2 രാജാക്കന്മാർ 22
22
ന്യായപ്രമാണഗ്രന്ഥം കണ്ടുകിട്ടുന്നു
1രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യെദീദാ എന്നായിരുന്നു. അവൾ ബൊസ്കത്തുകാരനായ അദായാവിന്റെ മകൾ ആയിരുന്നു. 2യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ സകലവഴികളിലും ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല.
3തന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം യോശിയാരാജാവ് മെശുല്ലാമിന്റെ പൗത്രനായ അസല്യാവിന്റെ മകനും ലേഖകനുമായ ശാഫാനെ യഹോവയുടെ ആലയത്തിലേക്കയച്ചു. അദ്ദേഹം അയാളോടു കൽപ്പിച്ചു: 4“മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തേക്കു ചെല്ലുക. യഹോവയുടെ ആലയത്തിലേക്കു വന്നതും വാതിൽകാവൽക്കാർ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തതുമായ പണം അദ്ദേഹം കണക്കുനോക്കി ശരിയാക്കിവെക്കട്ടെ. 5അവർ ആ പണം ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ ഏൽപ്പിക്കട്ടെ. അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന തൊഴിലാളികൾക്ക്— 6മരപ്പണിക്കാർക്കും ശില്പികൾക്കും കൽപ്പണിക്കാർക്കും കൂലികൊടുക്കുകയും ദൈവാലയത്തിലെ പണികൾക്കാവശ്യമായ തടിയും ചെത്തിയകല്ലും വാങ്ങുകയും ചെയ്യട്ടെ. 7എന്നാൽ അവർ തങ്ങൾ ഏറ്റുവാങ്ങുന്ന ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കേണ്ടതില്ല; കാരണം അവർ വിശ്വസ്തതയോടെയാണ് പ്രവർത്തിക്കുന്നത്.”
8“യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് മഹാപുരോഹിതനായ ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു. അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു; ശാഫാൻ അതു വായിച്ചു. 9അതിനുശേഷം ലേഖകനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം പുറത്തെടുത്ത് അങ്ങയുടെ സേവകന്മാർ ആലയത്തിലെ പണിക്കാരെയും അവർക്കു മേൽനോട്ടം വഹിക്കുന്നവരെയും ഏൽപ്പിച്ചിട്ടുണ്ട്. 10പുരോഹിതനായ ഹിൽക്കിയാവ് ഒരു ഗ്രന്ഥം എന്നെ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ലേഖകനായ ശാഫാൻ രാജാവിനെ അറിയിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
11ന്യായപ്രമാണഗ്രന്ഥത്തിലെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി. 12അദ്ദേഹം പുരോഹിതനായ ഹിൽക്കിയാവിനും ശാഫാന്റെ മകനായ അഹീക്കാമിനും മീഖായാവിന്റെ മകനായ അക്ബോരിനും ലേഖകനായ ശാഫാനും രാജാവിന്റെ പരിചാരകനായ അസായാവിനും ഈ ഉത്തരവുകൾ നൽകി: 13“എനിക്കുവേണ്ടിയും, ജനത്തിനുവേണ്ടിയും സകല യെഹൂദയ്ക്കുവേണ്ടിയും നിങ്ങൾ ചെല്ലുക. കണ്ടുകിട്ടിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, യഹോവയുടെ ഹിതമെന്തെന്ന് ആരായുക! ഈ ഗ്രന്ഥത്തിലെ വാക്കുകൾ നമ്മുടെ പിതാക്കന്മാർ അനുസരിക്കാതിരുന്നതിനാൽ യഹോവയുടെ കോപം നമുക്കെതിരേ ജ്വലിച്ചിരിക്കുന്നത് വളരെ ഭയങ്കരമായിരിക്കുന്നു; നമ്മെക്കുറിച്ച് ഇതിൽ എഴുതിയിരിക്കുന്നതൊന്നും അവർ അനുസരിച്ചിട്ടില്ലല്ലോ.”
14പുരോഹിതനായ ഹിൽക്കിയാവും അഹീക്കാമും അക്ബോരും ശാഫാനും അസായാവുംകൂടി പ്രവാചികയായ ഹുൽദായോടു സംസാരിക്കാനായി ചെന്നു. അവൾ അർഹസിന്റെ പൗത്രനും തിക്വയുടെ മകനുമായ ശല്ലൂമിന്റെ ഭാര്യയായിരുന്നു. ശല്ലൂം രാജാവിന്റെ വസ്ത്രശേഖരത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു. അവൾ ജെറുശലേമിന്റെ പുതിയഭാഗത്തു താമസിച്ചിരുന്നു.
15അവൾ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുത്തേക്കയച്ച പുരുഷനോടു ചെന്നു പറയുക. 16‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേലും ഇതിലെ നിവാസികളിന്മേലും യെഹൂദാരാജാവു വായിച്ച ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച്, നാശം വരുത്താൻപോകുന്നു. 17കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ കൈകൾ നിർമിച്ച ബിംബങ്ങളെക്കൊണ്ട് എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ സ്ഥലത്തിനെതിരേ എന്റെ കോപം ജ്വലിക്കും; അതു ശമിക്കുകയുമില്ല. 18നീ കേട്ട വചനങ്ങളെ സംബന്ധിച്ച്, ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിക്കുന്നത് ഇതാണ് എന്ന്, യഹോവയുടെഹിതം ആരായുന്നതിനു നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു ചെന്നു പറയുക: 19ഞാൻ ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരായി—അവർ ശാപത്തിനും#22:19 യിര. 29:22 കാണുക. ശൂന്യതയ്ക്കും പാത്രമായിത്തീരുമെന്ന്—അരുളിച്ചെയ്തിട്ടുള്ളതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അനുതപിക്കുകയും നീ തന്നത്താൻ യഹോവയുടെമുമ്പാകെ വിനയപ്പെടുകയും ചെയ്തിരിക്കുന്നു. നീ എന്റെ സന്നിധിയിൽ വിനയപ്പെട്ട് വസ്ത്രംകീറി വിലപിച്ചതിനാൽ ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 20അതിനാൽ ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും, നീ സമാധാനത്തോടെ അടക്കപ്പെടും. ഞാൻ ഈ സ്ഥലത്തിന്മേൽ വരുത്തുന്ന വിപത്തുകളൊന്നും നിന്റെ കണ്ണുകൾ കാണുകയില്ല.’ ”
അങ്ങനെ അവർ മടങ്ങിച്ചെന്ന്, പ്രവാചികയുടെ മറുപടി രാജാവിനെ അറിയിച്ചു.
Currently Selected:
2 രാജാക്കന്മാർ 22: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.