YouVersion Logo
Search Icon

അപ്പോ.പ്രവൃത്തികൾ 8

8
1സ്തേഫാനോസിന്റെ വധത്തിന് ശൗലിന്റെയും അംഗീകാരം ഉണ്ടായിരുന്നു.
സഭ പീഡിപ്പിക്കപ്പെടുന്നു
അന്ന്, ജെറുശലേമിലെ സഭയ്ക്കെതിരേ ഒരു കഠിനമായ പീഡനം ഉണ്ടായി. അപ്പൊസ്തലന്മാരൊഴികെ എല്ലാവരും യെഹൂദ്യ, ശമര്യ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. 2ഭക്തരായ ചിലർ സ്തെഫാനൊസിനെ സംസ്കരിച്ചു. അവർ അദ്ദേഹത്തെയോർത്ത് വളരെ വിലപിച്ചു. 3ശൗൽ വീടുതോറും ചെന്നു വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു തടവിലാക്കിക്കൊണ്ടു സഭയെ നശിപ്പിക്കാൻ ഉദ്യമിച്ചു.
ഫിലിപ്പൊസ് ശമര്യയിൽ
4ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു. 5ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. 6ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു. 7ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു. 8അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി.
മന്ത്രവാദിയായ ശിമോൻ
9ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. 10“ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു. 11ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്. 12ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു. 13ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.
14ശമര്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചെന്നു കേട്ടപ്പോൾ ജെറുശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും ശമര്യാക്കാരുടെ അടുത്തേക്കയച്ചു. 15അവർ വന്ന് ശമര്യയിലുള്ള വിശ്വാസികൾ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു. 16പരിശുദ്ധാത്മാവ് അന്നുവരെയും അവരിൽ ആരുടെയുംമേൽ വന്നിട്ടില്ലായിരുന്നു; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിരുന്നതേയുള്ളൂ. 17പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു.
18അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്, 19“ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു.
20“ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ. 21നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല. 22നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും. 23നീ അസൂയ#8:23 മൂ.ഭാ. കയ്‌പ് നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു.
24അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു.
25കർത്താവിന്റെ വചനത്തിനു സാക്ഷ്യംവഹിച്ചു പ്രസംഗിച്ചശേഷം പത്രോസും യോഹന്നാനും ശമര്യയിലെ നിരവധി ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജെറുശലേമിലേക്കു മടങ്ങിപ്പോയി.
ഫിലിപ്പൊസും ഷണ്ഡനും
26കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.” 27അങ്ങനെ അദ്ദേഹം പുറപ്പെട്ടു; വഴിമധ്യേ, “എത്യോപ്യ#8:27 അതായത്, നൈൽനദിയുടെ തെക്കുഭാഗം. രാജ്ഞിയായ” കന്ദക്കയുടെ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഷണ്ഡനെ കണ്ടു. ആ മനുഷ്യൻ ജെറുശലേമിൽ ആരാധിക്കാൻ പോയിട്ടു 28തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു. 29അപ്പോൾ പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞു, “നീ കുറെക്കൂടി അടുത്തുചെന്ന് രഥത്തിനോട് ചേർന്നു നടക്കുക.”
30ഫിലിപ്പൊസ് ഓടി രഥത്തിനടുത്തുചെന്നപ്പോൾ ആ മനുഷ്യൻ യെശയ്യാവിന്റെ പ്രവചനഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതു കേട്ടു. “താങ്കൾ വായിക്കുന്നതു മനസ്സിലാക്കുന്നുണ്ടോ?” ഫിലിപ്പൊസ് ചോദിച്ചു.
31“ആരെങ്കിലും അർഥം വ്യക്തമാക്കിത്തരാതെ എനിക്കെങ്ങനെ മനസ്സിലാകും?” അയാൾ ചോദിച്ചു. രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അയാൾ ഫിലിപ്പൊസിനെ ക്ഷണിച്ചു.
32ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന വേദഭാഗം ഇതായിരുന്നു:
“അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി;
രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന
ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.
33അപമാനിതനായ അവസ്ഥയിൽ നീതി അവിടത്തേക്കു നിഷേധിക്കപ്പെട്ടു:
അവിടത്തെ വരുംതലമുറയെപ്പറ്റി വിവരിക്കാൻ ആർക്കു കഴിയും?
അവിടത്തെ ജീവൻ ഭൂമിയിൽനിന്ന് എടുക്കപ്പെട്ടുവല്ലോ!”#8:33 യെശ. 53:7,8
34ഷണ്ഡൻ ഫിലിപ്പൊസിനോട്, “പ്രവാചകൻ ഇത് ആരെക്കുറിച്ചാണ് പറയുന്നത്? തന്നെക്കുറിച്ചോ അതോ മറ്റാരെയെങ്കിലുംകുറിച്ചോ? ദയവായി പറഞ്ഞുതരണം” എന്നപേക്ഷിച്ചു. 35ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി യേശുവിനെപ്പറ്റിയുള്ള സുവിശേഷം അയാളെ അറിയിച്ചുതുടങ്ങി.
36അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു. 37“താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ സ്നാനമേൽക്കാം” എന്ന് ഫിലിപ്പൊസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു ഷണ്ഡൻ പറഞ്ഞു.#8:37 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല. 38അയാൾ രഥം നിർത്താൻ കൽപ്പിച്ചു. പിന്നെ ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലിറങ്ങി. ഫിലിപ്പൊസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു. 39അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു. 40ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in