
ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു,
രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”
ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു
24പിന്നീട്, ദാനീയേൽ ബാബേലിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട്: “ബാബേലിലെ ജ്ഞാനികളെ വധിക്കരുത്. എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; ഞാൻ രാജാവിനു സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കാം” എന്നു പറഞ്ഞു.
25അര്യോക്ക് തിടുക്കത്തിൽ ദാനീയേലിനെ രാജസന്നിധിയിലെത്തിച്ചിട്ട് രാജാവിനോട്: “രാജാവിനു സ്വപ്നം വ്യാഖ്യാനിച്ചുനൽകാൻ കഴിവുള്ള ഒരുവനെ ഞാൻ യെഹൂദാപ്രവാസികളിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
26രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു.
27ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല. 28എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്:
29“രാജാവേ, പള്ളിമെത്തയിൽ ആയിരുന്നപ്പോൾ ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള ചിന്ത തിരുമനസ്സിലുണ്ടായി. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ അത് അങ്ങയെ അറിയിച്ചുമിരിക്കുന്നു. 30ജീവനോടിരിക്കുന്ന ഏതെങ്കിലും മനുഷ്യനെക്കാൾ അധികം ജ്ഞാനം എന്നിൽ ഉള്ളതുകൊണ്ടല്ല, പിന്നെയോ, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും അങ്ങയുടെ മനസ്സിലുണ്ടായ ചിന്തകൾ അങ്ങ് ഗ്രഹിക്കുന്നതിനുംവേണ്ടിയാണ് ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്.
31“രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു. 32പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും 33കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു. 34അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു. 35അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു.
36“ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം. 37രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു; 38മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ.
39“അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും. 40പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും. 41കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും. 42കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും. 43അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല.
44“ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും. 45പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്:
“ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.”
46അപ്പോൾ നെബൂഖദ്നേസർ രാജാവു സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിന് ഒരു വഴിപാടും സൗരഭ്യധൂപവും അർപ്പിക്കാൻ കൽപ്പനകൊടുത്തു. 47രാജാവു ദാനീയേലിനോട് ഉത്തരം പറഞ്ഞത്: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് നിന്റെ ദൈവം ദേവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആകുന്നു.”
48അതിനുശേഷം രാജാവ് ദാനീയേലിനെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തിനു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ ബാബേൽ പ്രവിശ്യ മുഴുവന്റെയും ഭരണാധിപനാക്കുകയും ബാബേലിലെ എല്ലാ ജ്ഞാനികൾക്കും മേലധികാരിയാക്കുകയും ചെയ്തു. 49മാത്രമല്ല, ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ പ്രവിശ്യയുടെ ഭരണകാര്യങ്ങൾക്കു മേൽവിചാരകരാക്കി; ദാനീയേലോ, രാജകൊട്ടാരത്തിൽ താമസിച്ചു.
Currently Selected:
ദാനീയേൽ 2: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.