YouVersion Logo
Search Icon

2 തെസ്സലോനിക്യർ 2

2
നാശം വിതയ്ക്കുന്നവൻ
1സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോടു വ്യക്തമാക്കുന്നത്. 2കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്. 3ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! 4ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.
5ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നില്ലേ? 6നിയമിക്കപ്പെട്ട സമയത്തുമാത്രം പ്രത്യക്ഷപ്പെടാനായി ഇപ്പോൾ അയാളെ തടഞ്ഞു നിർത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം. 7നിയമരാഹിത്യം ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തനനിരതമാണ്. ഇപ്പോൾ അതിന്റെ പ്രവൃത്തിയെ തടഞ്ഞു നിർത്തുന്ന ആൾ വഴിമധ്യേനിന്നു മാറുമ്പോൾമാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. 8അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും. 9വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. 10തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും. 11ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും. 12അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.
സുസ്ഥിരമായി നിൽക്കുക
13കർത്താവിനു പ്രിയരായ സഹോദരങ്ങളേ, ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തിനു സ്തോത്രം അർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. കാരണം, ആത്മാവിന്റെ വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കുന്ന ആദ്യഫലമായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തു.#2:13 ചി.കൈ.പ്ര. ആരംഭത്തിൽത്തന്നെ ദൈവം നിങ്ങളെ തെരഞ്ഞെടുത്തു. 14ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷത്തിലൂടെ#2:14 മൂ.ഭാ. ഞങ്ങളുടെ സുവിശേഷത്തിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പങ്കാളികളായി വിളിക്കപ്പെടാൻവേണ്ടിയായിരുന്ന് ഈ തെരഞ്ഞെടുപ്പ്.
15അതിനാൽ സഹോദരങ്ങളേ, പ്രഭാഷണത്താലും ലേഖനത്താലും ഞങ്ങൾ നിങ്ങൾക്കു നൽകിയ ഉപദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സുസ്ഥിരരായി നിൽക്കുക.
16സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി 17നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളെ സകലസൽപ്രവൃത്തികളിലും വാക്കുകളിലും ശാക്തീകരിക്കട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in