YouVersion Logo
Search Icon

2 രാജാക്കന്മാർ 20

20
ഹിസ്കിയാവിന്റെ രോഗം
1അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.”
2ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു: 3“യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു.
4യെശയ്യാവ് അങ്കണത്തിന്റെ#20:4 ചി.കൈ.പ്ര. പട്ടണത്തിന്റെ പകുതിഭാഗം കടക്കുന്നതിനു മുമ്പായിത്തന്നെ അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാടുണ്ടായി. 5“മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയാവിനോടു പറയുക; ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും. ഇന്നേക്കു മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. 6ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്നെ ഓർത്തും എന്റെ ദാസനായ ദാവീദിനെ ഓർത്തും ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.’ ”
7അതിനുശേഷം യെശയ്യാവ്, “ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കുക,” എന്നു പറഞ്ഞു; അവർ അതുണ്ടാക്കി. അദ്ദേഹം അതു വ്രണത്തിന്മേൽ പുരട്ടി; ഹിസ്കിയാവു സുഖംപ്രാപിച്ചു.
8“യഹോവ എന്നെ സൗഖ്യമാക്കുമെന്നും ഇന്നേക്കു മൂന്നാംദിവസം ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് യെശയ്യാവിനോടു ചോദിച്ചു.
9യെശയ്യാവു മറുപടികൊടുത്തു: “യഹോവ വാഗ്ദാനംചെയ്തത് അവിടന്നു നിറവേറ്റും. ഇതുതന്നെയാണ് യഹോവ അങ്ങേക്കു നൽകുന്ന ചിഹ്നം: പറയൂ, നിഴൽ പത്തുചുവടു മുമ്പോട്ടു പോകണമോ അഥവാ, പത്തുചുവടു പിമ്പോട്ടു പോകണമോ?”
10ഹിസ്കിയാവു പറഞ്ഞു: “നിഴൽ പത്തുചുവടു മുമ്പോട്ടു പോകുന്നത് പ്രയാസമില്ലാത്ത കാര്യം. അതുകൊണ്ട് നിഴൽ പത്തുചുവടു പിമ്പോട്ടു പോകട്ടെ.”
11പിന്നെ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ ആഹാസിന്റെ സൂര്യഘടികാരത്തിൽ മുമ്പോട്ടുപോയിരുന്ന നിഴലിനെ പത്തുചുവട് പിന്നോട്ടു നയിച്ചു.
ബാബേലിൽനിന്നുള്ള രാജദൂതന്മാർ
12അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരം കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു. 13ഹിസ്കിയാവ് ആ സ്ഥാനപതികളെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല.
14അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?”
ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു.”
15“അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു.
ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.”
16അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “യഹോവയുടെ അരുളപ്പാടു കേൾക്കുക: 17നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. 18നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.”
19“എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു.
20ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും നഗരത്തിലേക്കു വെള്ളം കൊണ്ടുവരുന്നതിനായി ജലാശയവും തുരങ്കവും നിർമിച്ച വിധവും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 21ഹിസ്കിയാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ മനശ്ശെ തുടർന്നു രാജാവായി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in